Connect with us

Kerala

തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തുറന്നു; പൂരം വിളംബരമായി

Published

|

Last Updated

തൃശൂര്‍: വിവാദങ്ങള്‍ക്കിടയില്‍ തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നട തള്ളിത്തുറന്നു. ഇതോടെ 36 മണിക്കൂര്‍ നീളുന്ന
തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍.

മനുഷ്യരെയും ആനകളെയും കൊന്നിട്ടുള്ള രാമചന്ദ്രന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അക്രമാസക്തനായേക്കുമെന്നുമുള്ള വിലയിരുത്തലുകളെ തുടര്‍ന്ന് ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി കടുത്ത വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ ആവശ്യ പ്രകാരം കര്‍ശന ഉപാധികളോടെയുള്ള നിര്‍ദേശം അഡ്വക്കേറ്റ് ജനറല്‍ കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്തേക്കു മാത്രം ആനയെ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ചടങ്ങനുസരിച്ച് മണികണ്ഠനാലിന് സമീപത്തെ നിലപാടുതറയില്‍ വച്ച് രാമചന്ദ്രന്‍ തിടമ്പ് കൊമ്പന്‍ ദേവിദാസന് കൈമാറണമെന്ന് നെയ്തലക്കാവ് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷയും നിയമ പ്രശ്‌നങ്ങളും സമയ പരിധിയും മുന്‍നിര്‍ത്തി പോലീസ് ഇതിനെ എതിര്‍ത്തു. ഒരു മണിക്കൂര്‍ മാത്രമാണ് ജില്ലാ ഭരണകൂടം രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് തെക്കേഗോപുര നടയില്‍ നിന്നു തന്നെ തിടമ്പ് രാമചന്ദ്രന്‍ ദേവിദാസന് കൈമാറുകയായിരുന്നു. ശേഷം ദേവിദാസനെ നിലപാടുതറയിലേക്ക് എഴുന്നള്ളിച്ചു.

ആന അപകടം വരുത്തിയാല്‍ ഉത്തരവാദിത്തം ഉടമക്കായിരിക്കും എന്നതുള്‍പ്പടെയുള്ള കര്‍ശന ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിരുന്നത്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം, ആനയെ എഴുന്നള്ളിക്കുന്ന സമയത്ത് ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണം, ആനക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം തുങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

ആനക്ക് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. നാട്ടാന പരിപാലനച്ചട്ടം കര്‍ശനമായി പാലിക്കണം. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിമാരും ആന ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരമൊരു ധാരണ ഉരുത്തിരിഞ്ഞിരുന്നു.

Latest