Connect with us

Articles

ചൈനയിൽ നോമ്പെടുക്കുന്നതിന് വിലക്കുണ്ടോ?

Published

|

Last Updated

കശ്ഗറിലെ ഈദ്ഗാഹ് മസ്ജിദിന് മുന്നിൽ ഉയ്ഗൂർ മുസ്‌ലിംകൾ

ചൈനയിലെ മതത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആഗോളതലത്തിലും ഇങ്ങ് കേരളത്തിലും അതേച്ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കുന്നു. കേരളത്തിൽ ഇടതുപക്ഷത്തെ എതിർക്കുന്നവർ, സംഘ് പരിവാറുകാരായാലും മുസ്‌ലിം ലീഗുകാരായാലും, നിരന്തരം പ്രചരിപ്പിക്കുന്നത് ചൈനയിൽ മതസ്വാതന്ത്ര്യം ഒട്ടുമില്ലെന്നാണ്. കമ്മ്യൂണിസ്റ്റുകൾക്ക് സമ്പൂർണ അധികാരം കൈവന്നാൽ സംഭവിക്കാൻ പോകുന്നതെന്താണെന്ന് കാണാൻ ചൈനയിലേക്ക് നോക്കിയാൽ മതിയെന്നാണ് പ്രചാരണത്തിന്റെ മർമം. ആ കമ്മ്യൂണിസ്റ്റല്ല, ഈ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാലൊന്നും ഒരു രക്ഷയുമില്ല. ആഗോളതലത്തിൽ ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത് അമേരിക്കൻ ചേരിയാണ്. യു എസിനെ വെല്ലുവിളിക്കാൻ ശേഷിയുള്ള സാമ്പത്തിക ശക്തിയായി കുതിക്കുമ്പോൾ ചൈനയെ ഇകഴ്ത്താൻ ഇടക്കിടക്ക് റിപ്പോർട്ടുകൾ പടച്ചുണ്ടാക്കുകയെന്നതാണ് അവരുടെ തന്ത്രം. മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിൽ കൃത്യമായ ഇടവേള വെച്ച് റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കും. ആ റിപ്പോർട്ടുകൾ വായിച്ചാൽ ലഭിക്കുന്ന ചിത്രം ഏറ്റവും കൂടുതൽ അന്തേവാസികളുള്ള തുറന്ന ജയിലിന്റെതാകും. വൻമതിലിനാൽ ചുറ്റപ്പെട്ട ജയിൽ. ചങ്ങലകളാൽ ബന്ധിതനാണ് ഓരോ പൗരനുമെന്ന പ്രതീതിയാണ് വമ്പൻ ഏജൻസികൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ സൃഷ്ടിക്കുക. ആംനസ്റ്റി ഇന്റർനാഷനലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചുമൊക്കെ ഈ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നുവെന്നതാണ് വിചിത്രമായ കാര്യം. ഈ ഏജൻസികളുടെ വിശ്വാസ്യത പ്രൊപ്പഗാന്റയിൽ ഭംഗിയായി ഉപയോഗിക്കുന്നു.

ഈ റിപ്പോർട്ടുകളിലെല്ലാം ഭാഗികമായ വസ്തുതകളുണ്ട്. ഒരു പാട് പർവതീകരണങ്ങളുമുണ്ട്. അധികാര കേന്ദ്രീകരണം നടക്കുന്ന ഏത് രാജ്യത്തിന്റെയും സഹജഭാവമായ കാർക്കശ്യം ചൈനയുടെ രാഷ്ട്രീയ ക്രമത്തിലുടനീളം കാണാം. ഒറ്റക്കുട്ടി നയത്തിൽ അതാണ് കണ്ടത്. ലക്ഷ്യങ്ങൾ നിശ്ചയിക്കുക, അത് നേടിയെടുക്കാൻ പൗരൻമാരെ നിർബന്ധിക്കുക എന്ന ഉത്പാദന തന്ത്രവും ചൈന പയറ്റുന്നു. എതിരാളികളെ നിലംപരിശാക്കാൻ ഏത് തന്ത്രവും ആ രാജ്യം പുറത്തെടുക്കും. പൗരനും ഉദ്യോഗസ്ഥരും പാർട്ടി സംവിധാനവുമെല്ലാം കർശനമായ അച്ചടക്കത്തിന് വിധേയമാകണം. സർവതന്ത്ര സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അവിടെ സാധ്യമല്ല. മഹത്തായ ജനാധിപത്യരാജ്യങ്ങളെന്ന് പേർ കേട്ട അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നത് കണക്കിലെടുക്കുമ്പോൾ ചൈനയിലേതിൽ അത്ഭുതപ്പെടാനില്ല.

മതത്തിലേക്ക് തിരിച്ചു വരാം. ചൈന ഒരു ബഹുമത രാജ്യം തന്നെയാണ്. അവിടെ താവോയിസവും ബുദ്ധിസവും ഇസ്‌ലാമും പ്രൊട്ടസ്റ്റാന്റിസവും കാത്തലിസവും എല്ലാമുണ്ട്. നാടോടി മത സങ്കൽപ്പങ്ങളാണ് ചൈനയുടെ വലിയ സവിശേഷത. നമ്മുടെ നാട്ടിലെ അച്ഛൻ, അമ്മ ദൈവ സങ്കൽപ്പങ്ങൾക്ക് സമാനമാണത്. മുൻ കഴിഞ്ഞു പോയ നേതാക്കൾ, വിജ്ഞൻമാർ ഒക്കെ ആരാധനാമൂർത്തികളായി മാറുന്നു. കൺഫ്യൂഷനിസം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇവക്കെല്ലാം സാമൂഹിക ജീവിതത്തിൽ ആഴത്തിൽ വേരുകളുമുണ്ട്. മതചിഹ്നങ്ങൾക്ക് യാതൊരു വിലക്കും അവിടെയില്ല. എന്നാൽ പൗരൻമാരിൽ നല്ലൊരു ശതമാനവും മതത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കാണുന്നില്ലെന്നത് വസ്തുതയാണ്. ഈയിടെ നടന്ന സർവേകളെല്ലാം അതാണ് കാണിക്കുന്നത്. ഇത്തരം സർവേ ഫലങ്ങളാണ് ചൈനയുടെ മതവിരുദ്ധതക്ക് തെളിവായി ഉപയോഗിക്കാറുള്ളത്.
ഇസ്‌ലാം ചൈനയിലെ ശക്തമായ സാന്നിധ്യമാണ്. കേരളത്തിൽ നിന്ന് ചൈനയിൽ പോയിട്ടുള്ളവരെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞത് ഇവിടെ കേട്ടതൊന്നും സത്യമല്ലെന്നാണ്. പ്രശസ്ത കളിയെഴുത്തുകാരൻ കമാൽ വരദൂർ ബീജിംഗ് ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ വാചാലനായത് ചൈനയിലെ പള്ളികളെക്കുറിച്ചായിരുന്നു. 20,000 പള്ളികൾ ചൈനയിലുണ്ടെന്നാണ് കണക്ക്. ഹലാൽ കടകൾ അവിടെയുണ്ട്. ഇസ്‌ലാമിക് സെന്ററുകളുണ്ട്. തെരുവുകളിൽ ഇസ്‌ലാമിക വേഷം ധരിക്കുന്നതിനോ മതപരമായ ആചാരങ്ങൾക്കോ ഒരു വിലക്കും അവിടെയില്ല.

ഇത്രയും വായിച്ചു കഴിയുമ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും. സിൻജിയാംഗിലും ഇത് തന്നെയാണോ സ്ഥിതി? ചൈനയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള, പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണ് സിൻജിയാംഗ്. ഇവിടുത്തെ കശ്ഗർ പോലുള്ള പട്ടണങ്ങൾ അക്ഷരാർഥത്തിൽ മുസ്‌ലിം കേന്ദ്രങ്ങളാണ്. ഇവിടെയാണ് തൊഴിൽ പരിശീലന കേന്ദ്രങ്ങളെന്ന് ചൈനയും കോൺസൻട്രേഷൻ ക്യാമ്പുകളെന്ന് പുറത്തുള്ളവരും പറയുന്ന സംവിധാനമുള്ളത്. ഈ പ്രവിശ്യയിലാണ് റമസാനിൽ വിചിത്രമായ സർക്കുലറുകൾ ഇറങ്ങാറുള്ളത്. മതപരമായ ആവിഷ്‌കാരങ്ങൾക്ക് മേൽ ചൈനയിൽ മറ്റൊരിടത്തും ഇല്ലാത്ത ഭരണകൂട നിഷ്‌കർഷകൾ വരാറുള്ളത് ഈ പ്രവിശ്യയിലാണ്. ഇവിടുത്തെ പള്ളികളും മതപാഠശാലകളും കർശനമായ നിരീക്ഷണത്തിന്റെ നിഴലിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രവിശ്യയിലെ മുസ്‌ലിംകളുടെ നോമ്പിനെയും നിസ്‌കാരത്തെയും ഖുർആൻ പാരായണത്തെയുമെല്ലാം ഭരണകൂടം സംശയത്തോടെ കാണുകയും വിഘടനവാദവുമായും തീവ്രവാദവുമായും അതിനെ കൂട്ടിക്കെട്ടുകയും ചെയ്യുന്നുവെന്നതാണ് അടിസ്ഥാന പ്രശ്‌നം.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? സിൻജിയാംഗിന്റെ സവിശേഷമായ ചരിത്രത്തിൽ ഇതിന്റെ ഉത്തരമുണ്ട്. 16 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന തെക്കുകിഴക്കൻ പ്രവിശ്യയാണ് സിൻജിയാംഗ്. ഉയ്ഗൂർ വംശജരാണ് ഇവിടുത്തെ മുസ്‌ലിംകൾ. സിൻജിയാംഗ് ഉയ്ഗൂർ സ്വയംഭരണ മേഖലയെന്നാണ് ഔദ്യോഗിക നാമം. ടിബറ്റ്, ഇന്ത്യയിലെ ലേ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയവയാണ് ഈ മേഖലയുടെ അതിർത്തി. സുന്നി, സൂഫി പാരമ്പര്യമുള്ള ഇവർ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യം പേറുന്നവരാണ്. ഈ ജനപഥത്തിന് പ്രത്യേക രാഷ്ട്രമാകാനുള്ള എല്ലാ സവിശേഷതകളുമുണ്ട്. രാജഭരണത്തിനൊടുവിൽ സോവിയറ്റ് യൂനിയന്റെയും ചൈനയുടെയും അധിനിവേശങ്ങൾക്ക് കീഴ്‌പ്പെടേണ്ടി വന്നുവെന്നതാണ് ചരിത്രം മാറ്റിയെഴുതിയത്. 1949ലാണ് സിൻജിയാംഗ് ഔപചാരികമായി ചൈനയോട് ചേർക്കപ്പെടുന്നത്. സ്വയംഭരണ പദവി നൽകിയെന്നായിരുന്നു ചൈനയുടെ അവകാശവാദം. ഈ കൂട്ടിച്ചേർക്കലിൽ അതൃപ്തരായ ഒരു സംഘം ഉയ്ഗൂറുകൾ ചെറിയ നിലയിലുള്ള പ്രതിഷേധമുയർത്തിയെങ്കിലും വിഫലമായി. പുറത്തു നിന്നുള്ള സംഘടനകൾ സിൻജിയാംഗിൽ ഇടപെടാൻ ഇത് വഴിയൊരുക്കി. തികച്ചും സമാധാനപ്രിയരായ ഉയ്ഗൂറുകൾക്കിടയിൽ തീവ്രവാദ പ്രവണതകൾ ഉയർന്നുവരാൻ തുടങ്ങി. പാക് ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള പാക് ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിച്ചു.

ഉയ്ഗൂർ മുസ്‌ലിംകളുടെ ദേശക്കൂറിൽ സംശയം പ്രഖ്യാപിച്ച ചൈനീസ് ഭരണകൂടം 1950കളിൽ ചൈനീസ് വംശജരായ ഹാൻ വിഭാഗത്തെ അവിടേക്ക് കടത്തിവിടാൻ തുടങ്ങി. ഒരു തരം ആഭ്യന്തര അധിനിവേശം. സിൻജിയാംഗിലെ ഫലഭൂയിഷ്ടമായ മണ്ണിൽ ഹാൻ വംശജർ കൃഷിയിറക്കി. മുൻ സൈനികരെയും അവരുടെ കുടുംബങ്ങളെയും സർക്കാർ ശമ്പളം നൽകി സിൻജിയാംഗിൽ കുടിയിരുത്തുകയായിരുന്നു. പ്രവിശ്യയുടെ സാമൂഹിക പശ്ചാത്തലത്തിൽ ഹാൻ വംശജർ കടന്നുകയറി. സർക്കാർ സംരക്ഷണത്തിന്റെ ഹുങ്കിൽ അവർ ഉയ്ഗൂറുകളെ ആക്രമിച്ചു. അവരെ സ്വാഭാവിക തൊഴിൽ മേഖലകളിൽ നിന്ന് പിഴുതെറിഞ്ഞു. സ്വന്തം വീട്ടിൽ അന്യരാകുന്ന ദുരവസ്ഥയിലായി ഉയ്ഗൂറുകൾ. ഏറ്റുമുട്ടൽ നിത്യസംഭവമായി. ചിലർ നഗരങ്ങളിലേക്ക് പലായനം ചെയ്തു. ഉയ്ഗൂറുകൾക്കിടയിൽ അമർഷം പുകഞ്ഞു. ചൈനയിൽ നിന്ന് പുറത്തു കടന്ന ഉയ്ഗൂർ യുവാക്കൾ സർക്കാർ നയത്തെ രൂക്ഷമായി വിമർശിച്ചു. ഈ വിമർശനങ്ങൾ സിൻജിയാംഗിലെ മുസ്‌ലിംകളെ കൂടുതൽ അന്യവത്കരിക്കാനേ ഉപകരിച്ചുള്ളൂ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയ്ഗൂറുകളെ കൂടുതൽ ഭയപ്പെട്ടു. ബീജിംഗിലും കുൻമിംഗിലും മറ്റും നടന്ന കത്തിയാക്രമണങ്ങളും ചെറു സ്‌ഫോടനങ്ങളും കടുത്ത നടപടികളിലേക്ക് പോകാൻ സർക്കാറിനെ പ്രേരിപ്പിച്ചു. മതപരമായ സംഘം ചേരലും ആചാരാനുഷ്ഠാനങ്ങളുമാണ് പ്രശ്‌നമെന്ന അബദ്ധ ധാരണയിലാണ് പാർട്ടി നേതാക്കൾ (സർക്കാർ ഉദ്യോഗസ്ഥർ) എത്തിച്ചേർന്നത്. അങ്ങനെയാണ് സിൻജിയാംഗിൽ തീവ്രവാദം ആരോപിച്ച് പിടികൂടുന്നവരെ പാർപ്പിക്കാൻ തുറന്ന ജയിൽ പണിയാനും കർശന വ്യവസ്ഥകളടങ്ങിയ സർക്കുലറുകൾ ഇറങ്ങാനും തുടങ്ങിയത്.

റമസാനിൽ ഇറങ്ങിയ സർക്കുലർ വിചിത്രമായിരുന്നു. ആരും നോമ്പെടുക്കരുതെന്നാണ് സർക്കാറിന്റെ നിർദേശം. നിർബന്ധമാണെങ്കിൽ ഉച്ചവരെയാകാമത്രേ. ആഭ്യന്തര സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പുമെല്ലാം ചേർന്നാണ് നിരോധം നടപ്പാക്കാൻ ഒരുമ്പെടുന്നത്. നോമ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധവത്കരണത്തിലാണ് ആരോഗ്യവകുപ്പ്. വ്രതം വരുത്തുന്ന രോഗങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നു അവർ. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ “ബോധവത്കരണം”. മുഴുവൻ ഹലാൽ റെസ്റ്റോറന്റുകളും പകൽ തുറന്ന് പ്രവർത്തിച്ചു കൊള്ളണം.

ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കും. സർക്കാർ ഉദ്യോഗസ്ഥർ നോമ്പെടുത്തെന്ന് തെളിഞ്ഞാൽ പണി പോകും. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ മുസ്‌ലിംകൾക്ക് കർശന നിർദേശമുണ്ട്. മുസ്‌ലിംകൾ നടത്തുന്ന കടകളിൽ പതിവു പോലെ സിഗരറ്റും മറ്റ് പുകയില, ലഹരി ഉത്പന്നങ്ങളും വിൽക്കണം. ഖുർആൻ പാരായണ പരിശീലന ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കരുത്. മദ്‌റസകൾ തുറക്കരുത്. പള്ളികളിൽ സംഘ പ്രാർഥനകൾ നടത്തരുത്. ഉദ്‌ബോധന പ്രസംഗങ്ങൾ കർശനമായ പരിശോധനക്ക് വിധേയമാക്കും. സർക്കാറിന്റെ പരിശോധന പൂർത്തിയായ മുസ്ഹഫ് മാത്രമേ പ്രവിശ്യയിൽ ഉപയോഗിക്കാവൂ. മതസാഹിത്യങ്ങൾ കർശന സെൻസർഷിപ്പിന് വിധേയമാക്കണം. ഇങ്ങനെ പോകുന്നു വിഡ്ഢിത്തങ്ങൾ.
ചൈനീസ് അധികാരികൾ ഉയ്ഗൂർ മുസ്‌ലിംകളുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വം അംഗീകരിക്കുക തന്നെയാണ് യഥാർഥ പോംവഴി. അങ്ങനെ വരുമ്പോൾ ഒരു തീവ്രവാദ പ്രവണതയും മേഖലയിലേക്ക് കടന്നു വരില്ല. പാക് ജമാഅത്തെ ഇസ്‌ലാമിക്ക് ഉയ്ഗൂർ യുവാക്കളെ ചുടുചോറ് വാരിക്കാനുമാകില്ല. മതമല്ല, മതവ്യതിചലനമാണ് തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കമ്മ്യൂണിസ്റ്റുകൾ മനസ്സിലാക്കണം. അല്ലെങ്കിൽ മതസ്വാതന്ത്ര്യത്തിന്റെ ശവപ്പറമ്പെന്ന മുദ്ര ചൈനക്ക് മേൽ മായാതെ കിടക്കും.

മുസ്തഫ പി എറയ്ക്കൽ

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്