Connect with us

International

അഫ്ഗാന്‍ പാര്‍ലിമെന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് മിന മംഗല്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ പാര്‍ലിമെന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ മിന മംഗലിനെ കാബൂളില്‍ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 7.30ന് മിന മംഗല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി പോകുമ്പോഴാണ് സംഭവമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അക്രമികള്‍ കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് നുസ്‌റത്ത് റാഹിമി പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കാബൂളില്‍ സജീവമായ ഐസില്‍, ഐസിസ് ഭീകര ഗ്രൂപ്പുകള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പതിവായി അക്രമങ്ങള്‍ നടത്താറുണ്ട്. ഈ ഗ്രൂപ്പുകളില്‍ പെട്ടവരാണോ അല്ലെങ്കില്‍ വ്യക്തി വിദ്വേഷമുള്ള മറ്റാരെങ്കിലുമാണോ കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ലെന്ന് കാബൂള്‍ പോലീസ് പറഞ്ഞു.

നേരത്തെ ടെലിവിഷന്‍ അവതാരകയായിരുന്ന മിന മംഗല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ പാര്‍ലിമെന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവായി മാറുകയായിരുന്നു. തനിക്ക് വധ ഭീഷണികള്‍ ലഭിച്ചതായി കഴിഞ്ഞാഴ്ച ഫേസ് ബുക്ക് പോസ്റ്റില്‍ മിന പറഞ്ഞിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

Latest