Connect with us

Ramzan

ഖുർആൻ പാരായണത്തിന്റെ രീതിശാസ്ത്രം

Published

|

Last Updated

ഉസ്താദേ ഇവിടെ എങ്ങനെയാണ് ഓതേണ്ടത് ? ളുഹ്‌റ് നിസ്‌കാരം കഴിഞ്ഞ് ഖുർആൻ ഓതാനിരുന്നപ്പോൾ അടുത്തുവന്ന് ഒരു ചെറുപ്പക്കാരന്റെ ചോദ്യം. ഞാൻ ഓതിക്കൊടുത്തു. അവന് സന്തോഷമായി.

നിരവധി ആളുകൾ പള്ളിയുടെ പല ഭാഗത്തായി ഇരുന്നു ഓതുന്നു. അവരിൽ ഒരാൾ വന്ന് സംശയം ചോദിച്ചത് വല്ലാത്ത സന്തോഷമുളവാക്കി. ഞാൻ അവനോട് ചില കാര്യങ്ങൾ അന്വേഷിച്ചു. മദ്‌റസ എത്രവരെ പഠിച്ചു. ഖുർആൻ പാരായണവും തജ്‌വീദുമൊക്കെ പഠിച്ചിരുന്നോ. പഠിച്ചിരുന്നു പക്ഷേ അതൊന്നും വേണ്ട വിധം ആയില്ല. പിന്നെ ആ പ്രായത്തിലല്ലേ, പരീക്ഷക്ക് വേണ്ടി പഠിച്ച് തീർത്തു അത്രതന്നെ. ഇപ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നത്. മരണ വീട്ടിൽ ചെന്നാലും പള്ളിയിൽ വന്നാലുമൊക്കെ ശരിയായ തജ്‌വീദ് നിയമപ്രകാരം ഓതാൻ കഴിയാത്തത് വലിയ വിഷമമാണ്. അവൻ സങ്കടത്തോടെ പറഞ്ഞു.

ഖുർആൻ പരായണത്തിന് രീതി ശാസ്ത്രമുണ്ട്. “തജ്‌വീദ്”. തജ്‌വീദ് നിയമങ്ങൾ അനുസരിച്ചാണ് ഖുർആൻ ഓതേണ്ടത്. അക്ഷരക്കൂട്ടങ്ങളെ മാത്രമല്ല അല്ലാഹു നബി (സ) നൽകിയിട്ടുള്ളത്. പാരായണത്തിന്റെ കൃത്യമായ രീതിയും ശൈലിയും നൽകിയിട്ടുണ്ട്. ജിബ്‌രീൽ (അ) നബി (സ)ക്ക് സമയത്തിനും സന്ദർഭത്തിനുമനുസരിച്ച് ഓതിക്കൊടുത്തതാണ് ഖുർആൻ. അത് നബി (സ) അനുചരന്മാർക്കും ഓതിക്കൊടുത്തു. അവർ പിൻഗാമികൾക്ക് ഓതിക്കൊടുത്തു. ഇങ്ങനെ ഖുർആൻ പാരായണത്തിന് തുടർച്ചയായി വരുന്ന ഒരു ശൈലിയും നിയമങ്ങളുമുണ്ട്. അതനുസരിച്ചാണ് പാരായണം ചെയ്യേണ്ടത്. നബി(സ്വ) പറഞ്ഞു: “ഖുർആൻ ഓതുന്ന ചില ആളുകളുണ്ട്. ഖുർആൻ അവരെ ശപിച്ചുകൊണ്ടേയിരിക്കുന്നു. തജ്‌വീദ് ശ്രദ്ധിക്കാതെ ഖുർആൻ പാരായണം ചെയ്യുന്നത് കുറ്റകരവും ഖുർആനിന്റെ ശാപം കിട്ടാൻ കാരണവുമാകുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. സ്വരമാധുര്യത്തോടെ ഖുർആൻ ഓതലും അത്തരക്കാരെക്കൊണ്ട് ഓതിപ്പിക്കലും അത് കേൾക്കലും സുന്നത്താണ്.

തജ്‌വീദിന്റെ നിയമങ്ങൾ പഠിക്കണം. അതിനായി അവസരങ്ങൾ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും വേണം. നബി (സ) പറഞ്ഞു: ഖുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് നിങ്ങളിൽ ഏറ്റവും ഉത്തമർ. പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും വലിയ പ്രതിഫലമാണ് ലഭിക്കുന്നത്. അതിന് പ്രായ വ്യത്യാസങ്ങളില്ല. പഠിച്ച കാര്യങ്ങൾ മറക്കാതിരിക്കണമെങ്കിൽ ജീവിതത്തിൽ പ്രയോഗവത്കവത്കരിക്കണം. ഖുർആനിനെ റമസാനിലെ ഒരു വാർഷികപ്പതിപ്പായിക്കണ്ടാൽ പഠിച്ച കാര്യങ്ങൾ കൈവിട്ട് പോകും. ഒരു ഹദീസിൽ ഇങ്ങനെ പഠിപ്പിക്കുന്നു: കയറിൽ ബന്ധിച്ച ഒട്ടകത്തെ വേണ്ടത് പോലെ ഗൗനിച്ചാൽ അതിനെ പിടിച്ചു നിർത്താം. കെട്ടഴിച്ച് വിട്ടാൽ അത് അതിന്റെ വഴിക്ക് പോകും. ദൈനംദിനം ഓതേണ്ട സൂറത്തുകൾ മനഃപാഠമാക്കുകയും പതിവാക്കുകയും വേണം. അതുകൊണ്ടുള്ള പ്രത്യേക നേട്ടങ്ങൾ കൈവരിക്കാനും തജ്‌വീദിന്റെ നിയമങ്ങൾ മറക്കാതിരിക്കാനും അതുപകരിക്കും.

അല്ലാഹുവിന്റെ കലാമാണെന്ന ബോധ്യത്തോടെ വേണം ഖുർആൻ ഓതാൻ. ഖുർആനിനെ ആദരിക്കലും ബഹുമാനിക്കലും മുസ്‌ലിമിന്റെ കടമയാണ്. പല വീടുകളിലും അലക്ഷ്യമായി മറ്റു പുസ്തകങ്ങൾ വെക്കുന്നത് പോലെ ഖുർആനും വെക്കുന്നത് കണ്ടിട്ടുണ്ട്. ഇത് അല്ലാഹുവിന്റെ കലാമിനോടുള്ള അനാദരവാണ്. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് അത് തടസ്സമാകും. ഖുർആൻ തൊടുന്നതിന് വുളൂഅ് നിർബന്ധമാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച്, വൃത്തിയുള്ള സ്ഥലത്ത് ഖിബ്‌ലക്ക് തിരിഞ്ഞ് കൊണ്ടാണ് ഓതേണ്ടത്. നല്ല ഉദ്ദേശ്യത്തോടെ വേണം ഖുർആർ പാരായണം ചെയ്യാൻ. മറ്റുള്ളവർ കാണുന്നതിന് വേണ്ടിയോ പ്രശംസിക്കുന്നതിന് വേണ്ടിയോ ഉള്ള പാരായണത്തിന് പ്രതിഫലമുണ്ടാകില്ല. ഇഹത്തിലും പരത്തിലും ഗുണം പ്രതീക്ഷിച്ചുള്ള ഓത്തിന് വലിയ പ്രതിഫലമുണ്ട്.

സബ് എഡിറ്റർ, സിറാജ്