ലോക്‌സഭാ സീറ്റിനായി കെജരിവാളിന് ആറ് കോടി നല്‍കിയെന്ന് എഎപി സ്ഥാനാര്‍ഥിയുടെ മകന്‍

Posted on: May 11, 2019 7:05 pm | Last updated: May 12, 2019 at 9:39 am

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിനെതിരെ ഗുരുതര ആരോപണവുമായി എഎപി സ്ഥാനാര്‍ഥിയുടെ മകന്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാന്‍ ആറു കോടി രൂപ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നല്‍കിയെന്ന ആരോപണവുമായി സ്ഥാനാര്‍ഥിയുടെ മകന്‍ രംഗത്തെത്തിയിരിക്കുന്നത്. എഎപിയുടെ വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ് ജകറിന്റെ മകന്‍ ഉദയ് ആണ് കെജരിവാളിനെതിരെ രംഗത്തെത്തിയത്. സീറ്റിന് വേണ്ടി ആറ് കോടി രൂപ കെജരിവാളിന് നല്‍കിയെന്ന് തന്റെ പിതാവ് പറഞ്ഞതായി ഉദയ് പറഞ്ഞു. ഇത് സംബന്ധിച്ച് തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഉദയ് അവകാശപ്പെട്ടു.മൂന്നുമാസം മുമ്പാണു പിതാവ് എഎപിയില്‍ ചേര്‍ന്നത്. അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കാളിയല്ലാതിരുന്നിട്ടും എങ്ങനെയാണു തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത്? സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതനായ സജ്ജന്‍ കുമാറിനെ ജാമ്യം ലഭിക്കുന്നതിന് തന്റെ പിതാവ് വലിയ തുക നല്‍കി. വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോള്‍ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം കെജരിവാളിന് കൊടുത്തതായി അറിഞ്ഞത്.

അതേ സമയം മകന്റെ ആരോപണങ്ങള്‍ ബല്‍ബീര്‍ സിങ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം ഭാര്യ്‌ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യക്കാണ്. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളൂ. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബല്‍ബീര്‍ പ്രതികരിച്ചു.