Connect with us

Ramzan

ആത്മീയയും അറിവും പകര്‍ന്ന് റമസാന്‍ പ്രഭാഷണങ്ങള്‍ സജീവം

Published

|

Last Updated

കോട്ടക്കല്‍: വിജ്ഞാനങ്ങളുടെ ചെപ്പ് തുറന്ന് പള്ളികളിലെ പഠനവേദികള്‍ സജീവമാകുന്നു. പോയകാലത്തെ പാതിരാ പ്രസംഗങ്ങളുടെ അനുസ്മരണം കൂടിയാകുകയാണ് പുതിയകാലത്തെ പള്ളിപ്രസംഗങ്ങള്‍.
ളുഹ്‌റ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന മതപ്രഭാഷണ പരിപാടികള്‍ ഏറെ ജനകീയമാകുകയാണിപ്പോള്‍. സാധരണക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന പ്രഭാഷണങ്ങള്‍ അറിവിന്റെ കവാടങ്ങളാണ് ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടുന്നത്. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ആവേശത്തോടെ പങ്കെടുക്കുന്ന മതപ്രഭാഷണ പരിപാടി ഒട്ടുമിക്ക മഹല്ലുകളിലും ഏറെ സജീവമാണ്. ഒന്നിന്ന് തുടങ്ങി റമസാന്‍ അവസാന ദിവസം വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്.

വേറിട്ടതും വ്യത്യസ്തവുമായ വിഷയങ്ങള്‍ക്ക് പുറമേ ആനുകാലിക സംഭവങ്ങളില്‍ മതത്തിന്റെ കാഴ്ച്ചപ്പാടുകള്‍ വരെ തലനാരിഴ കീറി ചര്‍ച്ചക്ക് വെക്കുന്നുണ്ട് ഓരോ ക്ലാസുകളും. ആസൂത്രിതമായി ചിട്ടപ്പെടുത്തിയ വിഷയങ്ങളിലാണ് പ്രഭാഷണ പരിപാടികള്‍ പുരോഗമിക്കുന്നത്. കനപ്പെട്ട അറിവുകള്‍ ലഭിക്കുന്നതിനാല്‍ നിരവധി പേര്‍ നോമ്പ് കാലത്തെ പകല്‍ പ്രസംഗങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. പലരുടെയും മതപരവും ആത്മീയവുമായ പുരോഗതിക്ക് ഇത്തരം പ്രസംഗങ്ങള്‍ കാരണമാകുകയാണ്. കേരള മുസ്്‌ലിം ജമാഅത്തിന്റെയും കീഴ്ഘടകങ്ങളുടെയും നിയന്ത്രണത്തിലും പ്രഭാഷണങ്ങള്‍ നടന്നു വരുന്നുണ്ട്. പ്രഗത്ഭരും ചിന്തകരുമായ പണ്ഡിതര്‍ തയ്യാറാക്കിയ വിഷയങ്ങളാണ് ഇത്തരം വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രസിദ്ധ പണ്ഡിതര്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഏറെ ഗുണകരമാകുന്നുമുണ്ട് ഇവ. ഇതിന് പുറമെ സ്തീകള്‍ക്കായി മദ്‌റസകള്‍ കേന്ദ്രീകരിച്ചും മറ്റും മത പ്രാഭാഷണ വേദികള്‍ സജീവമായി. കര്‍മശാസ്ത്ര വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന മതപ്രഭാഷണങ്ങള്‍ വിശ്വാസികളുടെ ആരാധനകളെ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ഉപകരിക്കുന്നവ കൂടിയാണ്. ആത്മീയതയും അറിവും പകരുകയാണ് പ്രഭാഷണ വേദികള്‍.