അജീർ അറിഞ്ഞില്ല; ഈ മത്സ്യം ലോകത്തോളമുണ്ടെന്ന്

Posted on: May 11, 2019 2:19 pm | Last updated: May 11, 2019 at 2:19 pm


വേങ്ങര: പതിവ് പോലെ പാടത്തു നിന്ന് പിടിച്ച മീനിൽ തോന്നിയ കൗതുകം സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചപ്പോഴും അജീർ അറിഞ്ഞില്ല ഈ മത്സ്യം ലോകത്തോളമുണ്ടെന്ന്. ഭൂഗർഭ വരാലിനെ കണ്ടെത്തിയത് താനാണെന്നറിഞ്ഞ സന്തോഷത്തിലാണ് ഊരകം യാറം പടി കുന്നത്തൊടി മൊയ്തീന്റെ മകൻ അജീർ(25).

കഴിഞ്ഞ ആഗസ്റ്റ് അവസാനമാണ് ഭൂഗർഭ വരാലിനെ ലഭിച്ചത്. മീൻ പിടിത്തത്തിൽ തത്പരനായിരുന്നത് കൊണ്ട് പ്രളയം വന്നിറങ്ങിയ ഭാഗങ്ങളിൽ മീൻ തേടി പോയിരുന്നു. ഊരകം മേൽമുറി പാടശേഖരത്തിലെ മൂന്നാംപടിയിൽ ഉഴുതുമറിക്കുകയായിരുന്ന കണ്ടത്തിലും അജീറും കൂട്ടുകാരുമെത്തി. പ്രളയത്തെ തുടർന്ന് ധാരാളം മീനുകളെ പിടിക്കാൻ കഴിയുമെന്ന് കരുതിയ ഇവർക്ക് പാടത്തുനിന്ന് കിട്ടിയ മീനുകളിൽ ഏറെ വ്യത്യസ്തത തോന്നിയ രണ്ടെണ്ണമുണ്ടായിരുന്നു. ഇവയെ ജീവനോടെ തന്നെ പ്രത്യേക ഗ്ലാസ് ടാങ്കറിലേക്ക് മാറ്റി. പടമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഈ മീനിനെ കുറിച്ച് പുറം ലോകമറിഞ്ഞു.

ഷെയറുകൾ കൂടിയപ്പോൾ കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അധികൃതർ ശ്രദ്ധിച്ചു. അവർ അജീറുമായി ബന്ധപ്പെട്ടു. രണ്ട് ദിവസത്തിനകം തന്നെ ഗവേഷണ വിദ്യാർഥിയായ വി കെ അനൂപ് ഊരകത്തെ അജീറിന്റെ വീട്ടിലെത്തി രണ്ട് മീനുകളേയും കൊണ്ടുപോയി.
കുഫോസിൽ ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള പഠനഗവേഷണത്തിലൂടെയാണ് ഭൂഗർഭ വരാൽ ആണെന്ന് തിരിച്ചറിയുന്നത്. ഊരകം യാറംപടിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയാണ് അജീർ.