Connect with us

Editorial

പാലാരിവട്ടം അഴിമതിപ്പാലം

Published

|

Last Updated

പാലാരിവട്ടം മേല്‍പ്പാലം കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും അഴിമതിയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ഉദ്ഘാടനം നടന്ന് മൂന്ന് വര്‍ഷം തികയും മുമ്പേ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയിലാണ് പാലം. കേടുപാടുകള്‍ നീക്കുകയല്ല, പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറയുന്നത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തന്നെയാണ്. പാലം അടച്ചതോടെ കൊച്ചിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പൊടിയും ചൂടും നിറഞ്ഞ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് അത്യന്തം ദുരിതപൂര്‍ണമാണ്. നല്ല നാളേക്ക് അല്‍പ്പം സഹിക്കാമെന്ന പതിവ് വാചകം പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ചേരില്ല. നിര്‍മാണ കാലത്ത് ജനം സഹിച്ചതാണ്. പുതുമോടി മാറും മുമ്പേ ഇനിയും സഹിക്കണമെന്ന് പറയുന്നത് എത്ര കഷ്ടമാണ്. കൊച്ചിക്കാരുടെ മാത്രം പ്രശ്‌നമല്ല അത്. തെക്കേയറ്റത്ത് നിന്ന് വടക്കോട്ട് റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന എല്ലാവരും ദുരിതം അനുഭവിക്കുകയാണ്.

47.7 കോടി രൂപ ചെലവിട്ടാണ് പാലം പണിതത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. താരതമ്യേന വലിപ്പം കൂടിയ ഇടപ്പള്ളി പാലം 39 കോടിക്കാണ് പണി തീര്‍ത്തത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനായിരുന്നു ചുമതല.

പാലാരിവട്ടത്തിന്റെ കണ്‍സള്‍ട്ടന്റ് കിറ്റ്‌കോയായിരുന്നു. കറാറുകാര്‍ കൊച്ചിയിലെ ആര്‍ ഡി എസ് പ്രൊജക്ടും. രൂപകല്‍പ്പന മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ തലങ്ങളിലും ക്രമക്കേട് നടന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചെലവ് കുറക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിര്‍മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പാലത്തിന് ആറിടത്ത് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മദ്രാസ് ഐ ഐ ടി നടത്തിയ പഠനം പാലത്തിന്റെ ഉറപ്പ് സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ പങ്കുവെക്കുന്നുമുണ്ട്. പാലത്തിന്റെ സ്പാനുകള്‍ യോജിപ്പിക്കാന്‍ സ്വീകരിച്ചത് പൂര്‍ണമായി വിജയിക്കാതെ പോയ സാങ്കേതിക വിദ്യയാണെന്ന ആക്ഷേപം ശക്തമാണ്. മൂന്നംഗ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണി മൂന്ന് മാസമെങ്കിലും നീളും. ഒന്ന് പരിഹരിക്കുമ്പോള്‍ മറ്റൊരു പ്രശ്‌നം ശ്രദ്ധയില്‍ വരുന്ന നിലയാണ് ഇപ്പോഴുള്ളത്.

ഏതായാലും സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. നിര്‍മാണത്തിലെ വീഴ്ചകളാണ് തത്കാലം അന്വേഷിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഈ വീഴ്ചകള്‍ക്ക് പിന്നില്‍ അഴിമതിയുണ്ടോ എന്ന് പരിശോധിക്കും. തീര്‍ച്ചയായും ആ ഘട്ടത്തിലേക്ക് ഈ അന്വേഷണം നീങ്ങേണ്ടിയിരിക്കുന്നു. ക്രിമിനല്‍ ഗൂഢാലോചന കണ്ടെത്താന്‍ കേസെടുക്കേണ്ടി വരും. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മറുപടി പറയേണ്ടി വരും. തത്കാലം അവര്‍ ഇന്റേണല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കരാറുകാരുടെ പരിചയക്കുറവും പരിശോധിക്കപ്പെടേണ്ടതാണ്. കരാറുകാരന് നേട്ടമുണ്ടാക്കാനാണോ നിര്‍മാണത്തില്‍ അലംഭാവം കാട്ടിയതെന്ന് അന്വേഷണത്തില്‍ തെളിയേണ്ടിയിരിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ് പി. കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പാലത്തില്‍ സന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്തിക്കഴിഞ്ഞു. സാങ്കേതിക വിദഗ്ധര്‍ക്കൊപ്പമായിരുന്നു വിജിലന്‍സ് സംഘം പാലത്തിലെത്തിയത്. വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ യൂനിറ്റ് ഡി വൈ എസ് പി. ആര്‍ അശോക് കുമാറിനാണ് ചുമതല. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ പരിശോധിച്ച് തെളിവ് ശേഖരിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും സര്‍ക്കാറിന് ഉണ്ടായിട്ടുള്ള നഷ്ടം ഇവരില്‍ നിന്ന് ഈടാക്കുകയും വേണം. മനുഷ്യരുടെ ജീവന്‍ വെച്ച് പന്താടുന്ന ഇത്തരം വിദഗ്ധരെയും ഉദ്യോഗസ്ഥരെയും കരാറുകാരെയും വെച്ചു പൊറുപ്പിക്കാനാകില്ല. പഞ്ചവടിപ്പാലങ്ങളില്‍ അവസാനത്തേതാകണം പാലാരിവട്ടം മേല്‍പ്പാലം. കഴിഞ്ഞ സര്‍ക്കാര്‍ അവസാന കാലത്ത് പുറത്തെടുത്ത ഉദ്ഘാടന വ്യഗ്രത വലിയ തോതില്‍ പരിഹാസത്തിന് പാത്രമായതാണല്ലോ. ആ അനാവശ്യ ധൃതി പാലാരിവട്ടത്തിലെ ക്രമക്കേടിന് കാരണമായോ എന്നും പരിശോധിക്കേണ്ടതാണ്. മേല്‍പ്പാല നിര്‍മാണത്തില്‍ കൃത്യമായ പഠനമോ വിദഗ്ധരുടെ അഭിപ്രായമോ തേടിയിരുന്നില്ലെന്നും ഉദ്യോഗസ്ഥതലത്തില്‍ നടന്ന കെടുകാര്യസ്ഥതയാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് പറയുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാടിനെ നൂറ് ശതമാനം പിന്തുണക്കുകയും ചെയ്യുന്നു അദ്ദേഹം.

ചില പാലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ പറയും: ബ്രിട്ടീഷുകാര്‍ പണിത പാലമാണ്. ഇപ്പോഴും എന്തൊരു ഉറപ്പാണ്. രാജ്യം ഭരിക്കാന്‍ അവര്‍ തന്നെ മതിയായിരുന്നുവെന്ന്. ഈ പറച്ചില്‍ തമാശയായി കണ്ട് തള്ളേണ്ടതല്ല. ജനാധിപത്യ സംവിധാനത്തോടു തന്നെയുള്ള അവിശ്വാസം ഈ കമന്റില്‍ അടങ്ങിയിട്ടുണ്ട്. അതുണ്ടാകുന്നത് പാലാരിവട്ടം പാലത്തിലേതു പോലുള്ള തീവെട്ടിക്കൊള്ളകളും കെടുകാര്യസ്ഥതകളും കണ്ട് മനസ്സു മടുക്കുമ്പോഴാണ്. പൗരന്റെ വിശ്വാസമാര്‍ജിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്?

Latest