Connect with us

Articles

മീരാന്‍: മലയാളത്തിനും തമിഴിനുമിടയിലെ അംബാസഡര്‍

Published

|

Last Updated

തമിഴിലും മലയാളത്തിലും രചന നടത്തുന്ന ദ്വിഭാഷാ സാഹിത്യകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, സാംസ്‌കാരിക പൈതൃകങ്ങളില്‍ അഭിമാനി, മലയാളത്തിനും തമിഴിനുമിടയിലെ സാംസ്‌കാരിക ബന്ധത്തിന്റെ സന്ദേശ വാഹകന്‍, അറബി തമിഴിലും അറബി മലയാളത്തിലും അവഗാഹമുണ്ടായിരുന്ന ഗവേഷക പണ്ഡിതന്‍ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് ഇന്നലെ അന്തരിച്ച പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. മലയാളിയെ സംബന്ധിച്ചേടത്തോളം മീരാന്‍, ബഷീറിനെ പോലെ, എം ടിയെ പോലെ സുപരിചിതനാണ്.

അദ്ദേഹത്തിന്റെ പ്രമുഖ രചനകളെല്ലാം തന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ആരോടും ചൊല്ലാതെ (പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ), എരിഞ്ഞു തീരുന്നവര്‍ ( നോവല്‍) എന്നീ കൃതികള്‍ അദ്ദേഹം മലയാളത്തില്‍ തന്നെ എഴുതിയവയാണ്. അതിനെല്ലാമപ്പുറം, മലബാറിലെ സാംസ്‌കാരിക സദസ്സുകളില്‍ നിരവധി തവണ അദ്ദേഹം പ്രഭാഷകനായി പങ്കെടുത്തിട്ടുണ്ട്. മര്‍കസ് സമ്മേളനങ്ങളിലും രിസാലയും മറ്റും സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സുകളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു.

1944ല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് അദ്ദേഹം ജനിച്ചത്. മാതൃഭാഷ തമിഴാണെങ്കിലും പഠിച്ചത് മലയാളം – ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു. അതിനാല്‍ തമിഴ് സാഹിത്യത്തിലും ഭാഷയിലും വ്യുല്‍പത്തി നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ആരംഭത്തില്‍ മലയാളത്തിലാണ് അദ്ദേഹം എഴുതിയിരുന്നത്. അതേ പറ്റി ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് :”ആദ്യകാലത്ത് മനസ്സില്‍ തോന്നുന്നതെല്ലാം പഠിച്ച ഭാഷയായ മലയാളത്തില്‍ എഴുതി വെക്കുമായിരുന്നു. വായിച്ചു നോക്കുമ്പോള്‍ എന്റെ ഗ്രാമത്തിലുള്ള ജനങ്ങളുടെ ജീവിത തുടിപ്പുകള്‍ ഈ ഭാഷയിലൂടെ ശരിക്കും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നി. പിന്നീട് തമിഴില്‍ അതു തന്നെ എഴുതി വായിച്ചു നോക്കിയപ്പോള്‍ എന്റെ ഗ്രാമത്തിലുള്ളവരും അവരുടെ ജീവിതവും ഗ്രാമവും അതിന്റെ പ്രകൃതി സൗന്ദര്യവും അകൃത്രിമമായി എന്റെ കണ്‍മുമ്പില്‍ ദൃശ്യമായി. അവിടുത്തെ കാറ്റിന്റെ കുളിര്‍മ ഞാന്‍ അനുഭവിച്ചു. അങ്ങനെ എനിക്കൊരു ബോധോദയമുണ്ടായി. എന്റെ ഗ്രാമത്തിന്റെയും ജനതയുടെയും കഥ പറയാന്‍, എന്റെ മാതൃഭാഷയാണ് ഉചിതമെന്ന്”.

മീരാന്‍, ആഢ്യ ഭാഷയെയും അക്കാദമിക് ഭാഷയെയും നിരാകരിക്കുകയും സാധാരണക്കാരന്റെ ഭാഷയില്‍ അസാമാന്യമായി രചന നിര്‍വഹിക്കുകയുമാണ് പിന്നീട് ചെയ്തത്. ഒരര്‍ഥത്തില്‍ മീരാന്‍ സ്വയം സൃഷ്ടിച്ച ഭാഷയിലാണ് സര്‍ഗാത്മക രചനകള്‍ നടത്തിയത്. അതദ്ദേഹത്തിന്റെ നാട്ടുമ്പുറത്തിന്റെ ആത്മഭാഷയാണ്. ആ ഭാഷയുടെ സവിശേഷതയായി അദ്ദേഹം പറയുന്നത്, ഉപ്പ എന്നെഴുതേണ്ടിടത്ത് ഉപ്പ എന്നും ഉമ്മ എന്നുപയോഗിക്കേണ്ടിടത്ത് ഉമ്മായെന്നും തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്നും “സുബ്ഹാനല്ലാ” എന്നു പറയേണ്ടിടത്ത് അങ്ങനെ തന്നെ പ്രയോഗിക്കുമെന്നുമാണ്. തമിഴ്, അറബി, മലയാളം ഭാഷാ പദങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നതും “മീരാന്‍ ഭാഷ”യുടെ സവിശേഷതയാണ്. വൈക്കം മുഹമ്മദ് ബഷീറിനെ പോലെ ഭാഷയുടെ പരിമിതി സാധ്യതയാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അതിനാല്‍ തമിഴിലെ ബഷീര്‍ എന്നൊരു നാമധേയം കൂടിയുണ്ട് മീരാന്.
മീരാനു ഏറ്റവും പരിചിതമായ തമിഴ് മുസ്‌ലിം സാമൂഹിക ജീവിത പരിസരമാണ് അദ്ദേഹത്തിന്റെ കൃതികളുടെ സാംസ്‌കാരിക ഭൂമിക. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തേങ്ങാപട്ടണം സ്വദേശിയാകയാല്‍ കേരളവുമായി മീരാന്‍ കഥാപാത്രങ്ങള്‍ക്ക് ഏറെ ബന്ധം കാണാം. ഒരു കഥയില്‍ കായല്‍ പട്ടണം കടലില്‍ മുങ്ങുന്ന ഒരു ജിന്ന് കഥാപാത്രം പൊങ്ങുന്നത് പൊന്നാനിയിലാണ്. കായല്‍ പട്ടണവും പൊന്നാനിയും തമ്മിലുള്ള സാംസ്‌കാരിക ആധ്യാത്മിക ബന്ധത്തെപ്പറ്റി ഏറെ ബോധവാനായിരുന്നു അദ്ദേഹം. “ആരോടും ചൊല്ലാതെ” എന്ന ലേഖന സമാഹാരത്തില്‍ കായല്‍ പട്ടണം സ്വദേശിയായ സൂഫീ വര്യന്‍ സ്വദഖത്തുല്ലാ ഖാഹിരിയെപ്പറ്റി സുദീര്‍ഘമായ പ്രബന്ധമുണ്ട്. അറബി മലയാളത്തെക്കാള്‍ പഴക്കമുള്ള അറബിത്തമിഴില്‍ ഏറെ അവഗാഹമുണ്ടായിരുന്ന മീരാന്‍ ആ ഭാഷാ രൂപത്തിലുണ്ടായ കൃതികളെപ്പറ്റി നിരന്തരം പറയുകയും അവ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
തമിഴ് ഭാഷയില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീരാന്‍ കൃതികളെല്ലാം തന്നെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലേക്കും ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ചാരുകസേര എന്ന നോവലിനു 1997ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുകയുണ്ടായി. “തെന്‍ ഫത്തന്‍” എന്ന ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്നതാണ് ഇത്. ഒരു കടലോര ഗ്രാമത്തിന്റെ കഥ, തുറമുഖം, കൂനന്‍ തോപ്പ് എന്നീ നോവലുകളും അനന്തശയനം, തങ്കരശു, കോളനി, അന്‍പു കു മുതു മൈ ഇല്ലൈ എന്നീ കഥാ സമാഹാരങ്ങളും തമിഴ് സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ്, ഭാരതി അവാര്‍ഡ്, തമിഴ്‌നാട് പുരോഗമന സാഹിത്യ സംഘടന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാപ്പിള സാഹിത്യം, ചരിത്രം, എന്നീ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന 2014ലെ സാഹിത്യോത്സവ് പുരസ്‌കാരം നല്‍കപ്പെട്ടത് തോപ്പില്‍ മുഹമ്മദ് മീരാനാണ്. ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ വഹിച്ച പങ്കും മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവക്കിടയിലെ ആശയ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും നടത്തിയ പരിശ്രമങ്ങളെയും മുന്‍നിര്‍ത്തിയാണ് മീരാനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത് എന്ന് അന്ന് ജഡ്ജിംഗ് കമ്മിറ്റി അറിയിക്കുകയുണ്ടായി.
തൃക്കോട്ടൂര്‍ പെരുമ (യു എ ഖാദര്‍), ദൈവത്തിന്റെ കണ്ണ് (എന്‍ പി മുഹമ്മദ്), മീസാന്‍ കല്ലുകള്‍ പറഞ്ഞ കഥ (പി കെ പാറക്കടവ്), മതഭ്രാന്തന്‍ (ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്), വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം (എം എന്‍ കാരശ്ശേരി), ബദ്റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്നീ കൃതികളടക്കം നിരവധി രചനകള്‍ മീരാന്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ഏവരുടെയും മനസിനെ കീഴടക്കുന്ന പ്രകൃതത്തിനുടമയായിരുന്നു വിഖ്യാതനായ ഈ തമിഴ് എഴുത്തുകാരന്‍. തമിഴ് ഭാഷക്കും സാഹിത്യത്തിനുമെന്ന പോലെ മീരാന്റെ വിടവാങ്ങല്‍ മലയാള സാഹിത്യത്തിനും കനത്ത നഷ്ടം തന്നെയാണ്.