Connect with us

Kerala

അധ്യാപകന്‍ പ്ലസ്ടു ഉത്തരകടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ഉത്തരകടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. വകുപ്പ്തല അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് പോലീസിനെ ഏല്‍പ്പിക്കും. ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടാന്‍ ഒരു സമ്മര്‍ദവും സ്‌കൂളുകള്‍ക്കില്ല. അധ്യാപകന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസാണ് സ്‌കൂളിലെതന്നെ കൊമേഴ്‌സ് അധ്യാപകന്‍ തിരുത്തിയത്. പഠന വൈകല്ല്യമുള്ള കുട്ടിയെ സഹായിക്കുകയാണ് ചെയ്തതെന്നാണ് ആരോപണ വിധേയനായ അധ്യാപകന്‍ പറയുന്നത്. എന്നാല്‍ ഇതേ സ്‌കൂളില്‍ ഭിന്നശേഷികുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക കുട്ടിക്ക് പഠന വൈകല്ല്യമില്ലെന്ന് പറയുന്നു. മാത്രമല്ല പഠന വൈകല്ല്യമുള്ള കുട്ടിയുടെ പരീക്ഷ എഴുതണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതക്യേക അനുമതി വാങ്ങണം. എന്നാല്‍ അധ്യാപകര്‍ക്ക് ഇത് എഴുതാനും സാധിക്കില്ല. പിന്നെ എന്തിന് അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി കുട്ടിയുടെ ഉത്തരക്കടലാസ് തിരുത്തിയതെന്നാണ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകന പുറമെ പരീക്ഷ ഡ്യൂട്ടിയിലുണ്ടായ അധ്യാപകനടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിജയശതമാനം കൂട്ടുക എന്ന ലക്ഷ്യമിട്ട് കൂടുതല്‍ ഉത്തരക്കടലാസ് ഇത്തരത്തില്‍ തിരുത്തപ്പെട്ടിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ വിദ്യാര്‍ഥിയുടെ പരീക്ഷ ഫലം അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

 

Latest