Connect with us

Education

കാലിക്കറ്റിൽ ബിരുദ ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ 13 മുതൽ

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 13ന് ഉച്ചക്ക് ശേഷം തുടങ്ങുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 287 കോളജുകളിലെ സീറ്റുകളിലേക്കാണ് പ്രവേശനം. www.cuonline.ac.in എന്ന ലിങ്ക് വഴി ഈ മാസം 27 വരെ രജിസ്റ്റർ ചെയ്യാം. ഈ മാസം 25 വരെ ഫീസടക്കാം. 280 രൂപയാണ് ഫീസ്. എസ് സി/എസ് ടി വിഭാഗത്തിന് 115 രൂപയാണ് ഫീസ്. മുൻ വർഷങ്ങളിലെ പോലെ ഏകജാലകസൈറ്റിലെ പേമന്റ് ഗേയിൽ മറ്റ് ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളുപേയാഗിച്ച് ഇത്തവണ ഫീസടക്കാനാകില്ല. എസ് ബി ഐ ഓൺലൈൻ വഴിയാണ് ഫീസടക്കേണ്ടത്. അക്ഷയ, ഫ്രന്റ്സ് ജനസേവന കേന്ദ്രങ്ങളിലും ഫീസടക്കാം.

വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാൻ എല്ലാ കോളജുകളിലും നോഡൽ ഓഫീസർമാരെ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് അലോട്ട്‌മെന്റിന് ശേഷമേ ഇത്തവണ അപേക്ഷയിൽ തിരുത്തലുകൾ അനുവദിക്കൂ. നോഡൽ ഓഫീസർമാർ മുഖാന്തിരമാണ് തിരുത്തലുകൾ നടത്തേണ്ടത്. തെറ്റുകൾ വരാതെ രജിസ്‌ട്രേഷൻ നടത്തണമെന്ന് പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ജോസ് പുത്തൂർ അറിയിച്ചു. നോഡൽ ഓഫീസിൽ രജിസ്‌ട്രേഷനും ഫീസടക്കാനും സൗകര്യമുണ്ട്. ആകെ 72000 ബിരുദ സീറ്റുകളുണ്ട്. 35000ഓളം സീറ്റുകളാണ് അലോട്ട്‌മെന്റിലുള്ളത്. ബാക്കിയുള്ളവ മാനേജ്‌മെൻറ്, കമ്മ്യൂണിറ്റി, സ്‌പോർട്‌സ് ക്വാട്ടകളിലുള്ളതാണ്.

മാനേജ്‌മെന്റ് സീറ്റുകളിലേക്ക് രജിസ്‌ട്രേഷന് ശേഷം അതത് കോളജുകളിൽ അപേക്ഷ നൽകണം. സർവകലാശാലയിലെ ഒരോ കോഴ്‌സിനും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിന് സംവരണമുണ്ട്. സി ബി എസ് ഇ, ഐ എസ് സി പരീക്ഷകൾ ജയിച്ചവർ 12 ക്ലാസ് മാർക്ക് അവരവർ തന്നെ ചേർക്കണമെന്നാണ് നിർദേശം ഹയർ സെക്കൻഡറി ബോർഡുകളുടെ മാർക്കുകൾ ഏകജാലക സോഫ്‌റ്റ് വെയറിൽ ചേർക്കും. ആകെ മൂന്ന് അലോട്ട്‌മെൻറുകളാണുള്ളത്. ജൂൺ 24ന് ക്ലാസുകൾ തുടങ്ങും. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ www.cuonline.ac.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

---- facebook comment plugin here -----

Latest