Connect with us

Ongoing News

വ്യോമ പാത ലംഘിച്ചെത്തിയ ജോര്‍ജ്ജിയന്‍ ചരക്കു വിമാനം ജയ്പൂരില്‍ ലാന്‍ഡ് ചെയ്യിച്ചു

Published

|

Last Updated

ജയ്പൂര്‍: വ്യോമ പാത ലംഘിച്ചെത്തിയ ജോര്‍ജ്ജിയന്‍ ചരക്കു വിമാനം ഇന്ത്യന്‍ വ്യോമ സേന നിര്‍ബന്ധപൂര്‍വം ജയ്പൂരില്‍ ലാന്‍ഡ് ചെയ്യിച്ചു. ജോര്‍ജ്ജിയന്‍ തലസ്ഥാനമായ തിബ്ലിസിയില്‍ നിന്ന് കറാച്ചി വഴി എത്തിയ എന്‍-12 ചരക്കു വിമാനമാണ് ലാന്‍ഡ് ചെയ്യിച്ചത്. പതിവ് റൂട്ടില്‍ നിന്ന് ഗതി മാറിയാണ് വിമാനം വെള്ളിയാഴ്ച വൈകിട്ട് 3.15ഓടെ ഇന്ത്യന്‍ വ്യോമപാതയില്‍ പ്രത്യക്ഷപ്പെട്ടത്.

കച്ചിലെ റാന്‍ വിമാനത്താവളത്തിന് 70 കിലോമീറ്റര്‍ വടക്കു ഭാഗത്തായി ഗുജറാത്ത് മേഖലയിലാണ് വിമാനം പ്രവേശിച്ചതെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഡാറുകള്‍ കണ്ടെത്തിയ വിമാനത്തെ ഐ എ എഫിന്റെ രണ്ടു സുഖോയ് സു-30 യുദ്ധ ജെറ്റുകള്‍ ഉപയോഗിച്ച് തടഞ്ഞ് ജയ്പൂരില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. വ്യോമസേനാ കേന്ദ്രത്തില്‍ നിന്നയച്ച സിഗ്നലുകളോടൊന്നും വിമാനം പ്രതികരിക്കാതിരുന്നതോടെയാണ് യുദ്ധ ജെറ്റുകള്‍ ഉപയോഗിച്ച് ഇടപെട്ടത്.

ഉക്രൈന്‍ എന്‍ജിന്‍ നിര്‍മാതാക്കളായ മോട്ടോര്‍സിഷ് വാടകക്കെടുത്ത വിമാനമാണ് തടഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. വിമാനത്തിലെ പൈലറ്റുമാരെയും ജീവനക്കാരെയും ചോദ്യം ചെയ്തതായും അബദ്ധത്തിലാണ് വിമാനം ഈ പാതയിലേക്ക് എത്തിപ്പെട്ടതെന്ന് വ്യക്തമായതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest