Connect with us

Kerala

പ്ലസ് വണ്‍ സീറ്റ് വര്‍ധന ആവശ്യപ്പട്ട് എസ് എസ് എഫ് പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ എ ഡി എമ്മിന് നിവേദനം നല്‍കുന്നു. 

മലപ്പുറം: മലബാര്‍ മേഖലയിലെ സ്‌കൂളുകളില്‍നിന്ന് എസ് എസ് എല്‍ സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യമായ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) പ്രക്ഷോഭത്തിലേക്ക്. ഹയര്‍ സെക്കന്‍ഡറി പഠനം അടിസ്ഥാന യോഗ്യതയായി സമൂഹ കാഴ്ചപ്പാട് രൂപപ്പെടുകയും ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെ ഇത്തരം മാറ്റങ്ങളെ കുറിച്ച് ആലോചിച്ചു തുടങ്ങുകയും ചെയ്ത ഈ കാലത്തും മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് റ്റു പഠനത്തിന് മതിയായ സീറ്റ് ഇല്ലെന്നത് ഈ നാടിനോടുള്ള അവഗണനയാണെന്ന് എസ്എസ്എഫ് നേതാക്കള്‍ പറഞ്ഞു.

മലബാര്‍ ജില്ലകളില്‍ എല്ലാം പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ സ്ഥിതി ഏറെ ദയനീയമാണ്. മലപ്പുറം ജില്ലയില്‍ 78,335 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ പാസായത്. സേ പരീക്ഷ, റീവാലുവേഷന്‍ ഫലങ്ങള്‍ വരുന്നതോടെ വിജയിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ഇത്രയും കുട്ടികള്‍ക്ക് പഠിക്കാനായി മൊത്തം 52,775 സീറ്റുകള്‍ മാത്രമാണുള്ളത്. മലപ്പുറം ജില്ലയിലെ കാല്‍ ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പഠനത്തിന് അവസരമില്ല എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. വിഎച്ച്എസ്ഇ, സര്‍ക്കാര്‍-സ്വാശ്രയ പോളിടെക്‌നിക് കോളേജുകള്‍, ഐടിഐ എന്നിവയുടെ സീറ്റുകള്‍ കൂടി ഇതിലേക്ക് കൂട്ടിയാല്‍ ആകെ 58176 സീറ്റുകളാണ് ജില്ലയില്‍ തുടര്‍പഠനത്തിന് ഉണ്ടാവുക. അപ്പോഴും മലപ്പുറം ജില്ലയിലെ 20,159 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം കിട്ടാതെ പുറത്തു നില്‍ക്കേണ്ടി വരുന്നു.

തെക്കന്‍ ജില്ലകളില്‍ പഠിക്കാന്‍ ആളില്ലാതെ പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. അധികം വരുന്ന സീറ്റുകള്‍ മലബാര്‍ മേഖലയിലേക്ക് കൊണ്ടുവന്നും മലബാര്‍ ജില്ലകളിലേക്ക് പുതിയ ബാച്ചുകള്‍ അനുവദിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. സ്‌കൂളുകളുടെ എണ്ണത്തിലും സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മലബാര്‍ ജില്ലകളില്‍ പോരായ്മ കാണാനാകും. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കൂടുതല്‍ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചും ഈ അസന്തുലിതാവസ്ഥയെ മറികടക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്.

ഏകജാലക പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിഷയം പരിഹരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ എഡിഎമ്മിന് നിവേദനം നല്‍കി. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശുക്കൂര്‍ സഖാഫി, ജനറല്‍ സെക്രട്ടറി യൂസഫ് കെ പി തുടങ്ങിയവര്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ എ ഡി എമ്മിനെ കാണാനെത്തിയത്.