Connect with us

Gulf

യുഎഇയില്‍ ശമ്പളം ലഭിക്കാത്ത ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം

Published

|

Last Updated

അബുദാബി: യു എ ഇ യിലുള്ള ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് ശമ്പളം ലഭിക്കാതിരിക്കുകയോ, ശമ്പളം ലഭിക്കാന്‍ കാലതാമസം നേരിടുകയോ ചെയ്താല്‍ ആ വിവരം ഉടന്‍ എംബസിയെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ എംബസ്സിയുടെ വെബ്‌സൈറ്റില്‍ വിവിധ ഭാഷകളില്‍ ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “യു എ ഇ യില്‍ തൊഴിലുടമ ശമ്പളം നല്‍കാന്‍ കാലതാമസം വരുത്തുകയാണെങ്കില്‍, അബുദാബി ഇന്ത്യന്‍ എംബസ്സി / ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബായ് എന്നിവിടങ്ങളില്‍ റിപ്പോര്‍ട് ചെയ്യാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരെയും അറിയിച്ചു കൊള്ളുന്നു.” എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ എംബസിക്കു മുമ്പാകെ വരുന്നുണ്ട്. എന്നാല്‍ ശമ്പളം ലഭിക്കാതെ ആറോ ഏഴോ മാസം കഴിഞ്ഞതിന് ശേഷമാണ് ആളുകള്‍ പരാതിയുമായി എംബസിയെ സമീപിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികകള്‍ തീര്‍പ്പാക്കാന്‍ എംബസിക്കും യു എ ഇ അധികൃതര്‍ക്കും വളരെ ബുദ്ധിമുട്ടാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി പറഞ്ഞു.

ഇത്തരത്തില്‍ ശമ്പളം ലഭിക്കാതെ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്കയക്കാന്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നതടക്കം എംബസ്സിക്കാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പലരും വെറുംകൈയോടെ നാട്ടിലേക്ക് പോകാന്‍ മടിച്ച്, കമ്പനി നല്‍കാനുള്ള ശമ്പളകുടിശ്ശിക ലഭിക്കും എന്നുള്ള പ്രതീക്ഷയില്‍ യു എ ഇ യില്‍ തന്നെ തങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അടച്ചുപൂട്ടിയ കമ്പനികളില്‍ നിന്ന് ഇത്തരത്തില്‍ ശമ്പള കുടിശ്ശിക ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ യു എ ഇ അധികൃതരുമായി തങ്ങള്‍ ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എംബസ്സി ഇപ്പോള്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കേസ് ഇത്തരത്തിലുള്ളതാണ്. മുസഫ്ഫയിലുള്ള അല്‍ വാസീത്ത എമിരേറ്റ്‌സ് കാറ്ററിംഗ് സര്‍വീസ് എന്ന സ്ഥാപനത്തിലെ 400 ജോലിക്കാര്‍ക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാതിരുന്ന പരാതി കമ്പനി അടച്ചു പൂട്ടിയതിന്റെ ശേഷമാണ് എംബസിയില്‍ എത്തുന്നത്. അതുകൊണ്ട് ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായാല്‍ എത്രയും പെട്ടന്ന് എംബസിയുടെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അദ്ദേഹം പറഞ്ഞു.

Latest