Connect with us

National

ബി ജെ പി മോദി കേന്ദ്രീകൃതമല്ല, ആശയത്തിലധിഷ്ഠിതമായ പാര്‍ട്ടി: നിതിന്‍ ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ആശയത്തിലധിഷ്ഠിതമായാണ് അത് പ്രവര്‍ത്തിക്കുന്നത്. ബി ജെ പി നരേന്ദ്ര മോദിയെന്ന ഒറ്റ വ്യക്തിയിലേക്കു ചുരുങ്ങിയിരിക്കുകയായിരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി. ജനവിധി ബി ജെപിക്ക് എതിരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ബി ജെ പി കഴിഞ്ഞ കാലത്ത് വാജ്പയിയുടെയോ അദ്വാനിയുടെയോ മാത്രം പാര്‍ട്ടിയായിരുന്നില്ല. അതുപോലെത്തന്നെ നിലവില്‍ മോദിയുടെയോ അമിത് ഷായുടെയോ പാര്‍ട്ടിയുമല്ല. ബി ജെ പി മോദി കേന്ദ്രീകൃതമായി എന്ന പ്രചാരണം തെറ്റാണ്. മോദിയും പാര്‍ട്ടിയും പരസ്പര ബഹുമാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.-വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.

ബി ജെ പിയില്‍ കുടുംബാധിപത്യമില്ല. പാര്‍ട്ടിയുടെ പാര്‍ലിമെന്ററി ബോര്‍ഡാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നത്. പാര്‍ട്ടി ശക്തമായാലും നേതാവ് ദുര്‍ബലനായാല്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാകില്ല. അതുതന്നെ നേരെ തിരിച്ചായാലും സംഭവിക്കും. എന്നാല്‍ ജനകീയനായ ഒരു നേതാവ് മുന്നണിയിലുണ്ടാകുമെന്നത് യാഥാര്‍ഥ്യമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയല്ല, ദേശീയത പ്രചാരണ വിഷയമാക്കിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വാദങ്ങള്‍ അസംബന്ധമാണെന്നും ഗഡ്കരി പറഞ്ഞു. ബി ജെ പി മുന്നോട്ടു വച്ച വികസന അജന്‍ഡയെ പിന്തുണച്ച് വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.