Connect with us

National

റഫേല്‍ ഇടപാട്: പുനപരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്ര ഗവണ്‍മെന്റിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് വിധിപറയാനായി മാറ്റിയത്. ഓരോ കക്ഷികള്‍ക്കും തങ്ങളുടെ നിലപാട് അറിയിക്കാന്‍ ഒരു മണിക്കൂര്‍ വീതം സമയം കോടതി അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പല വിവരങ്ങളും സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണന്‍ വാദിച്ചു. റഫേല്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഡിസംബര്‍ 14ലെ വിധിയില്‍ പറഞ്ഞിട്ടില്ല. ഇതാണ് പുനപരിശോധനഹര്‍ജി നല്‍കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാനമായ വാദമാണ് മറ്റൊരു ഹര്‍ജിക്കാരനായ അരുണ്‍ ഷൂറിയും ഉയര്‍ത്തിയത്. വിധിയിലെ ഓരോ പിശകും സര്‍ക്കാര്‍ സമര്‍പ്പിച്ച വ്യാജ വിവരങ്ങളെ ആശ്രയിച്ചാണെന്ന് അദ്ദേഹം വാദിച്ചു.

എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും ലോകത്ത് ഒരു കോടതിയും ഇത്തരം വാദഗതികള്‍ വെച്ച് പ്രതിരോധ ഇടപാട് പരിശോധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ സി വേണുഗോപാല്‍ വ്യക്തമാക്കി. റിട്ട് പെറ്റിഷനിലുള്ള വാദങ്ങളാണ് ഹര്‍ജിക്കാര്‍ ആവര്‍ത്തിക്കുന്നതെന്നും അത് അനുവദനീയമല്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

ഡിസംബര്‍ 14ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

Latest