Connect with us

Kannur

കണ്ണൂരില്‍ 13 കള്ളവോട്ടുകള്‍ കൂടി സ്ഥിരീകരിച്ചു; കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 12 കള്ളവോട്ടുകള്‍ കൂടി തെളിഞ്ഞെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നതായി തെളിഞ്ഞത്. പാമ്പുരുത്തിയില്‍ ഒമ്പത് പേര്‍ 12 കള്ളവോട്ടുകള്‍ ചെയ്തപ്പോള്‍ ധര്‍മടത്ത് ഒരു കള്ളവോട്ടും സ്ഥിരീകരിച്ചു.

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കാന്‍ ടിക്കറ്റാം മീണ നിര്‍ദേശം നല്‍കി. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ വകുപ്പ തല നടപടിയും ഉണ്ടാകും.

പാമ്പുരുത്തിയില്‍ ഗള്‍ഫിലുള്ളവരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്ന് യുഡിഎഫ്, എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരാണ് പരാതി നല്‍കിയത്. ധര്‍മടത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പോളിങ് സ്റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്.

പാമ്പുരുത്തിയില്‍ അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ.പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു.

്ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ല്‍ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സയൂജ് 47ന് പുറമെ 52ലും വോട്ട് ചെയ്തതായാണ് സ്ഥിരീകരിച്ചത്.

Latest