Connect with us

Eranakulam

ചൂര്‍ണിക്കര ഭൂമി തട്ടിപ്പ്: മുഖ്യ ഇടനിലക്കാരന്‍ അബു പോലീസ് പിടിയില്‍

Published

|

Last Updated

കൊച്ചി: ചൂര്‍ണിക്കര ഭൂമി കേസിലെ മുഖ്യഇടനിലക്കാരന്‍ അബു പൊലീസ് പിടിയിലായി. കാലടി ശ്രീഭൂതപുരം സ്വദേശിയാണ് അബു. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. ഞായറയാഴ്ച മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ആലുവ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

നിലം നികത്തി പുരയിടമാക്കാന്‍ ഉടമയില്‍നിന്നു ഏഴുലക്ഷം രൂപ വാങ്ങിയത് അബുവാണ്. ആലുവയിലെ ബന്ധു വഴിയാണ് അബുവിനു പണം നല്‍കിയത്. അബുവാണു വ്യാജരേഖ തയാറാക്കിയതെന്ന് സ്ഥലമുടമ ഹംസ പൊലീസിനോടു പറഞ്ഞിരുന്നു. വ്യാജരേഖ നിര്‍മിച്ചത് അബു ആണെന്ന വിവരം ഭൂവുടമ വെളിപ്പെടുത്തിയ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇയാള്‍ ഒളിവിലാണ്. രണ്ട് ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നല്‍കിയെന്നായിരുന്നു ഹംസയുടെ മൊഴി. അബുവിന്റെ വീട്ടില്‍പോലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു.

അബു ആണെന്ന വിവരം ഭൂവുടമ വെളിപ്പെടുത്തിയത് മുതലാണ് ഇയാള്‍ ഒളിവിലായത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ കാലടി ശ്രീഭൂതപുരത്തെ അബുവിന്റെ വീട്ടില്‍ പോലീസ് റൈഡ് നടത്തുകയും. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വ്യാജരേഖ നിര്‍മിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാം എന്നാണ് വിജിലന്‍സ് കരുതുന്നത്.

ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലം പുരയിടമാക്കി മാറ്റാനായി വ്യാജ ഉത്തരവുണ്ടാക്കിയെന്നാണു കേസ്. തൃശൂര്‍ മതിലകം മൂളംപറമ്പില്‍ വീട്ടില്‍ ഹംസയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള നിലമാണിത്. പുരയിടമാക്കി തരംമാറ്റാന്‍ ആര്‍ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ വ്യവസ്ഥ ചൂണ്ടിക്കാട്ടി തള്ളി. തുടര്‍ന്നാണു കമ്മിഷണറുടെ പേരിലുള്ള വ്യാജ ഉത്തരവ് ചൂര്‍ണിക്കര വില്ലേജ് ഓഫിസില്‍ എത്തിക്കുകയായിരുന്നു.

തരംമാറ്റല്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ആര്‍ഡിഒയ്‌ക്കേ അധികാരമുള്ളൂ എന്നിരിക്കെ ഉത്തരവു കണ്ട വില്ലേജ് ഓഫിസര്‍ ആര്‍ ഡി ഒ യോട് ഇക്കാര്യം രേഖാമൂലം അന്വേഷിക്കുകയായിരുന്നു. തപാലില്‍ അയച്ചാല്‍ വൈകുമെന്നു പറഞ്ഞ ഹംസ ആര്‍ ഡിഒ യ്ക്കുള്ള കത്തു നേരിട്ടു കൊടുക്കാമെന്നു പറഞ്ഞു വില്ലേജ് ഓഫിസറില്‍ നിന്നു വാങ്ങി. കമ്മിഷണര്‍ക്ക് ഉത്തരവിറക്കാന്‍ അധികാരമുണ്ടെന്ന ആര്‍ ഡി ഒയുടെ കത്തുമായാണു ദിവസങ്ങള്‍ക്കു ശേഷം ഹംസ വില്ലേജ് ഓഫിസറെ കാണുന്നത്.

വ്യാജ ഉത്തരവാണെന്നു ബോധ്യപ്പെട്ട റവന്യു സെക്രട്ടറി വി.വേണു മന്ത്രി ഇ. ചന്ദ്രശേഖരനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം മന്ത്രിയുടെ നിര്‍ദേശപ്രകാരം നേരിട്ടെത്തി കലക്ടറേറ്റ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നു ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. വ്യാജ ഉത്തരവുകള്‍ തയാറാക്കുന്ന ശക്തമായ ഒരു സംഘം നീക്കത്തിനു പിന്നിലുണ്ടെന്നാണു സൂചനയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ചു വരികയാണ്.

Latest