കുഫോസ് ഗവേഷകർക്ക് അപൂർവ നേട്ടം; ഭൂഗർഭജല വരാൽ മത്സ്യത്തെ കണ്ടെത്തി

Posted on: May 10, 2019 12:46 pm | Last updated: May 10, 2019 at 12:46 pm


കൊച്ചി: ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവൻ ഉൾപ്പെട്ട പഠന സംഘമാണ് ഗൂഢമായ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന സ്‌നേക്ക്‌ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ.റാൽഫ് ബ്രിറ്റ്‌സ് നയിക്കുന്ന പഠന സംഘത്തിൽ കുഫോസിലെ പി എച്ച് ഡി വിദ്യാർഥിയായ വി കെ അനൂപും അംഗമാണ്.പുതിയ വരാൽ മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസീലാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന ഇന്റർനാഷനൽ അനിമൽ ടാക്‌സോണമി ജേർണലായ സൂടാക്‌സയുടെ പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോലം സ്‌നേക്ക് ഹെഡ് എന്നാണ് പുതിയ മത്സ്യഇനത്തിന് ഇംഗ്ലീഷിൽ പേരിട്ടിരിക്കുന്നത്. ശാസ്ത്രനാമം അനിക്മാചന ഗോലം. ഇതൊരു പുതിയ മത്സ്യ ഇനം മാത്രമല്ലെന്നും വരാൽ കുടുംബത്തിലെ പുതിയൊരു വർഗം കൂടിയാണെന്ന പ്രത്യേകത കൂടി ഉണ്ടെന്നും ഡോ.റാൽഫ് ബ്രിറ്റ്‌സ് പറയുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെൽവയലിൽ നിന്നാണ് പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ സ്വാഭാവിക ആവാസ വ്യവസ്ഥയായ ഭൂഗർഭ ജല അറയിൽ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ.രാജീവ് രാഘവൻ പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റർ നീളമുണ്ട്.

കേരളത്തിൽ പൊതുവെ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്‌നേക്ക്ഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്ത് ആകമാനം കണ്ടെത്തിയിട്ടുള്ളത്. നോർത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവക്ക്. അതുകൊണ്ടുതന്നെ വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും. കുളങ്ങളും വയലുകളിലെ നീർച്ചാലുകളും ഉൾപ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം വരാൽ ഭൂഗർഭജല അറകളും ഭൂഗർഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ടുതന്നെ ഇവക്ക് ജലോപരിതലത്തിൽ നിന്ന് ശ്വസിക്കാനുള്ള കഴിവില്ല. ശുദ്ധജല മത്സ്യങ്ങളുടെ വർഗവും ഇനവും തിരിച്ചുള്ള പഠനത്തിൽ നിർണായകമായ വഴിത്തിരിവാണ് പുറം ലോകത്തിന്റെ കണ്ണിൽ പെടാതെ,ഭൂഗർഭ ജലാശയങ്ങളിൽ ഒളിച്ചു ജീവിക്കുന്ന ഭൂഗർഭജല വരാൽ മത്സ്യ ഇനത്തിന്റെ കണ്ടെത്തലെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ രാമചന്ദ്രൻ പറഞ്ഞു.