Connect with us

Ramzan

വെള്ളിയാഴ്ചയുടെ മഹത്വം

Published

|

Last Updated

 

അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽമസാക്കീൻ. വ ഈദുൽ മുഅ്മിനീൻ…….
വെള്ളിയാഴ്ച ദിവസത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്ന ഈ വചനം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. മുഹമ്മദ് നബി (സ) യുടെ സമുദായത്തിന് അല്ലാഹു പ്രത്യേകമാക്കി നൽകിയ ദിവസമാണ് വെള്ളിയാഴ്ച ദിവസം. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. മുൻകാല സമൂഹത്തിന് ജുമുഅ നൽകിയിരുന്നു. എന്നാൽ അവർ തർക്കിച്ച് അതിനെ അവഗണിച്ചു. തുടർന്ന് അല്ലാഹു ആ മഹാദിനത്തെ മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനായി മാറ്റിവെക്കുകയും പെരുന്നാളായി അവർക്ക് നൽകുകയും ചെയ്തു.

ദിവസങ്ങളിൽ ഏറ്റവും പണ്യമായ ദിവസമാണ് വെള്ളിയാഴ്ച. ആദം നബി (അ) യെ സൃഷ്ടിച്ചതും സ്വർഗത്തിൽ പ്രവേശിപ്പിച്ചതും വെള്ളിയാഴ്ച ദിവസത്തിലാണ്. മനുഷ്യപിതാവ് പിന്നീട് ഭൂമിയിൽ താമസമാക്കിയതും ഈ പുണ്യദിനത്തിൽ തന്നെ. അല്ലാഹു ആദം നബി(അ) യെ അനുഗ്രഹിച്ചതും ആദം നബി (അ) വഫാത്തായതും ഈ ദിവസത്തിലാണ്. അന്ത്യനാൾ സംഭവിക്കുക വെള്ളിയാഴ്ച ദിവസത്തിലാണ്. സ്വർഗവാസികൾക്ക് അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യം ലഭിക്കുന്നതും വെള്ളിയാഴ്ചയാണ്. മലക്കുകൾ അനുഗ്രഹങ്ങൾ വർധിക്കുന്ന ദിവസമായിട്ടാണ് ഈ ദിവസത്തെ കാണുന്നത്.

ജിബ്‌രീൽ (അ) ഒരിക്കൽ നബി (സ) യുടെ അടുത്തുവന്നു പറഞ്ഞു: തങ്ങൾക്കും തങ്ങളുടെ പിൻഗാമികൾക്കും പെരുന്നാളായിട്ടാണ് അല്ലാഹു ജുമുഅ നിർബന്ധമാക്കിയിട്ടുള്ളത്. നബി (സ) ചോദിച്ചു; എന്തൊക്കെയാണ് ആ ദിവസം ഞങ്ങൾക്ക് ലഭിക്കുക. ജിബ്‌രീൽ (അ) പറഞ്ഞു: ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാർഥിച്ചാൽ അവന് വേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നൽകും. അതവന് ഉപകരിക്കില്ലെങ്കിൽ അതിനേക്കാൾ വലിയത് അവന് വേണ്ടി അല്ലാഹു സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അവന് ഏൽക്കേണ്ടിവരുന്ന വലിയ അപകടത്തിൽ നിന്നവനെ രക്ഷിക്കും.

ജിബ്‌രീൽ (അ) തുടർന്നു. ഞങ്ങളുടെ അടുക്കൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളി. ഞങ്ങൾ അതിനെ വിളിക്കുന്നത് വർധനവിന്റെ ദിനമെന്നാണ്. നബി (സ) ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ജിബ്‌രീൽ മറുപടി നൽകി. നല്ല വെൺമയും കസ്തൂരിയെ വെല്ലുന്ന സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്ട താഴ്‌വാരം അല്ലാഹു സ്വർഗത്തിൽ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച ദിവസത്തിൽ അല്ലാഹുവിനെ ദർശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു (ത്വബ്്‌റാനി).
വെള്ളിയാഴ്ച ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തെ പ്രാർഥനക്ക് ഫലം ഉറപ്പാണെന്നും നിരവധി ഹദീസുകൾ പഠിപ്പിക്കുന്നു. വെള്ളിയാഴ്ചയിലെ ആ പ്രത്യേക സമയത്ത് അല്ലാഹുവിനെ അനുസരിക്കുന്ന അടിമയുടെ നിസ്‌കാരം സംഭവിക്കുകയും ആ നിസ്‌കാരത്തിൽ അവൻ ചോദിക്കുന്നതെന്തും അല്ലാഹു അവന് നൽകുകയും ചെയ്യും. (തുർമുദി). ഈ സമയത്തെക്കുറിച്ചുള്ള ചർച്ചയിൽ അതൊരു നിമിഷം മാത്രമാണെന്ന് നബി (സ) കൈകൊണ്ട് ആംഗ്യം കാണിച്ചതായി ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. ഇമാം മിമ്പറിൽ കയറിയത് മുതൽ നിസ്‌കാരം അവസാനിക്കുന്നത് വരെയുള്ള സമയത്തിനിടക്കാണ് ആ പ്രത്യേക സമയമുള്ളതെന്ന് ഇമാം അബൂമൂസൽ അശ്്അരി (റ) പറയുന്നു.

വെള്ളിയാഴ്ച പകൽ അറഫാ ദിനത്തേക്കാൾ ശ്രേഷ്ഠമാണെന്ന് ഇമാം അഹ്്മദ് (റ) പറയുന്നു. വെള്ളിയാഴ്ച രാവ് ലൈലത്തുൽ ഖദ്‌റിനേക്കാൾ പവിത്രതയേറിയതാണെന്ന് പറഞ്ഞ പണ്ഡിതൻമാരുമുണ്ട്.

ചുരുക്കത്തിൽ വെള്ളിയാഴ്ചയുടെ മുഴുസമയവും ഏറെ പവിത്രത നിറഞ്ഞതാണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം. ഇത്തരം ദിവസങ്ങൾ പൂർണമായും നന്മയിലൂന്നി വിനിയോഗിക്കാൻ നാം ശ്രദ്ധിക്കണം. ഇത്രയും പവിത്രമായ വെള്ളിയാഴ്ച ദിവസത്തിൽ സ്വലാത്ത് വർധിപ്പിക്കാനും വിശ്വാസികൾ ജാഗ്രത കാണിക്കണം. നബി (സ) പറഞ്ഞു. ഒരാൾ വെള്ളിയാഴ്ച എൺപത് സ്വലാത്ത് ചൊല്ലിയാൽ അവന് എൺപത് വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുത്ത് നൽകുന്നതാണ്.

വിവാഹത്തിനും ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് പണ്ഡിതർ പറയുന്നു. ആദം നബി (അ) യും ഹവ്വാ ഉമ്മയും, മൂസാ നബിയും സഫൂറാ ബീവിയും, യൂസുഫ് നബിയും സുലൈഖാ ബീവിയും, സുലൈമാൻ നബിയും ബിൽഖീസും(റ), മുഹമ്മദ് നബിയും ഖദീജാ ബീവിയും ആഇശാ ബീവിയും, അലി (റ) യും ഫാത്വിമ ബീവിയും തമ്മിലുള്ള വിവാഹം നടന്നത് വെള്ളിയാഴ്ച ദിവസമാണ്.

സബ് എഡിറ്റർ, സിറാജ്