Connect with us

Alappuzha

അമൃതയും രാജ്യറാണിയും രണ്ടായി; മലബാറിലേക്കുള്ള യാത്രക്കാർക്ക് ദുരിതം

Published

|

Last Updated

തിരുവനന്തപുരം: അമൃത- രാജ്യറാണി എക്‌സ്പ്രസുകൾ വേർപ്പെട്ടതോടെ മലബാറിലേക്കുള്ള യാത്രാ ദുരിതം കൂടുന്നു. രണ്ട് ട്രെയിനുകളും വേർപ്പെട്ട് സ്വതന്ത്ര ട്രെയിനുകളായെങ്കിലും യാത്രാ ദുരിതം വർധിച്ചു. ഇതുവരെ തിരുവനന്തപുരത്ത് നിന്ന് രാത്രി 10.30ന് പുറപ്പെട്ടിരുന്ന അമൃത എക്‌സ്പ്രസ് ഇപ്പോൾ രണ്ട് മണിക്കൂർ നേരത്തേയാണ് പുറപ്പെടുന്നത്. എന്നാൽ നേരത്തെ പുറപ്പെട്ടിട്ടും ട്രെയിൻ പാലക്കാട് എത്തുന്നത് രാവിലെ 6.10ന് തന്നെയാണ്. തിരുവനന്തപുരത്ത് നിന്ന് രണ്ട് മണിക്കൂർ നേരത്തെ ട്രെയിൻ പുറപ്പെടുന്നത് ഫലത്തിൽ തലസ്ഥാനത്ത് ആവശ്യങ്ങൾ നിറവേറ്റാൻ പോയി വരുന്നവരെയാണ് ബാധിക്കുക.

തൃശൂരിൽ പുലർച്ചെ 2.30ന് എത്തുന്ന ട്രെയിൻ അടുത്ത സ്റ്റേഷനായ ഒറ്റപ്പാലത്ത് എത്തുന്നത് രണ്ട് മണിക്കൂർ 23 മിനുറ്റ് കഴിഞ്ഞ് 4.53നാണ്. തൃശൂരിനും ഒറ്റപ്പാലത്തിനുമിടയിൽ ദിവസവും രണ്ട് മണിക്കൂറോളം ട്രെയിൻ പിടിച്ചിടും. ഒറ്റപ്പാലത്ത് നിന്ന് 25 മിനുട്ട് കൊണ്ട് എത്താവുന്ന പാലക്കാട് ജംഗ്ഷനിൽ ട്രെയിൻ എത്തുന്നത് ഒന്നേകാൽ മണിക്കൂർ കൊണ്ടാണ്. തൃശൂരിൽ നിന്ന് ആകെ മൂന്ന് മണിക്കൂർ 40 മിനുട്ട് സമയമെടുത്താണ് ട്രെയിൻ പാലക്കാട്ട് എത്തുന്നത്. പാലക്കാട്ടേക്ക് തൃശൂരിൽ ഇറങ്ങി ബസ് കയറിയാൽപ്പോലും ഇതിന് മുമ്പ് എത്താനാകുമെന്ന് യാത്രക്കാർ പറയുന്നു.
എന്തിനാണ് ഇത്രയും സമയം ട്രെയിൻ പിടിച്ചിടുന്നതെന്ന ചോദ്യത്തിന് ഇപ്പോഴും റെയിൽവേക്ക് കൃത്യമായ മറുപടിയില്ല. എന്നാൽ തിരിച്ചുള്ള യാത്രയിൽ ഈ ദൂരം പിന്നിടാൻ സമയപട്ടിക പ്രകാരം രണ്ട് മണിക്കൂർ മതി. പിടിച്ചിടൽ ഒഴിവാക്കിയാൽ ഉച്ചക്ക് 12.15ന് മധുരയിൽ എത്തുന്ന ട്രെയിനിന് പത്ത് മണിക്ക് മുമ്പ് എത്താനാകും. ഇത് മധുരയിൽ നിന്ന് രാമേശ്വരം ഭാഗത്തേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദവുമാണ്.

ഇതേ അവസ്ഥ തന്നെയാണ് കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (16349) എക്‌സ്പ്രസിന്റേതും. തൃശൂരിലെത്തുക പുലർച്ചെ 2.40ന്. തുടർന്ന് ഇടക്കുള്ള യാത്രയിൽ പിടിച്ചിട്ട ശേഷം 5.30ന് ആണ് ഷൊർണൂരിൽ എത്തുക. 25 മിനുട്ട് മാത്രം വരുന്ന ദൂരം പിന്നിടാൻ രാജ്യറാണി രണ്ട് മണിക്കൂറിൽ കൂടുതൽ എടുക്കും. മധുര, രാജ്യറാണി വണ്ടികൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയം വൈകിപ്പിക്കുകയും സ്ലാക്ക് ടൈം പരമാവധി കുറച്ച് നിലമ്പൂരിലും മധുരയിലും നേരത്തേ എത്തിച്ചേരുകയും ചെയ്യുന്നവിധം സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

രാത്രി 8.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന മംഗലാപുരം എക്‌സ്പ്രസ് താത്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയിൽ നിന്ന് യാത്ര പുറപ്പെടുന്നതിനാൽ എട്ടരക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മലബാർ മേഖലയിലേക്ക് മറ്റ് ട്രെയിനുകളില്ല. കൊച്ചുവേളിയിൽ നിന്ന് മംഗലാപുരം എക്‌സ്പ്രസ് അടുത്ത മാസത്തോടെ തിരികെ തിരുവനന്തപുരം സെൻട്രലിൽ എത്തുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. അങ്ങനെയെങ്കിൽ 8.40ന് തന്നെയായിരിക്കും മംഗലാപുരം എക്‌സ്പ്രസ് പുറപ്പെടുക.

സ്വതന്ത്ര വണ്ടികളാകുമ്പോൾ പരമാവധി കോച്ചുകൾ അനുവദിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് തിരിച്ചാണ്. നിലവിൽ അമൃത എക്‌സ്പ്രസ് 14 കോച്ചുകളോടെയും രാജ്യറാണി എക്‌സ്പ്രസ് ഒമ്പത് കോച്ചുകളുമായാണ് ഓടുന്നത്. അമൃതക്ക് 18 കോച്ചുകളും രാജ്യറാണിക്ക് 13 കോച്ചുകളും മാത്രമേ ലഭിച്ചുള്ളൂ. അമൃതക്ക് 24 കോച്ചും രാജ്യറാണിക്ക് 16 കോച്ചുമാണ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്.