Connect with us

Malappuram

പ്രബോധന ചരിത്രവുമായി വടക്കുമുറി

Published

|

Last Updated

പറപ്പൂര്‍ വടക്കുമുറി ജുമാമസ്ജിദ്

വേങ്ങര: നദീ കരകളില്‍ സ്ഥാപിച്ച പുരാതന പള്ളികളിലൊന്നാണ് പറപ്പൂര്‍ വടക്കുമുറി ജുമാ മസ്ജിദ്. കടലുണ്ടി പുഴയോരത്താണ് ഈ പള്ളി നില നില്‍ക്കുന്നത്.1780നോടുത്ത കാലത്താണ് വടക്കുംമുറി ജുമാ മസ്ജിദ് സ്ഥാപിച്ചതെന്ന് കരുതുന്നത്. പില്‍ക്കാലത്ത് പള്ളിയുടെ ഭാഗങ്ങളെല്ലാം പുതുക്കി പണിതെങ്കിലും അകത്തെ പള്ളി ഭാഗം പഴയ പോലെ നില നിര്‍ത്തിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച പള്ളികളുടെ അകം ഭാഗത്തെ നിര്‍മാണ രീതി തന്നെയാണ് ഈ പള്ളിയുടെ അകത്തും മിഹ്‌റാബിലും അനുവര്‍ത്തിച്ചിട്ടുള്ളത്. മലബാറില്‍ ജുമുഅത്ത് പള്ളികള്‍ അപൂര്‍വമായിരുന്ന കാലം വടക്കുമുറി പള്ളി ഉണ്ടായിരുന്നതായി ചരിത്രത്തില്‍ വ്യക്തമാണ്. പാലപ്ര പള്ളി മഹല്ലായി ആശ്രയിച്ച് വന്നിരുന്ന കാലത്താണ് ഇവിടെ പള്ളി വേണമെന്ന ആവശ്യവുമായി പൂര്‍വികര്‍ രംഗത്ത് വന്നത്.

മത പഠനത്തില്‍ ഖ്യാതികേട്ട പള്ളികളില്‍ ഒന്നായിരുന്നു വടക്കുമുറി ജുമുഅ മസ്ജിദ്. മമ്പുറം തങ്ങളുടെ കാലക്കാരനായിരുന്ന സയ്യിദ് ഹുസൈന്‍ ഇബ്‌നു അലവിയുല്‍ ഹൈദ്രൂസി അല്‍ ഹള്‌റമി(റ) 18-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഈ പള്ളിയിലെത്തി മത പ്രബോധനം നടത്തിയിരുന്നു. ഈ കാലഘട്ടത്തിലാണ് പള്ളി പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

പള്ളിയില്‍ പ്രബോധനത്തിന് നേതൃത്വം നല്‍കാന്‍ അന്നത്തെ കാരണവന്‍മാര്‍ മമ്പുറം സയ്യിദ് അലവിതങ്ങളെ വടക്കുമുറി പള്ളിയിലേക്ക് ക്ഷണിച്ചു. നല്ല കഴിവുറ്റ പണ്ഡിതനെ ഞാന്‍ കൊണ്ട് വരാമെന്ന് പറഞ്ഞ മമ്പുറം തങ്ങള്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്ന് കൊണ്ട് വന്ന് ചുമതല ഏല്പിച്ചതായിരുന്നു സയ്യിദ് ഹുസൈനുബ്‌നു അലവിയ്യില്‍ ഹൈദ്രൂസി(റ)വിനെ. അദ്ദേഹത്തിന്റെ പ്രബോധനവും ആത്മീയ നേതൃത്വവും വടക്കുമുറി ജുമാമസ്ജിദിന് ഉണര്‍വേകി.

വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളെ സമീപിച്ച് പ്രശ്‌ന പരിഹാരം നേടല്‍ പതിവായിരുന്നു. പള്ളിക്ക് സമീപം തന്നെയായിരുന്നു അദ്ദേഹം താമസിച്ച ഭവനം. അദ്ദേഹത്തിന്റെ മക്കള്‍ ചെറു പ്രായത്തിലെ മരണപ്പെട്ടത് കാരണം പരമ്പര നില നിന്നില്ല. പള്ളിയോട് ചേര്‍ന്ന് തങ്ങളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ പത്‌നി ഫാത്ത്വിമ(റ), മകന്‍ ഖാസിം ഇബ്‌നു ഹുസൈന്‍ (റ)എന്നിവരുടെയും ഖബറുകള്‍ ഇവിടെയുണ്ട്. ഓരോ മുഹറം 12നും ഈ മഖ്ബറയില്‍ നേര്‍ച്ച നടന്ന് വരുന്നുണ്ട്.
അക്കാലത്തെ ദര്‍സ് സമ്പ്രദായം മുറതെറ്റാതെ നടന്ന് വന്നു. കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്്ലിയാര്‍, കൈപ്പറ്റ കമ്മു മുസ്്ലിയാര്‍, സി എച്ച് കുഞ്ഞീന്‍ മുസ്്ലിയാര്‍, ചെറുശോല കുഞ്ഞിമുഹമ്മദ് മുസ്്ലിയാര്‍ തുടങ്ങിയ നിരവധി പണ്ഡിതരും സൂഫി വര്യരുമായ പ്രമുഖര്‍ ഈ പള്ളിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. കാല മാറ്റട്ടത്തോടൊപ്പം പള്ളിയുടെ പുനഃനിര്‍മാണവും നടന്നെങ്കിലും അകത്തേ പള്ളി, മഖാം, പടിപ്പുര തുടങ്ങിയവ പഴയ രീതിയില്‍ തന്നെ ഇന്നും കാണാം. അംഗ ശുദ്ധിവരുത്തുന്നതിനും മറ്റും പുഴയിലേക്കിറങ്ങാനുള്ള നീളം കൂടിയ ഒതുക്ക് കല്ലുകളിട്ട സൗകര്യം ഇപ്പോഴുമുണ്ട്.