Connect with us

Malappuram

മഞ്ചേരിയില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി വരുന്നു

Published

|

Last Updated

മഞ്ചേരി മെഡിക്കല്‍ കോളജ്

മഞ്ചേരി: 28 കോടി രൂപ ചെലവില്‍ മഞ്ചേരിയില്‍ ഐ എം സി എച്ച് ആശുപത്രി വരുന്നു. നബാര്‍ഡ് പദ്ധതിയിലാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. ഗവ.മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി കോളജ് വളപ്പില്‍ പണിത താത്കാലിക സ്‌പോര്‍ട്‌സ് വില്ലയിലാണ് പ്രസവ വാര്‍ഡിനും കുട്ടികളുടെ ചികിത്സക്കുമായി ആശുപത്രിക്കുള്ള സ്ഥലം കണ്ടെത്തിയത്.
ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും പ്രൊജക്റ്റ് റിപ്പോര്‍ട്ടായി പ്രിന്‍സിപ്പല്‍ ഡോ. എം പി ശശി ഈ ആഴ്ച ഡി എം ഇക്കു സമര്‍പ്പിക്കും. മഞ്ചേരി ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളജുമായി ഉയര്‍ത്തി ആറ് വര്‍ഷം കഴിഞ്ഞിട്ടും പ്രസവിച്ച അമ്മമാരും ശിശുക്കളും തറയിലും വരാന്തയിലും പായ വിരിച്ചു കിടക്കേണ്ട സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജില്‍ ഐ എം സി എച്ച്് വരുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് നിര്‍മിച്ച കെട്ടിടത്തിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെയാണ് ഗര്‍ഭിണികളും പ്രസവിച്ചു കിടക്കുന്ന ശിശുക്കളും തറയില്‍ പായ വിരിച്ചുകിടക്കേണ്ട അവസ്ഥയുണ്ടായത്.

ജനറല്‍ ആശുപത്രിക്ക് വേണ്ടി നിര്‍മിച്ച ജനകീയ കെട്ടിടത്തിന് മുകളില്‍ രണ്ട് നിലകളിലാണ് എം ബി ബി എസ് വിദ്യാര്‍ഥികള്‍ ആറ് വര്‍ഷമായി ഹോസ്റ്റലായി ഉപയോഗിച്ചുവരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, ഗൈനക്കോളജി വിഭാഗം മേധാവി എന്നിവരാണ് പ്രോജക്ട് തയ്യാറാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ അകവും പുറവും മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

---- facebook comment plugin here -----

Latest