Connect with us

Kozhikode

ആത്മധൈര്യം കൈവിട്ടില്ല; ഫാത്തിമ ഷഹാനക്ക് മിന്നും ജയം

Published

|

Last Updated

ഫാത്വിമ ഷഹാനയെ പി ടി എ. റഹീം എം എൽ എ അഭിനന്ദിക്കുന്നു

കുന്ദമംഗലം: രോഗം തളർത്തിയിട്ടും ആത്മധൈര്യം വീണ്ടെടുത്ത് എസ് എസ് എൽ സി പരീക്ഷ എഴുതി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥിനിക്ക് അഭിനന്ദന പ്രവാഹം. മലപ്പുറം തെന്നലകളത്തിങ്ങൽ അബ്ദുന്നാസറിന്റെയും സലീനയുടെയുടെ മകൾ ഫാത്വിമ ഷഹാനക്കാണ് അഭിനന്ദനങ്ങളും ഒപ്പം രോഗം എത്രയും പെട്ടെന്ന്എളുപ്പത്തിൽ മാറാൻ വേണ്ടിയുള്ള പ്രാർഥനയും ലഭിക്കുന്നത്.

മലപ്പുറം എടരിക്കോട് പി കെ എം ഹൈസ്‌കൂളിലെ വിദ്യാർഥിയായിരുന്ന ഷഹാന ചൂലൂർ എം വി ആർ കാൻസർ സെന്ററിന് സമീപത്തെ നായർ കുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം സജ്ജീകരിച്ച് അണുവിമുക്തമാക്കിയ ലൈബ്രറി റൂമിൽ പരീക്ഷ എഴുതിയാണ് ഉയർന്ന വിജയം നേടിയത്.
2018 ഡിസംബർ 25ന് പനി വന്നപ്പോൾ വീടിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഷഹാനയെ കാണിക്കുകയായിരുന്നു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ബ്ലഡ് കാൻസർ സ്ഥിരീകരിക്കുന്നത്. ആഴ്ചയിൽ നാല് കീമോതെറാപ്പി ചെയ്യാൻ തുടങ്ങിയതോടെ ആകെ ക്ഷീണിച്ച 15 കാരിയായ ഷഹാനയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി പരീക്ഷ എഴുതുന്നതിൽ നിന്ന് മാറി നിൽക്കാൻ ഡോക്ടർമാരും ബന്ധുക്കളും ഉപദേശിച്ചുവെങ്കിലും ഷഹാനയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഇവർ പിൻമാറി. അഡ്മിറ്റ് ചെയ്ത ആശുപത്രിക്ക് സമീപത്തെ സ്‌കൂളിൽ സൗകര്യമൊരുക്കുകയായിരുന്നു.

മലപ്പുറം എടരിക്കോട് സ്കൂളിലെ അധ്യാപകർ ഇവിടെയെത്തി ക്ലാസെടുത്തതും പ്രതീക്ഷ വർധിപ്പിച്ചു. ഫലം വന്നപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി ഷഹാനക്ക് മിന്നും ജയം.
ഓട്ടോ മൊബൈൽ പാർട്‌സ് വിതരണക്കാരനായ പിതാവിനും സദാസമയവും കൂടെയുള്ള മാതാവിനും ഏറെ ആശ്വാസമായി വിജയമെത്തിയെങ്കിലും. മകൾക്ക് ഇതേ പേലെരോഗ മുക്തിയും പൊടുന്നനെ ഉണ്ടാകണമെന്ന പ്രാർഥനയിലാണ് ഈ കുടുംബം. ഫലം വന്നയുടനെ ആശുപത്രിയിലെ ഡോക്ടർമാരും മറ്റും ഉപഹാരവുമായി ഷഹാനക്കരികിലെത്തി.
വിദ്യാഭ്യാസ മന്ത്രി ഫോണിലൂടെ അനുമോദിച്ചു. ഇന്നലെ രാവിലെ ചൂലൂർ അശുപത്രിയിലെത്തി പി ടി എ. റഹീം എം എൽ എ ഷഹാനയെ അനുമോദിച്ചു.