Connect with us

Kozhikode

കൂളിമാട് പാലം: നിർമാണ പ്രവൃത്തികൾ തുടങ്ങി

Published

|

Last Updated

എടവണ്ണപ്പാറ: കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ പ്രവൃത്തികൾ തുടങ്ങി. പുഴയിൽ പൈലിംഗ് നിർമാണത്തിനായി ഐലൻഡ് ബണ്ട് നിർമാണം തുടങ്ങി. ഐലൻഡ് ബണ്ട് പൂർത്തിയായാൽ ഉടനെ പുഴയിലെ പൈലിംഗ് തുടങ്ങും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂളിമാട് പാലത്തിന് 36.20 മീറ്ററിൽ ഏഴ് സ്പാനുകളിലായി 254 മീറ്റർ നീളവും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമാണുള്ളത്.

കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 250 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നൂറ് മീറ്റർ നീളത്തിലും സമീപ റോഡുകളുമുണ്ട്. 2016-17 വാർഷിക ബജറ്റിൽ 25 കോടി രൂപ അനുവദിച്ച പദ്ധതി കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. മാർച്ച് ഒമ്പതിന് മന്ത്രി ടി പി രാമകൃഷ്ണൻ നിർമാണോദ്ഘാടനം നടത്തി. ഈ പാലം യാഥാർഥ്യമാകുന്നതോടെ വയനാട് ജില്ലയിൽ നിന്ന് കോഴിക്കോട് നഗരം ചുറ്റാതെ ഏറ്റവും എളുപ്പത്തിൽ കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, കോട്ടക്കൽ, തൃശൂർ, എറണാകുളം ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്.

ജില്ലയിലുള്ളവർക്ക് കോഴിക്കോട്, മെഡിക്കൽ കോളജ്, കെ എം സി ടി, എൻ ഐ ടി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, എം വി ആർ കാൻസർ സെന്റർ, സെന്റർ ഫോർ വാട്ടർ റിസോയ്‌സ് മാനേജ്‌മെന്റ്, മർക്കസ് നോളജ് സിറ്റി, മൈസൂർ, ബെഗളൂരു എന്നിവിടങ്ങളിലേക്കും എളുപ്പവഴിയാണിത്.

 

Latest