Connect with us

Sports

ഫൈനല്‍ തേടി ഡല്‍ഹിയും ചെന്നൈയും

Published

|

Last Updated

വിശാഖപട്ടണം: ഐ പി എല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് നേര്‍ക്ക്‌നേര്‍. ചെപ്പോക്കില്‍ ഡല്‍ഹിയെ 80 റണ്‍സിന് തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈക്കുണ്ട്. ഈ തോല്‍വിയാണ് ഡല്‍ഹിയെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് പുറംതള്ളിയത്.

അതേ സമയം എലിമിനേറ്റര്‍ റൗണ്ടില്‍ ആവേശകരമായ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. സ്റ്റാര്‍ പ്ലെയര്‍ റിഷഭ് പന്തിന്റെ ഫോം നിര്‍ണായകമായി. സമ്മര്‍ദം നിറഞ്ഞ പോരാട്ടത്തില്‍ 21 പന്തില്‍ 49 റണ്‍സാണ് പന്ത് നേടിയത്. ലോകകപ്പ് സ്‌ക്വാഡില്‍ റിഷഭ് പന്തിന് അവസരം നല്‍കാത്ത ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ മണ്ടത്തരമാണ് കാണിച്ചതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി.
റിഷഭിന്റെ ഇന്നിംഗ്‌സായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ഡല്‍ഹിയുടെ ജയം ഉറപ്പിച്ചതിന് ശേഷമാണ് റിഷഭ് കളം വിട്ടത്.

അതേ സമയം, മാച്ച് ഫിനിഷറല്ലെന്ന വിമര്‍ശം റിഷഭിനെതിരെയുണ്ട്. ധോണിയെ പോലെ ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ റിഷഭ് ഇന്ത്യന്‍ ടീമില്‍ ഇടം ഉറപ്പിച്ചേനെയെന്നും നിരീക്ഷണമുണ്ട്. ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈക്കെതിരെ റിഷഭില്‍ നിന്ന് അത്തരമൊരു പ്രകടനം ഉണ്ടായാല്‍ സെലക്ടര്‍മാര്‍ക്ക് മാറ്റിച്ചിന്തിക്കേണ്ടി വരും.
റിസര്‍വ് അംഗമായി റിഷഭ് ലോകകപ്പ് സ്‌ക്വാഡിലുണ്ട്.ഡല്‍ഹിയുടെ മറ്റൊരു വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ പൃഥ്വിഷായാണ്. കഴിഞ്ഞ മൂന്ന് ഇന്നിംഗ്‌സുകളില്‍ കുറഞ്ഞ സ്‌കോറിംഗ് നടത്തിയ ഷാ എലിമിനേറ്ററില്‍ 56 റണ്‍സുമായി തിളങ്ങി. ലീഗ് റൗണ്ടില്‍ വിശാഖപട്ടണത്ത് കളിച്ചതിന്റെ പരിചയ സമ്പത്ത് ഡല്‍ഹിക്ക് അനുകൂലം.
കഗിസൊ റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെങ്കിലും ഡല്‍ഹിയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രെന്റ്‌ബോള്‍ട്ടും ഇഷാന്ത് ശര്‍മയും പ്രതീക്ഷ ഉണര്‍ത്തുന്ന പ്രകടനം കാഴ്ച വെക്കുന്നു. കീമോ പോളും അവസരം മുതലെടുക്കുന്ന ബൗളറാണ്. വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രക്കും മാച്ച് വിന്നറാകാന്‍ കെല്‍പ്പുണ്ട്.

ചെന്നൈയുടെ തുറുപ്പ് ചീട്ട് ധോണി എന്ന നായകന്‍ തന്നെയാണ്. കളത്തില്‍ ധോണിയുടെ തന്ത്രം മത്സരം മാറ്റിമറിക്കുന്നത് എത്രയോ തവണ സീസണില്‍ കണ്ടു. ഹര്‍ഭജന്‍ സിംഗിനെയും ഇമ്രാന്‍ താഹിറിനെയും വിദഗ്ധമായി ഉപയോഗിക്കുന്നതില്‍ ധോണി വിജയിക്കുന്ന കാഴ്ചയാണ്. റിഷഭ് പന്തിനെയും പൃഥ്വിഷായെയും ശിഖര്‍ ധവാനെയും ധോണി മെരുക്കുക ആരെ ഉപയോഗിച്ചായിരിക്കും.
മൂന്ന് തവണ ചാമ്പ്യന്‍മാരായ ചെന്നൈ നാല് തവണ റണ്ണേഴ്‌സപ്പായിട്ടുണ്.് ഐ പി എല്ലില്‍ വലിയ മത്സരങ്ങള്‍ ജയിക്കാന്‍ മിടുക്കുള്ളവരാണ് ചെന്നൈ.

ക്വാളിഫയര്‍ ഒന്നില്‍ മുംബൈയോട് തോറ്റെങ്കിലും ചെന്നൈ ഫൈനല്‍ കളിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
ഓപണര്‍ ഷെയിന്‍ വാട്‌സന്റെ ഫോം ചെന്നൈയെ അലട്ടുന്നുണ്ട്. തന്റെ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയാല്‍ ജയം എളുപ്പമാകുമെന്ന് ധോണി പറയുന്നു.

സ്‌ക്വാഡ് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍),സുരേഷ് റെയ്‌ന, അംബാട്ടി റായുഡു, ഷെയിന്‍ വാട്‌സന്‍, ഫാഫ് ഡു പ്ലെസിസ്, മുരളി വിജയ്, രവീന്ദ്ര ജഡേജ, ധ്രുവ് ഷോറെ, ചൈതന്യബിഷ്‌നോയ്, റിതുരാജ് ഗെയ്ക്വാദ്, ഡ്വെയിന്‍ ബ്രാവോ, കരണ്‍ ശര്‍മ, ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിംഗ്, മിച്ചല്‍ സാനര്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മൊഹിത് ശര്‍മ, കെ എം ആസിഫ്, ദീപക് ചഹര്‍, എന്‍ ജഗദീശന്‍, സ്‌കോട് കുഗെലിന്‍.

ഡല്‍ഹി കാപ്പിറ്റല്‍സ് : ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വിഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഇന്‍ഗ്രാം, കീമോ പോള്‍, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തെവാതിയ, അമിത് മിശ്ര, കഗിസോ റബാഡ, ഇഷാന്ത് ശര്‍മ,ഹനുമ വിഹാരി, അങ്കുഷ് ബെയിന്‍സ്, ജെ സുചിത്, മനോജ് കല്‍റ, ക്രിസ് മോറിസ്, ഷെഫാനെ റുഥെര്‍ഫോഡ്, ജലജ് സക്‌സേന, സന്ദീപ് ലാമിചന്നെ, ട്രെന്റ് ബൗള്‍ട്, അവേഷ്ഖാന്‍, നഥു സിംഗ്, ബന്ദാരുഅയ്യപ്പ, കോളിന്‍ മണ്‍റോ.

Latest