Connect with us

Education

പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ്‌വൺ പ്രവേശനത്തിനായുളള അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ്/ഇന്റർനെറ്റ് സൗകര്യവും മറ്റ് മാർഗ നിർദേശവും നൽകാൻ സ്‌കൂൾ തലത്തിൽ ഹെൽപ്പ് ഡെസ്‌കുകൾ സജ്ജമാക്കി.

വെബ്‌സൈറ്റിൽ നിന്നും അതാത് ജില്ലകളുടെ പ്രോസ്പെക്ടസ് പ്രിന്റ് എടുത്ത് എല്ലാ സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കുവാനുളള നടപടികൾ പ്രിൻസിപ്പൽമാർ സ്വീകരിക്കും. ഓരോ ദിവസവും കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും സ്‌കൂൾതല ഹെൽപ്പ് ഡെസ്‌കുകളിൽ പ്രവൃത്തി സമയം മുഴവനും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണമെന്ന് ഹയർസെക്കൻഡറി ഡയറക്ടർ നിർദ്ദേശിച്ചു.

അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിശോധനയ്ക്ക് 16നകം സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകൾ കണ്ടെത്തിയാൽ വിവരം ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നൽകുന്ന സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിച്ച് തിരുത്താം.

ഒന്നാം വർഷ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിനും ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നൽകി അക്‌നോളജ്‌മെന്റ് കൈപ്പറ്റണം. ഒറ്റ അപേക്ഷാഫാറത്തിൽ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും മുൻഗണനാക്രമത്തിൽ അപേക്ഷ സമർപ്പിക്കാം.