Connect with us

Kozhikode

പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം: മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

Published

|

Last Updated

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വിദ്യാർഥികൾക്ക് വേണ്ടി പ്ലസ്ടു പരീക്ഷ എഴുതിയതിന് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. മുക്കം നിലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ റസിയ, ഇതേ സ്‌കൂളിലെ അധ്യാപകൻ നിഷാദ് വി മുഹമ്മദ്, ചേന്ദമംഗല്ലൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി കെ ഫൈസൽ എന്നിവർക്കെതിരേയാണ് നടപടി. നിഷാദ് വി മുഹമ്മദാണ് കുട്ടികൾക്ക് വേണ്ടി പരീക്ഷ എഴുതിയത്. നിലേശ്വരം സ്‌കൂളിലെ രണ്ട് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുമാണ് എഴുതിയത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിഷാദ് കുറ്റം സമ്മതിച്ചു.

മൂന്ന് പേർക്കുമെതിരേ ആൾമാറാട്ടത്തിന് കേസെടുക്കും. സമഗ്ര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിലെ ചീഫ്‌സുപ്രണ്ടായിരുന്ന റസിയയുടെയും ഡെപ്യൂട്ടി ചീഫ് ആയിരുന്ന ഫൈസലിന്റെയും സഹായത്തോടെയായിരുന്നു നിഷാദ് വി മുഹമ്മദ് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഈ കുട്ടികളുടെ ഫലം തടഞ്ഞ് വെച്ചിരിക്കുകയാണ്. മൂല്ല്യനിർണയത്തിനിടെയുണ്ടായ സംശയത്തെ തുടർന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് ആൾമാറാട്ടം നടത്തിയതായി കണ്ടെത്തിയത്. രണ്ട് കുട്ടികളുടേയും ഉത്തരക്കടലാസിലെ കൈയക്ഷരത്തിലെ ചേർച്ചയും ഉത്തരങ്ങളിലെ സാമ്യവുമാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചീഫ്‌ സുപ്രണ്ടിന്റെ സഹായത്തോടെ രണ്ട് കുട്ടികൾക്കും വേണ്ടി അധ്യാപകൻ ഓഫീസ് മുറിയിലിരുന്ന് പരീക്ഷ എഴുതുകയായിരുന്നുവെന്ന് വ്യക്തമായി.

പരീക്ഷ നടന്ന ദിവസങ്ങളിൽ കുട്ടികൾ ഹാജരായിരുന്നതായും കണ്ടെത്തി. പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകൾ വാങ്ങിയപ്പോൾ കുട്ടികൾ എഴുതിയ പേപ്പർ ഒഴിവാക്കി പകരം അധ്യാപകൻ എഴുതിയ ഉത്തരക്കടലാസ് ഉൾപ്പെടുത്തി മൂല്ല്യനിർണയത്തിന് അയക്കുകയായിരുന്നു. ആൾമാറാട്ടം നടന്നുവെന്ന് വ്യക്തമായതോടെ ഈ സ്‌കൂളിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളുടെയും എല്ലാ പരീക്ഷയുടേയും ഉത്തരക്കടലാസുകൾ പരിശോധനക്ക് വിധേയമാക്കി. 32 ഉത്തരക്കടലാസുകളിലും തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

നടപടിയെടുക്കുന്നതിന് മുന്നോടിയായി മൂന്ന് അധ്യാപകരോടും ഹിയറിംഗിന് വരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിൻസിപ്പൽ കെ റസിയ, അധ്യാപകൻ നിഷാദ് വി മുഹമ്മദ് എന്നിവർ മാത്രമാണ് ഹാജരായത്. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ഫൈസൽ കത്ത് നൽകിയിരുന്നെങ്കിലും അംഗീകരിച്ചില്ല. ഹിയറിംഗിന് ശേഷമാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പ്രിൻസിപ്പലിന്റെ ഒത്താശ ഇക്കാര്യത്തിൽ വ്യക്തമാണെന്നും വ്യാപക ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സർക്കാർ ഇക്കാര്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കൃത്യവിലോപത്തിനും വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷാ നടത്തിപ്പിൽ സ്ഥാപന മേധാവിക്ക് യോജിക്കാത്ത ഗുരുതര ക്രമക്കേട് കാണിച്ചതായും റിപ്പോർട്ടിലുണ്ട്. പോലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇത് പിന്നിലെ ഇടപാടുകൾ പുറത്തുവരൂവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സാമ്പത്തിക താത്പര്യമാണോ മറ്റെന്തെങ്കിലും ഇടപെടലുകളുടെ ഭാഗമാണോയെന്നതുൾപ്പെടെ അന്വേഷിക്കും. കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെയും നടപടിയുണ്ടാകും.

Latest