Connect with us

Kottayam

കേരളാ കോൺഗ്രസിൽ തമ്മിലടിക്ക് കളമൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന രണ്ട് സുപ്രധാന പദവികളിൽ ആരെ വാഴിക്കുമെന്നതിൽ കേരളാകോൺഗ്രസിൽ ആലോചന തുടങ്ങി. പാർട്ടി ചെയർമാൻ, പാർലിമെന്ററി പാർട്ടി ലീഡർ എന്നീ പദവികൾ വഹിച്ചിരുന്ന മാണിയുടെ പിൻഗാമിയായി ആരെ നിയമിക്കുമെന്നതിലാണ് ആകാംക്ഷ. ഒപ്പം, പാലാ നിയമസഭാ സീറ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയേയും കണ്ടെത്തേണ്ടതുണ്ട്. ലോക്‌സഭാ സീറ്റിന്റെ പേരിൽ ഇടഞ്ഞ് നിന്നിരുന്ന പി ജെ ജോസഫ്, മാണി രോഗ ബാധിതനായതോടെ വെടിനിർത്തിയെങ്കിലും പുതിയ പദവികളിലെ നിയമനം വീണ്ടും തർക്കത്തിന് വഴിവെക്കുമെന്നുറപ്പ്. മൂന്ന് സ്ഥാനങ്ങളിലേക്കുമുള്ളവരെ ഒരു പാക്കേജ് ആയി തീരുമാനിക്കുകയെന്ന നിർദേശവും പരിഗണിക്കുന്നുണ്ട്.
പാർട്ടി ചെയർമാൻ പദവിയിൽ നേരത്തേ മുതൽ കണ്ണുനട്ടിരിക്കുന്ന ജോസ് കെ മാണി എം പിയെ പി ജെ ജോസഫ് അംഗീകരിക്കാനിടയില്ല. ജോസ് കെ മാണി വരുന്നത് തടയാൻ മാണി വിഭാഗത്തിൽ നിന്ന് തന്നെയുള്ള നിലവിലെ വൈസ് ചെയർമാൻ സി എഫ് തോമസിനെ ചെയർമാനാക്കുകയെന്ന നിർദേശമാണ് ജോസഫിനുള്ളത്.

മാണി ഗ്രൂപ്പുമായി ചെറിയ അകൽച്ചയിലുള്ള സി എഫിനെ കൂടെ നിർത്തുകയെന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. മുതിർന്ന നേതാവായ സി എഫ് തോമസ് നേരത്തേ ചെയർമാനായിരുന്നു. ജോസഫ്- മാണി ലയനം ഉണ്ടായപ്പോഴാണ് അദ്ദേഹം മാറി കെ എം മാണി ചെയർമാനാകുന്നത്.
നിലവിൽ ജോസഫ് വർക്കിംഗ് ചെയർമാനും പാർലിമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറുമാണ്. സി എഫിനെ ചെയർമാനാക്കുന്നതിനൊപ്പം പി ജെ ജോസഫിനെ പാർലിമെന്ററി പാർട്ടി ലീഡറാക്കുകയെന്ന ലക്ഷ്യവും ജോസഫ് ഗ്രൂപ്പിനുണ്ട്. ജോസ് കെ മാണി ഇത് അംഗീകരിക്കുമോയെന്ന് കണ്ടറിയണം. നേതൃപദവി ലഭിച്ചില്ലെങ്കിൽ പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന ആശങ്ക ജോസ് കെ മാണിക്കുണ്ട്. അതിനാൽ ചെയർമാൻ പദവി മറ്റാർക്കും നൽകേണ്ടെന്നാണ് ഒപ്പമുള്ളവരുടെ നിലപാട്. ജോസഫിനെ പാർലിമെന്ററി പാർട്ടി ലീഡർ ആക്കുന്നതിനൊപ്പം ജോസ് കെ മാണിയെ ചെയർമാനാക്കുകയെന്ന നിർദേശം മാണി ഗ്രൂപ്പ് മുന്നോട്ടുവെക്കുമെന്നാണ് വിവരം. പാലാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ജോസഫുമായി ഒരു തർക്കത്തിന് ജോസ് കെ മാണി ആഗ്രഹിക്കുന്നില്ല. ഭാര്യ നിഷാ ജോസ് കെ മാണിയെ സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ലോക്‌സഭാതിരഞ്ഞെടുപ്പിൽ നിഷയെ മത്സരിപ്പിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും ജോസഫിന്റെ എതിർപ്പിനെ തുടർന്ന് നടക്കാതെ പോയതാണ്. കെ എം മാണി ദീർഘനാൾ കൈവശം വെച്ച മണ്ഡലം മറ്റൊരാൾക്ക് കൊടുക്കാൻ ജോസ് കെ മാണി ആഗ്രഹിക്കുന്നില്ല. മാത്രമല്ല, നിലവിൽ രാജ്യസഭാംഗമാണെങ്കിലും കാലാവധി കഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ടി വന്നാൽ ജോസ് കെ മാണിക്ക് നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും. മറ്റൊരാൾക്ക് ഈ സീറ്റ് നൽകിയാൽ തിരിച്ചെടുക്കുക പ്രയാസമാകുമെന്നും ജോസ് കെ മാണി മുൻകൂട്ടി കാണുന്നു.
ലയന സമയത്ത് തന്നെ പാർട്ടി ചെയർമാൻ, പാർലിമെന്ററി പാർട്ടി ലീഡർ പദവികൾ മാണി ഗ്രൂപ്പിനെന്ന ധാരണയുണ്ടെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. അങ്ങിനെയൊരു ധാരണയില്ലെന്ന് ജോസഫിനൊപ്പമുള്ളവരും വാദിക്കുന്നു. പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മറ്റിയും പാർലിമെന്ററി പാർട്ടി ലീഡറെ തീരുമാനിക്കേണ്ടത് പാർലിമെന്ററി പാർട്ടി യോഗവുമാണ്. ഈ ബോഡികളിലെല്ലാം മാണി വിഭാഗത്തിന് തന്നെയാണ് മുൻതൂക്കം.

സമവായമില്ലാതെ ഭൂരിപക്ഷ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിളർപ്പിന് വഴിവെക്കുമെന്നതിനാൽ ഒരു പാക്കേജിലൂടെയുള്ള പ്രശ്‌നപരിഹാരമാണ് ഇരു വിഭാഗവും ആഗ്രഹിക്കുന്നത്. മാണിയുടെ മരണാനന്തര പ്രാർഥനാ ചടങ്ങുകൾ പൂർത്തിയായ ശേഷം ഉന്നതാധികാര സമിതി യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. അപ്പോഴേക്ക് തിരഞ്ഞെടുപ്പ് ഫലവും പുറത്ത് വരും.

Latest