Connect with us

Editorial

പരീക്ഷകളിലെ വിജയവും തോല്‍വിയും

Published

|

Last Updated

എസ് എസ് എല്‍ സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാത്തതിന് ഒരു പിതാവ് മകനെ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ചു അവശനാക്കിയ വാര്‍ത്ത തിരുവനന്തപുരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമല ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് പിതാവില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. മോശമില്ലാതെ പഠിക്കുന്ന കുട്ടി ആറ് വിഷയങ്ങളില്‍ എ പ്ലസ് നേടിയിരുന്നു. എന്നാല്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുമെന്ന് പ്രതീക്ഷിച്ച കുട്ടിയുടെ പിതാവിന് ഇത് തൃപ്തികരമായില്ല. ഫലം അറിഞ്ഞതോടെ അദ്ദേഹം മകനെ മണ്‍വെട്ടിയുടെ കൈകൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഇന്നത്തെ മത്സരാധിഷ്ടിത ലോകത്ത് വിദ്യാഭ്യാസത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും കഷ്്ടപ്പാടിന്റെയും ഒരു ഉദാഹരണം മാത്രമാണിത്. എസ് എസ് എല്‍ സിയിലും പ്ലസ് ടുവിലും മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സ്ഥാപന മേധാവികളില്‍ നിന്നും കടുത്ത പീഡനങ്ങളും മര്‍ദന മുറകളും അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ നിരവധിയുണ്ട്. ഡോക്്ടറാകണം, എന്‍ജിനീയറാകണം, ഐ എ എസുകാരനാകണം തുടങ്ങി വലിയ വലിയ സ്വപ്‌നങ്ങളുമായാണ് രക്ഷിതാക്കള്‍ മക്കളെ പഠനത്തിന് അയക്കുന്നത്. ഇതിനായി സദാ പഠനത്തില്‍ മുഴുകാനും പൊതു പരീക്ഷകളില്‍ മുഴുവിഷയങ്ങളിലും എപ്ലസ് നേടാനും മക്കളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ഇതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പീഡനം പലപ്പോഴും അസഹ്യമാണ്. പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടാനാകാതെ വരുമ്പോള്‍ മക്കളില്‍ ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തുന്ന രക്ഷിതാക്കള്‍ക്ക് സഹിക്കാനാകില്ല. ഈ സഹികേടിന്റെ പ്രതിഫലനമാണ് കിളിമാനൂരില്‍ കണ്ടത്.

കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ അമിത പ്രതീക്ഷയിലാണ്. മകന്‍ അല്ലെങ്കില്‍ മകള്‍ ആരായിത്തീരണമെന്ന് അന്നേ രക്ഷിതാക്കള്‍ തീരുമാനിക്കുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ അഭിരുചി അറിയാനാഗ്രഹിക്കുകയോ അവരുടെ താത്പര്യം പരിഗണിക്കുകയോ ചെയ്യുന്നവര്‍ വിരളം. രക്ഷിതാക്കള്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതും ഗള്‍ഫ് മണലാരണ്യത്തിലെ അസഹ്യമായ ചൂട് സഹിച്ച് പണമുണ്ടാക്കുന്നതും മക്കളെ ഉയര്‍ന്ന നിലയിലെത്തിക്കണമെന്ന ചിന്തയിലാണ്. തങ്ങളുടെ സ്വപ്‌ന സാക്ഷാത്കരണത്തിനുള്ള ഉപകരണങ്ങളാണ് ഇവര്‍ക്ക് സന്താനങ്ങള്‍. തങ്ങള്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹിച്ച ബിരുദങ്ങളും ഉന്നത ജോലികളും ലഭിക്കാതെ പോയതിലുള്ള നിരാശ തീര്‍ക്കുകയാണ് മക്കളുടെ പഠനത്തിലൂടെ മറ്റു ചിലരുടെ ലക്ഷ്യം. അയല്‍പക്കത്തെയോ കുടുംബത്തിലെയോ മിടുക്കരായ കുട്ടികളോടുള്ള കിടമത്സരത്തിന് കുട്ടികളെ ബലിയാടാക്കുന്നവരുമുണ്ട്.

സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പ്രതീക്ഷിച്ചത്ര ഉന്നത നിലവാരം പുലര്‍ത്തുകയോ പരീക്ഷയില്‍ മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുകയോ ചെയ്യാതെ വന്നാല്‍ അധ്യാപകരില്‍ നിന്നും സ്ഥാപന മേധാവികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനവും കുറ്റപ്പെടുത്തലും കേള്‍ക്കേണ്ടി വരാറുണ്ട്. ഓരോ വര്‍ഷവും നൂറുമേനി വിജയം നേടി ആ പെരുമയിലൂടെ കൂടുതല്‍ അഡ്മിഷന്‍ നേടി സമ്പാദ്യം വര്‍ധിപ്പിക്കുകയെന്ന കേവല കച്ചവട താത്പര്യം വെച്ചുപുലര്‍ത്തുന്നവരാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരില്‍ പലരും. ഈ ലക്ഷ്യത്തില്‍ അശാസ്്ത്രീയമായ പഠന രീതികള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നു. തങ്ങളുടെ ബേങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാനുള്ള ഉപകരണം മാത്രമാണ് ഇവര്‍ക്ക് വിദ്യാര്‍ഥികള്‍.

പഠിതാക്കളുടെ അഭിരുചി തിരിച്ചറിയാതെ രക്ഷിതാക്കളുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ചിലപ്പോള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. പത്താം ക്ലാസ് പരീക്ഷയിലെയും പ്ലസ് ടുവിലെയും മറ്റും തോല്‍വിയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ പരീക്ഷാ ഫലപ്രഖ്യാപന വേളയില്‍ പതിവാണ്. ഈ വര്‍ഷം എസ് എസ് എല്‍ സിയില്‍ തോറ്റതിന് പീരുമേട് ഏലപ്പാറ ചിന്നാര സ്വദേശി സ്വാതി എന്ന വിദ്യാര്‍ഥിയും പ്ലസ് ടു പരീക്ഷയിലെ തോല്‍വിയില്‍ മനംനൊന്ത് പറവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അതുല്യയും ആത്മഹത്യ ചെയ്തു. തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് നടത്തുന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷകളിലെ തോല്‍വിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ആത്മഹത്യ ചെയ്തത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് പ്രകാരം 2,072 വിദ്യാര്‍ഥികളാണ് പരീക്ഷാ തോല്‍വി കാരണം 2015ല്‍ മാത്രം ആത്മഹത്യ ചെയ്തത്. തോല്‍വിക്ക് രക്ഷിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്ഥാപന മേധാവികളില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമാണ് ആത്മഹത്യയിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നത്.
പരീക്ഷയില്‍ തോറ്റതിനോ റിസല്‍ട്ട് പ്രതീക്ഷിച്ചത്ര ഉയരാത്തതിനോ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതും തുടർന്ന് പഠിക്കാനുള്ള അവരുടെ താത്പര്യവും ഉത്സാഹവും നഷ്്ടപ്പെടുത്തും. കുറ്റപ്പെടുത്തലുകള്‍ക്ക് പകരം അവരെ സമാധാനിപ്പിക്കുകയും പരാജയം വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റാനുള്ള പ്രചോദനം നല്‍കുകയുമാണ് വേണ്ടത്. ജീവിതത്തിന്റെ ചില ഘട്ടങ്ങളിലെങ്കിലും പരാജയം ഏറ്റുവാങ്ങാത്തവര്‍ ആരും തന്നെയില്ല. താത്കാലിക പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യാശക്കും തിരിച്ചുവരവിനും താങ്ങും തണലുമാകുകയാണ് രക്ഷിതാക്കളും അധ്യാപകരും സമൂഹവും വേണ്ടത്.

മികച്ച വിജയത്തിനായി മാതാപിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദവും മത്സരാധിഷ്ടിതമായ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാര്‍ഥികളില്‍ കലശലായ ഭയവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. പരീക്ഷകളില്‍ തോല്‍ക്കുന്നത് ജീവിതത്തിലെ കടുത്ത ഒരു തോല്‍വിയാണെന്ന് അവരുടെ മനസ്സില്‍ അടിയുറച്ചു പോകുന്ന വിധമുള്ള സമ്മര്‍ദങ്ങളും ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. എങ്കില്‍ പരീക്ഷാ തോല്‍വിയുടെ പേരിലുള്ള ആത്മഹത്യകളും വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പഠന പീഡനവും നല്ലൊരളവോളം കുറക്കാന്‍ സാധിക്കും.

Latest