Connect with us

Religion

ഖുര്‍ആനില്‍ ഉത്തരമുണ്ട്‌

Published

|

Last Updated

മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചു തരുന്നതുമായ സുവ്യക്ത നിര്‍ദേശങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമസാന്‍ (അല്‍ ബഖറ:185). റമസാനിലെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിക്കപ്പെട്ട ഈ വേദഗ്രന്ഥത്തിന്റെ വാര്‍ഷികമാണ് ഈ മാസം.
കാലാതിവര്‍ത്തിയായ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. പ്രതിപാദനങ്ങളിലെ സമഗ്രത ഈ ഗ്രന്ഥത്തെ ശ്രേഷ്ഠമാക്കുന്നു. മനുഷ്യ വംശത്തിന്റെ ഐഹികവും പാരത്രികവുമായ ഉന്നമനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വളരെ വ്യക്തമായി അതില്‍ വിവരിച്ചിട്ടുണ്ട്. വ്യക്തിശുദ്ധിയും സമൂഹനന്മയും തുടങ്ങി സാമൂഹിക, വൈജ്ഞാനിക, രാഷ്ട്രീയ മേഖലകളിലൊക്കെ സ്വീകരിക്കേണ്ട നിലപാടുകളും പാലിക്കേണ്ട മൂല്യങ്ങളും ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ഉത്തരം കണ്ടെത്താനാകും.
ചരിത്രത്തില്‍ നാം കണ്ട ധാരാളം സാഹിത്യ സൃഷ്ടികളുണ്ട്. എന്നാല്‍ സാഹിത്യ രചന മാത്രമല്ല ഖുര്‍ആന്‍. വിശ്വാസ ശാസ്ത്രം മാത്രവുമല്ല അതിന്റെ പ്രമേയം. മാനവ നന്മക്ക് എന്തൊക്കെ ചേരുവകള്‍ ആവശ്യമാണോ അവയൊക്കെയും മേളിച്ച മഹത്തായ ഗ്രന്ഥമാണ് ഖുര്‍ആന്‍. യുഗപ്പകര്‍ച്ചകള്‍ ഈ ഗ്രന്ഥത്തിന്റെ മൂല്യം കുറക്കുന്നില്ല. ഘടന മാറ്റുന്നില്ല. ശൈലി പഴഞ്ചനാക്കുന്നില്ല. സര്‍വോപരി പ്രഭയോടെയും ചരിത്രത്തിന്റെ പിന്‍ബലത്തോടെയും അത് നിലനില്‍ക്കുന്നു.

അവതരണ പശ്ചാത്തലം
മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഖുര്‍ആന്‍. പൂര്‍വ ഗ്രന്ഥങ്ങള്‍ അതാത് പ്രവാചകന്മാര്‍ക്ക് ഒന്നിച്ച് ഒരേ സമയം അവതരിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ച് പൂര്‍ത്തിയാകാന്‍ 23 വര്‍ഷമെടുത്തു. ഘട്ടങ്ങളായാണ് അത് അവതരിക്കുന്നത്. ഖുര്‍ആനിന് ശേഷം ഇനി ദൈവിക ഗ്രന്ഥങ്ങളില്ല. അതിന്റെ സമഗ്രതയും സ്പഷ്ടതയുമാണ് അവതരണത്തിലെ ഈ പുതുമയിലും നിഴലിച്ച് കാണുന്നത്. അവതരണ ശൈലിയിലെ യുക്തി ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിച്ചു കാണാം.

ഖുര്‍ആനിന്റെ അവതരണത്തോടെ പൂര്‍വ വേദങ്ങളെല്ലാം ദുര്‍ബലമാക്കപ്പെട്ടു. ബുദ്ധിയും ചിന്തയും കൂടുതല്‍ വികസിച്ച സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥത്തിന്റെ അവതരണം അനിവാര്യമായിരുന്നു. അങ്ങനെ ഖുര്‍ആന്‍ അവതരിപ്പിച്ചു. അത് ഏതെങ്കിലും കാലത്തേക്കോ ദേശത്തേക്കോ വേണ്ടി മാത്രമുള്ളതല്ല. ലോകാവസാനം വരെ വരുന്ന ജനതകളുടെ മാര്‍ഗ ദര്‍ശനമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഖുര്‍ആന്‍ അവതരിപ്പിച്ചത് നാമാണ്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും. കാലത്തിന്റെ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് മാറ്റിത്തിരുത്തലുകള്‍ ഖുര്‍ആനില്‍ ആവശ്യമില്ല. ലോക സ്രഷ്ടാവ് തെന്നയാണ് അതിന്റെയും അവതാരകന്‍. ലോകം പല സങ്കീര്‍ണ പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചപ്പോള്‍, മറ്റു പല മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പത്തി മടക്കി മാളത്തിലൊളിക്കേണ്ടിവന്നു. എന്നാല്‍ മാറ്റത്തോട് സംവദിച്ച് എന്നും പ്രസരിപ്പോടെ തന്നെ ഖുര്‍ആന്‍ നിലനിന്നു.

ഖുര്‍ആനിന്റെ വ്യതിരിക്തത

അസംഖ്യം അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കിക്കൊണ്ടാണ് പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചത്. അവര്‍ സത്യസന്ധരാണെന്നും തങ്ങളുടെ ദൗത്യം പരമാര്‍ഥമാണെന്നും തെളിയിക്കാന്‍ വേണ്ടിയാണ് ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നത്. തിരുനബിക്ക് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങളില്‍ സുപ്രധാനമായിരുന്നു വിശുദ്ധ ഖുര്‍ആന്‍.
ഇതര പ്രവാചകന്‍മാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ ദൃഷ്ടാന്തം. ഖുര്‍ആനിന്റെ അമാനുഷികത ഇന്നോളം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ തന്നെ വെല്ലുവിളിക്കുന്നത് കാണുക. നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ട് വരൂ, അല്ലാഹു ഒഴിച്ചുള്ള എല്ലാ സാഹായികളെയും വിളിച്ചോളൂ. നിങ്ങള്‍ സത്യസന്ധരെങ്കില്‍. ഈ വെല്ലുവിളി ഇന്നും ഖുര്‍ആന്‍ തുടരുന്നു.

---- facebook comment plugin here -----

Latest