Connect with us

Articles

നാടന്‍ മംഗ്ലീഷ് മീഡിയം സ്‌കൂള്‍

Published

|

Last Updated

തിങ്കളും താരങ്ങളും തൂവെള്ളികതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം.
അതെ, പണ്ടത്തെ വിദ്യാലയം. പ്രകൃതി തന്നെ പാഠശാല. കഴുക്കോലും ഓലയും ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം. മേല്‍ക്കൂരയിലെ ഓലക്കീറിനുള്ളിലൂടെ സൂര്യ രശ്മികള്‍ ക്ലാസ് മുറിയിലേക്ക് വന്നു. നാല് കാലുള്ള രണ്ട് ബെഞ്ച്. മൂന്ന് കാലുള്ള ഒരെണ്ണം. മൂക്കാലന്‍. പൊട്ടിയ കസേര. ചാണകം തേച്ച തറയില്‍ മുട്ടകള്‍. മുട്ടകള്‍ക്ക് ചുറ്റും വട്ടം വരച്ചു, ഞങ്ങള്‍ കുട്ടികള്‍. എന്നാല്‍ അവ വരകള്‍ മുറിച്ചു കടന്നു. അപ്പുറത്തെ ക്ലാസിലേക്ക്…

മലയാളമായിരുന്നു പ്രധാനം. മാതൃഭാഷ. പാടിയതും പറഞ്ഞതും മലയാളത്തില്‍ തന്നെ. ചിരിച്ചതും കരഞ്ഞതും മാതൃഭാഷയില്‍ തന്നെ. കളിയും അങ്ങനെത്തന്നെ.
ശീലക്കേടിങ്ങനെ ചാലേ നീ കാട്ടുമ്പോള്‍
കോലുകൊണ്ടേയിനി ചോദിക്കുള്ളൂ…
ശകാരിച്ചതും അതേ ഭാഷയില്‍ തന്നെ. ശിക്ഷ നല്ലോണമുണ്ടായിരുന്നല്ലോ.
ഉള്ളത്തില്‍ ഭയമേറുക മൂലം
വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു…

ഭയം കൊണ്ടാകണം, ചിലര്‍ മടിയന്‍മാരായി. കണക്ക് സാര്‍ വരുമ്പോള്‍ വയറുവേദന. കവിത മനഃപാഠമാക്കാന്‍ പറ്റാത്തതിനാല്‍ വീട്ടിലിരുന്നു, ചിലര്‍. മാഷ് വീട്ടില്‍ വരുമ്പോള്‍ മാവില്‍ കയറി മറഞ്ഞു നിന്നു.
ഏത് മീഡിയം സ്‌കൂളായിരുന്നു അതെന്ന് പറയാനാകില്ല. കൂടുതലും മലയാളമായിരുന്നു. ഇടക്കിടെ എത്തുന്നു ഇംഗ്ലീഷ് പഠനം. അക്ഷരങ്ങളും വാക്കുകളുമായി അധ്യാപകര്‍.

പിന്നീടാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വന്നത്. അപ്പോഴാണ് നമ്മളൊക്കെ പഠിച്ചത് മലയാളം മീഡിയത്തിലായിരുന്നെന്ന് മനസ്സിലായത്. ഇംഗ്ലീഷുകാരുടെ പുതിയ കെട്ടിടം നഗരത്തില്‍. യൂനിഫോമണിഞ്ഞ കുട്ടികള്‍. ഷൂസും സോക്‌സും. ബാഗും കുടയും. പട്ടാളച്ചിട്ട. അവര്‍ക്ക് സഞ്ചരിക്കാന്‍ കുട്ടി വണ്ടികള്‍. വണ്ടിക്കുട്ടികള്‍. യാത്രയാക്കാന്‍ രക്ഷിതാക്കള്‍ റോഡരികില്‍. തമ്മില്‍ കാണുമ്പോള്‍ രക്ഷിതാക്കള്‍ വീമ്പു പറഞ്ഞു, എന്റെ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാ…
ഇംഗ്ലീഷാണ് എങ്ങും. അവസാനം കണാരേട്ടന്റെ ചായക്കടയില്‍ ഇംഗ്ലീഷ് മീഡിയം വന്നു. ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ പിഴയാണ്. അല്ലെങ്കില്‍ തല മൊട്ട. ഇംഗ്ലീഷ് മൊട്ട. രക്ഷിതാക്കള്‍ കുട്ടികളുമായി പുതിയ മീഡിയത്തിലേക്ക്. പണം കൊടുത്ത് ഇംഗ്ലീഷില്‍ പഠിച്ച്, പത്രാസായി…ലിറ്റില്‍ ലിറ്റില്‍ ട്വിങ്കിള്‍ സ്റ്റാര്‍…. എത്രയോ സ്റ്റാറുകള്‍… എല്‍ കെ ജി, യു കെ ജി. പാവം മലയാളംജി..!

നാടന്‍ സ്‌കൂളുകാര്‍ക്ക് ഇംഗ്ലീഷ് മീഡിയത്തിനെ കണ്ടുകൂടാതായി. തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വന്ന സായ്പ്പന്‍മാര്‍. പിന്നാലെയുണ്ടായി വിമര്‍ശനങ്ങള്‍. രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്നു. മലയാളം മരിക്കുന്നു. എന്തായാലും നാടന്‍ സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞു. ചില നാടന്‍ മാഷന്‍മാര്‍ തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തു. അവര്‍ കുലംകുത്തികളായി, കരിങ്കാലികളായി. ഇംഗ്ലീഷ് കരിങ്കാലികള്‍!

ഇംഗ്ലീഷ് ഭീഷണി ഇല്ലാതാക്കാന്‍ എന്താണൊരു വഴി? നമ്മളും ഇംഗ്ലീഷുകാരാകുക. ഒരു ക്ലാസ് ഇംഗ്ലീഷ് മീഡിയമാക്കുക. ഒരു സ്‌കൂളില്‍ രണ്ട് തരം മീഡിയം. ഇംഗ്ലീഷ് മീഡിയം അറ്റാച്ച്ഡ്. പിറ്റേ വര്‍ഷമത് രണ്ടായി. രണ്ട് തരം പൗരന്‍മാരായി. കോട്ടും സൂട്ടുമണിഞ്ഞ് കുറച്ചു പിള്ളേര്‍. നാടന്‍ യൂനിഫോമണിഞ്ഞ് കുറച്ചു പിള്ളേര്‍. ഇംഗ്ലീഷുമുണ്ട്, മലയാളവുമുണ്ട്. അവിയല്‍. ആര്‍ക്കുമില്ല പരാതി. ഇപ്പോള്‍ നാട്ടുകാര്‍ പറയുകയാണ്, നാടന്‍ മംഗ്ലീഷ് മീഡിയം സ്‌കൂള്‍!