Connect with us

Articles

പ്രവാസി മലയാളിക്ക് അതിജീവിക്കാനുമറിയാം

Published

|

Last Updated

പശ്ചിമേഷ്യന്‍ നാടുകളിലേക്ക് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ തേടിയുള്ള സഞ്ചാരങ്ങള്‍ക്ക് തുടക്കം കുറിച്ച കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചതാണ് മലയാളികളുടെ മരുഭൂമിയിലേക്കുള്ള കുടിയേറ്റ യാത്രകളും. അതാണിന്ന് മലയാളികളുടെ പ്രവാസമായി പൊതുവെ വിലയിരുത്തപ്പെടുന്നത്. മരുഭൂമിയുടെ മക്കള്‍ അവരുടെ കവാടങ്ങള്‍ ലോകത്തിനു മുമ്പില്‍ അതിരുകളില്ലാതെ തുറന്നിട്ടപ്പോള്‍ ആ പ്രവിശാലതയിലേക്ക് ഒരു പ്രവാഹമായി എത്തിയവരില്‍ ഒരു ജനവിഭാഗം എന്ന നിലയില്‍ ഏറ്റവും മുന്‍പന്തിയില്‍ കാലുറപ്പിച്ചത് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള പ്രവാസാഭിനിവേശം സിരകളിലൊഴുകുന്ന മലയാളികള്‍ തന്നെയാണ്. 1960കളുടെ അവസാനത്തോടെ തുടക്കം കുറിക്കുകയും 1970കളില്‍ ശക്തിപ്രാപിക്കുകയും ചെയ്ത ആ പ്രവാസ യാത്രക്ക് ഇപ്പോഴും അറുതിയായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ഏഴ് ദശകത്തോടടുക്കുമ്പോള്‍ ഗള്‍ഫ് പ്രവാസം എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട മലയാളിയുടെ ഈ യാത്രകള്‍ക്ക് വിരാമമാകുന്നു എന്ന തോന്നല്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിരിക്കുന്നു.

ഗള്‍ഫിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നതിനും നാല് പതിറ്റാണ്ടു മുമ്പ് മലയാളി പിറന്ന ദേശം വിട്ട് ഇന്ത്യയുടെ തന്നെ പല ഭാഗത്തേക്കും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍ക്ക് അതിരിട്ടു നിന്നിരുന്ന പഴയ ബര്‍മയിലേക്കും സിംഗപ്പൂര്‍, മലയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം തൊഴിലും വാണിജ്യവും ലക്ഷ്യമാക്കി പ്രവാസ യാത്രകളില്‍ ഏര്‍പ്പെട്ടവരായിരുന്നു. പക്ഷേ, എഴുപതുകള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേക്കുണ്ടായ പ്രവാസം പോലെ അതൊരു പ്രവാഹമായി രൂപപ്പെട്ടില്ല. അതുകൊണ്ട് തന്നെ അതിനൊന്നും ഗള്‍ഫ് പ്രവാസത്തിന് ലഭിച്ച ചരിത്ര പ്രാധാന്യവും ലഭിച്ചില്ല.

മലയാളിയെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മലയാളിയില്‍ അന്തര്‍ലീനമായിട്ടുള്ള പ്രവാസാഭിനിവേശം തന്നെയാണ്. അത് നന്നായി വിനിയോഗിച്ചത് ഗള്‍ഫ് മേഖലയിലുമാണ്. അമേരിക്കയിലേക്കും യൂറോപ്പ്, ആഫ്രിക്ക വന്‍കരകളിലേക്കും മലയാളി പ്രവാസം കടന്നു ചെന്നിട്ടുണ്ട്. പക്ഷേ, ഗള്‍ഫിലേക്ക് ഉണ്ടായതു പോലുള്ള ഒരു കുത്തൊഴുക്ക് അവിടങ്ങളിലേക്കൊന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഗള്‍ഫ് പ്രവാസം മൂലം കേരളത്തിന്റെ സമ്പദ്ഘടനയിലുണ്ടായ സമൂലമാറ്റത്തിന് നിദാനമാകാന്‍ മറ്റു കുടിയേറ്റങ്ങള്‍ക്കായതുമില്ല. ശരിക്കു പറഞ്ഞാല്‍ മലയാളി ഒരാഗോള മലയാളിയായതില്‍ ഗള്‍ഫ് പ്രവാസം വലിയ പങ്കുവഹിച്ചു. ആ പ്രവാസം ഏതാണ്ട് അസ്തമിക്കുന്നു എന്ന ഒരു ധാരണ ഇപ്പോള്‍ മലയാളിയെ പതുക്കെ പിടികൂടി തുടങ്ങിയിരിക്കുന്നു.

അതിന്റെ പ്രാരംഭമായി ഗള്‍ഫ് മേഖലയില്‍ നിന്നുള്ള തിരിച്ചു വരവിനും ആക്കം കൂടി വരികയാണ്. അതില്‍ ആവശ്യത്തിലേറെ ആകുലപ്പെടേണ്ടതില്ല. കാരണം ഏതൊരു രാജ്യവും ആത്യന്തികമായി സ്വന്തം ജനതയുടെ തൊഴിലും ജീവിത പരിസരവും സുരക്ഷിതമാക്കാനുള്ള നടപടികള്‍ക്കാകും മുന്‍തൂക്കം നല്‍കുക. അങ്ങനെ ചെയ്യുക എന്നത് തന്നെയാകും ഭരണത്തിന്റെ ശരിയായ കാഴ്ചപ്പാടും. അതാതു രാജ്യത്തെ വിദേശികളുടെ സാന്നിധ്യം ഇതിന് തടസ്സമാണെന്ന് വന്നാല്‍ അതിനെ നിയന്ത്രിക്കാന്‍ അതാതു ഭരണകൂടങ്ങള്‍ മുന്നോട്ടുവരും. ആ തലത്തില്‍ നോക്കിക്കണ്ടാല്‍ ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ പരിഷ്‌കരണങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം ശരിയായ പാത തന്നെയാണ്. പക്ഷേ, അത് നമ്മുടെ സമ്പദ് രംഗത്ത് ചില പിന്നോട്ടടികള്‍ക്ക് കാരണമായേക്കും. അത്തരം ചില അനിവാര്യമായ പിന്നോട്ടടികള്‍ മുന്‍കൂട്ടി കാണുകയും അതിനെ അതിജീവിക്കാന്‍ ഉതകുന്ന ചില പ്രയോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടിയിരുന്നു. അതുണ്ടായോ എന്ന ആത്മപരിശോധന നടത്തുമ്പോള്‍ സ്വയം വിമര്‍ശനങ്ങള്‍ നടത്തേണ്ടിവരും. അതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് പ്രവാസത്തിന്റെ സുവര്‍ണ കാലഘട്ടത്തെ നമ്മള്‍ ദീര്‍ഘ വീക്ഷണത്തോടെ സമീപിച്ചില്ല എന്നത്. മധ്യവര്‍ഗ ജീവിതത്തിന്റെ ആഡംബരത്തില്‍ അഭിരമിക്കുന്ന ഒരു വിഭാഗമായി മാറാനാണ് ഗള്‍ഫ് പ്രവാസം സമ്മാനിച്ച സാമ്പത്തിക ഉണര്‍വിനെ മൊത്തത്തില്‍ മലയാളി ഉപയോഗിച്ചത്. അണുകുടുംബ ജീവിതത്തെ പുല്‍കിയ മലയാളികള്‍ ചുരുങ്ങിയ ഭൂപ്രദേശത്ത് കെട്ടിപ്പൊക്കിയ ആഡംബര വീടുകളുടെ കണക്കെടുത്താല്‍ നമുക്കിത് ബോധ്യമാകും. ലോകത്തിലെ ഏറ്റവും വികസിതമെന്ന പട്ടികയില്‍ വരുന്ന രാജ്യങ്ങളില്‍ പോലും മൂന്നും നാലും പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ക്ക് താമസിക്കാന്‍ മലയാളികള്‍ കെട്ടിപ്പൊക്കിയ തരത്തിലുള്ള രമ്യഹര്‍മ്യങ്ങള്‍ അവര്‍ പടുത്തുയര്‍ത്തുന്നില്ല.

മലയാളികള്‍ വ്യാപകമായി പ്രവാസം സ്വീകരിക്കുന്നതിന് മുമ്പായിത്തന്നെ കേരള മോഡല്‍ എന്ന ഒരു ഖ്യാതി നാം കൈവരിച്ചതാണ്. സാക്ഷരതയിലും സാഹിത്യത്തിലും സാമൂഹിക പരിവര്‍ത്തനത്തിലും എല്ലാം ഇന്ത്യയുടെ ഇതര ഭാഗങ്ങളേക്കാള്‍ കേരളത്തെ മുന്നിലെത്തിച്ചിരുന്നു. ഇവിടെ സംഭവിച്ച നവോത്ഥാന മുന്നേറ്റവും അതിന്റെ ഊര്‍ജം സ്വീകരിച്ച് വളര്‍ച്ച പ്രാപിച്ച ഇടതുപക്ഷ മുന്നേറ്റവുമെല്ലാം ഇതിനു കാരണമായി. അങ്ങനെയുള്ള ഒരു സാമൂഹിക പശ്ചാത്തലം നിലനിന്നിരുന്ന കേരളത്തിന് നിനച്ചിരിക്കാതെ കൈവന്ന ഒരു സുവര്‍ണാവസരമായിരുന്നു എഴുപതുകളില്‍ സംഭവിച്ച ഗള്‍ഫ് മരുഭൂമിയിലേക്കുള്ള കുടിയേറ്റം. അതിനു ശേഷമാണ് കേരള മോഡലിന് മറ്റു ചില മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആ ഗള്‍ഫനുകൂല സാഹചര്യത്തില്‍ നിന്ന് നേടിയെടുത്ത സാമ്പത്തിക ഭദ്രതയിലാണ് കേരള മോഡലിന് ഒരു വികസിത രാജ്യത്തെ ജനതയുടെ ജീവിതരീതി പിന്തുടരുന്ന മനോഭാവം കൈവരുന്നത്. ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും കുതിച്ചു ചാട്ടവും ജീവകാരുണ്യ രംഗത്ത് രൂപപ്പെട്ട വലിയ മലയാളി കൂട്ടായ്മയുമൊക്കെ ഇതിന്റെ ഗുണവശങ്ങളാണ്. പിന്നീട് കേരള മോഡല്‍ നിലനിറുത്തണമെങ്കില്‍ മരുഭൂമിയുടെ കാരുണ്യം മലയാളിക്ക് കൂടിയേ തീരൂ എന്നായി. അതുകൊണ്ടായിരിക്കാം ഗള്‍ഫ് പ്രവാസത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങിയ കാലത്തു തന്നെ പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയിയുടെ ഒരു നിരീക്ഷണം വന്നത്. “കേരളത്തിന്റെ മാതൃകയെന്നത് തകര്‍ന്നടിയാന്‍ പോകുന്ന ഒന്നാണ്. ഇത് നിലനിറുത്തണമെങ്കില്‍ വിദേശ മലയാളികളുടെ പണം കിട്ടിയേ തീരൂ” എന്നായിരുന്നു അത്. 25 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ 60,000 കോടി വരുന്ന സമ്പത്ത് പ്രതിവര്‍ഷം കേരളത്തിലേക്ക് നിയമപരമായ മാര്‍ഗത്തില്‍ എത്തിച്ചുകൊണ്ടിരുന്ന 2003, 2005 കാലത്തായിരുന്നു അരുന്ധതിയുടെ മേല്‍ നിരീക്ഷണം. ഇപ്പോള്‍ 2019ല്‍ എത്തി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കുറേകൂടി സങ്കീര്‍ണതയില്‍ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ സമ്പൂര്‍ണമായ തോതിലുള്ള ഒരു തിരിച്ചു പോക്ക് സംഭവിക്കില്ലെങ്കിലും ഗള്‍ഫ് പ്രവാസത്തിന്റെ പഴയ പ്രതാപകാലം ഏതാണ്ട് അസ്തമിച്ചു എന്നു തന്നെ പറയാം.
എന്നാല്‍ പോലും അതിന്റെ പ്രത്യാഘാതത്തില്‍ പകച്ചു നില്‍ക്കേണ്ട ഒരു ജനവിഭാഗമല്ല മലയാളികള്‍. ആധുനിക സാങ്കേതിക വിദ്യകള്‍ അഭ്യസിക്കുന്നതിലും ആധുനിക ടെക്‌നോളജിയെ നന്നായി ഉപയോഗിക്കുന്നതിലും വിദഗ്ധ പരിശീലനം സിദ്ധിച്ച വലിയൊരു യുവജന സമ്പത്ത് മലയാളിക്കുണ്ട്. അതിനെ നന്നായി ഉപയോഗപ്പെടുത്തിയാല്‍ കേരള മോഡലിന് ഇപ്പോഴും പ്രസക്തിയുണ്ട്. സാമൂഹിക മാറ്റത്തിന് ചുക്കാന്‍ പിടിച്ച നിരവധി പ്രസ്ഥാനങ്ങളുടെ പിന്‍ബലമുള്ള മലയാളി യുവതക്ക് അതിജീവനം മറ്റാരേക്കാളും നന്നായി വഴങ്ങുന്നതുമാണ്. ഇടക്കാലത്ത് മലയാളിയില്‍ രൂഢമൂലമായ ആഡംബര ജീവിത ത്വരകളോടും സാമ്പത്തികമായ ചില ദുര്‍വിനിയോഗങ്ങളോടും കുറച്ചകലം പാലിച്ചാല്‍ പ്രവാസത്തില്‍ നിന്നുള്ള കുടിയൊഴിഞ്ഞു പോരലിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ജനത തന്നെയാകും മലയാളികള്‍. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതാനുഭവങ്ങള്‍ മലയാളിക്ക് അങ്ങനെയും ചില കരുത്തുകള്‍ സമ്മാനിച്ചിട്ടുണ്ട്.

അതായത്, മലയാളി സമൂഹത്തിന് ഒരു ആഗോള മേല്‍വിലാസം ഉണ്ടാക്കിത്തന്നതില്‍ പ്രധാന പങ്കുവഹിച്ച ഗള്‍ഫ് പ്രവാസം തന്നെ, പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള കരുത്തും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പ്രവാസാനന്തര കാലത്തെ പ്രയാസരഹിതമാക്കാന്‍ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചിരുന്ന് കൂടിയാലോചിച്ച് പ്രവര്‍ത്തിക്കണം.

Latest