Connect with us

National

തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു

Published

|

Last Updated

ചെന്നെെ: പ്രമുഖ തമിഴ് സാഹിത്യകാരൻ  തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ 1.20നായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുന്നൽവേലി വീർബാബു നഗറിലെ രാമൻ ഹട്ട ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

1944 സെപ്തമ്പർ 26 ന് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു ജനിച്ച മീരാന്‍ തമിഴ്, മലയാളം ഭാഷകളിലേക്ക് നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Also Read: ഒരു നോമ്പിന്റെ നീറ്റല്‍

ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പങ്കു വഹിച്ച അദ്ധേഹം മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവക്കിടയിലെ ആശയ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിശ്രമങ്ങൾ നടത്തിയ  സാഹിത്യകാരനായിരുന്നു.

തോപ്പിൽ മുഹമ്മദ് മീരാൻ 2017ൽ കൊല്ലത്ത് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയിൽ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ ഉപദേശക സമിതി, ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മറ്റി, മാനവ വിഭവശേഷി വകുപ്പിന്റെ സി പി ഐ എല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ മറ്റു നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഒരു കടലോരഗ്രാമത്തില്‍ കതൈ,തുറൈമുഖം, കൂനന്‍തോപ്പ്, ചായ്വു നാര്‍ക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവര്‍ തുടങ്ങയവയാണ് പ്രധാന നോവലുകള്‍. അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു മാമരമും കൊഞ്ചം പറവൈകളും തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹുസ്‌നുല്‍ ജമാല്‍, ദൈവത്തിന്റെ കണ്ണ്, വാഴ്‌കൈ വരലാര്‍, തൃക്കൊട്ടിയൂര്‍ കുരുണുവേല്‍, മീസാന്‍ കര്‍ക്കളിന്‍ കാവല്‍ തുടങ്ങയ കൃതികള്‍ അദ്ദേഹം തമിഴിലേക്ക് മൊഴിമാറ്റി.

അക്കാദമി അവാര്‍ഡിന് പുറമെ തമിഴ്നാട് മുര്‍പോക്ക് എഴുത്താളര്‍ സംഘം അവാര്‍ഡ്, തമിഴ്നാട് കലൈ ഇലക്കിയ പെരുമണ്‍റം അവാര്‍ഡ് (1989), ഇലക്കിയ ചിന്തനൈ അവാര്‍ഡ് (1991), തമിഴ്നാട് സ്റ്റേറ്റ് ഗവ. അവാര്‍ഡ് (1993), എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയുടെ തമിഴ് അക്കാദമി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും നേടി. 2014ൽ എസ് എസ് എഫ് സാഹിത്യോത്സവ് അവാർഡ് നൽകി ആദരിച്ചിരുന്നു.

ഭാര്യ: ജലീല മീരാന്‍. മക്കള്‍: ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ്.