Connect with us

Articles

ഇഫ്താറുകളില്‍ പ്രകടനപരത വേണ്ട

Published

|

Last Updated

സത്കര്‍മങ്ങളില്‍ മഹത്തായത് എന്ന നിലയില്‍ ദാനധര്‍മങ്ങള്‍ക്കും നോമ്പു തുറകള്‍ക്കും റമസാന്‍ മാസത്തില്‍ വിശ്വാസികള്‍ പ്രാധാന്യം നല്‍കുന്നു. പോയ കാലത്തെ ഒട്ടുമിക്ക കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പുത്തന്‍ ഉടുപ്പുകളും പെരുന്നാള്‍ ദിനത്തിലെ സ്വാദിഷ്ടമായ ഭക്ഷണവുമെല്ലാം ലഭിച്ചിരുന്നത് റമസാന്‍ മാസത്തില്‍ കുടുംബനാഥന്റെ കൈയില്‍ ദാനമായി ലഭിക്കാറുള്ള പണത്തെ ആശ്രയിച്ചായിരുന്നു എന്നതാണ് വാസ്തവം. വര്‍ത്തമാനകാല കേരളത്തിലെ നിര്‍ധനര്‍ പോലും അത്തരമൊരു അവസ്ഥയില്‍ നിന്ന് ഏറെക്കുറെ മോചിതരായിരിക്കുന്നു.

ഒരോ നോമ്പ് കാലത്തും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ തയ്യാറാക്കി വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ച് വരുത്തി ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രതിഫലം നോമ്പു തുറപ്പിക്കുന്നവര്‍ക്കുണ്ട്. അതോടൊപ്പം നോമ്പു തുറയില്‍ ആര്‍ഭാടമില്ലാതിരിക്കാനും ശ്രദ്ധിക്കണം. മുന്‍ കാലങ്ങളിലെല്ലാം മരുമക്കള്‍ക്ക് വേണ്ടിയുള്ള നോമ്പ് സത്കാരത്തോടൊപ്പം ഒഴിച്ച് കൂടാന്‍ പറ്റാത്ത ഏതാനും ബന്ധുക്കളെയും തൊട്ടടുത്ത അയല്‍വാസിയെയും ക്ഷണിച്ചുള്ള നോമ്പ് തുറകളായിരുന്നു പതിവ്. അക്കാലത്തെ സാമ്പത്തിക സാഹചര്യമായിരുന്നു അതിനുള്ള കാരണമെന്ന് ഊഹിക്കാവുന്നതാണ്. എന്നാല്‍ വര്‍ത്തമാനകാലത്തെ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ നോമ്പ് തുറകളിലും അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നു. നോമ്പ് തുറകളിലധികവും ഇഫ്താര്‍ വിരുന്നുകളായി മാറിയിരിക്കുന്നു. മുന്‍ കാലങ്ങളിലെ വിശ്വാസികള്‍ അവരുടെ വീടുകളിലേക്ക് നോമ്പുകാരെ ക്ഷണിച്ചുവരുത്തിയായിരുന്നു നോമ്പ് തുറകള്‍ സംഘടിപ്പിച്ചിരുന്നത്. ദൈവ പ്രീതിയായിരുന്നു അതുവഴി അവര്‍ ലക്ഷ്യമാക്കിയിരുന്നത്. വര്‍ത്തമാനകാലത്തെ ഇഫ്താര്‍ സംഘാടകരില്‍ വ്യവസായികള്‍, സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം കാര്യമായ പങ്കുവഹിച്ച് കൊണ്ടിരിക്കുന്നു.

പലപ്പോഴും അമിതമായ ഭക്ഷ്യവിഭവങ്ങളാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങളുടെ മുഖ്യ ആകര്‍ഷണം. മുന്‍ കാലങ്ങളില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിശ്വാസികളുടെ കാര്‍മികത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട് കൊണ്ടിരുന്ന സമൂഹ നോമ്പ് തുറകള്‍ പലതും ഇന്ന് സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു. അതിന്റെ ഭാഗമായി ഒരോ ഇഫ്താറുകളും വിവിധ ചേരികളിലായി പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ആശയക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും അവരുടെ നേതാക്കളുടെയും കൂടിച്ചേരലുകള്‍ മാത്രമായി മാറുകയും ചെയ്തു. ഓരോ റമസാന്‍ മാസവും വിശ്വാസിയുടെ മനസ്സിനെ പാകപ്പെടുത്തുന്നതോടൊപ്പം അവന്റെ ശരീരത്തെയും പാകപ്പെടുത്താനുള്ളതാണ്. അക്കാരണത്താല്‍ തന്നെ നോമ്പ് തുറയും അത്താഴവുമെല്ലാം മിത ഭോജനത്തിലൂടെയാക്കി മാറ്റാന്‍ ഓരോ നോമ്പുകാരനും സ്വയം തയ്യാറാകേണ്ടിയിരിക്കുന്നു. ആര്‍ഭാടത്തോടെ സംഘടിപ്പിക്കപ്പെടുന്ന നോമ്പ് തുറകളും ഇഫ്താര്‍ സംഗമങ്ങളും തന്റെ വിശ്വാസത്തിന് യോജിച്ചതല്ലെന്ന തിരിച്ചറിവുകള്‍ ഓരോരുത്തരും സ്വയം ആര്‍ജിക്കണം. അതോടൊപ്പം അങ്ങാടികളില്‍ നിരത്തി വെച്ച മധുര പലഹാരങ്ങളെല്ലാം വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും തീറ്റിച്ചില്ലെങ്കില്‍ താനൊരു പിശുക്കനാണെന്ന ചിന്ത മറ്റുള്ളവരില്‍ ഉണ്ടാക്കിയേക്കാമെന്ന അബദ്ധ ധാരണയില്‍ നിന്ന് മുക്തരാവുകയും വേണം.

Latest