Connect with us

Articles

അത്താഴ വിരുന്നും കത്തിത്തീരാത്ത വിവാദങ്ങളും

Published

|

Last Updated

കര്‍ണാടകയില്‍ വിവാദങ്ങളും രാഷ്ട്രീയ വടംവലികളും അവസാനമില്ലാതെ തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കളം നിറഞ്ഞ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷവും വിവിധ രൂപത്തിലും ഭാവത്തിലുമായി ഒന്നിന് പിറകെ ഒന്നായി രംഗം കൈയടക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കുമാരസ്വാമി സര്‍ക്കാറിന് സ്വസ്ഥമായി ഭരണചക്രം തിരിക്കാന്‍ കഴിയാത്ത അവസ്ഥ. സര്‍ക്കാറിനെ മറിച്ചിടാന്‍ ബി ജെ പി തക്കംപാര്‍ത്ത് കഴിയുന്നതിനിടയിലാണ് സഖ്യത്തിനകത്ത് നിന്ന് തന്നെ ചെറുതും വലുതുമായ വെല്ലുവിളികള്‍ സര്‍ക്കാറിന് നേരിടേണ്ടി വന്നിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി ജനവിധി തേടിയ നടി സുമലത ഒരുക്കിയ അത്താഴവിരുന്നാണ് കര്‍ണാടക രാഷ്ട്രീയത്തെ ഇപ്പോള്‍ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നത്. മാണ്ഡ്യയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടാക്കിയ ആഘാതം ചെറുതായി കാണാന്‍ കഴിയില്ല. മാണ്ഡ്യയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യ സ്ഥാനാര്‍ഥിയായി മത്സരിച്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാതെ സുമലതയുടെ വിജയത്തിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കളം നിറഞ്ഞ് പ്രവര്‍ത്തിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം പാടെ ലംഘിച്ചാണ് പ്രാദേശിക ഘടകം സുമലതക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
പാര്‍ട്ടിയില്‍ ഒത്തൊരുമയുണ്ടാക്കാന്‍ നിരവധി തവണ സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമത നേതാക്കളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച ഫലം ചെയ്തിട്ടില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് സുമലതക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ അത്താഴ വിരുന്നില്‍ പങ്കെടുത്ത സംഭവം. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയായിട്ടുള്ള വലിയ സംസ്ഥാനമാണ് കര്‍ണാടക. കഴിഞ്ഞ തവണ അഞ്ച് വര്‍ഷം തനിച്ച് ഭരിച്ച് ഭരണ കാലാവധി പൂര്‍ത്തിയാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസിന് ഇതുവരെയായിട്ടും പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനോ നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കാനോ സാധിക്കാത്തത് നേതൃത്വത്തിന്റെ വീഴ്ചയായി മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് മാണ്ഡ്യ. ഇവിടെ മത്സരിക്കണമെന്ന ആഗ്രഹം നടന്‍ അംബരീഷിന്റെ ഭാര്യ സുമലത തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. അംബരീഷിന്റെ ആരാധകരുടെ ആവശ്യമാണ് താന്‍ ഇവിടെ ജനവിധി തേടണമെന്നതും അതിന് തനിക്ക് അവസരം നല്‍കണമെന്നും സുമലത കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടു നല്‍കാനാകില്ലെന്ന് ജെ ഡി എസ് നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്. സുമലതക്ക് മറ്റൊരു സീറ്റ് നല്‍കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ സഖ്യം തകരുമെന്ന സ്ഥിതിയിലെത്തിയതോടെ സുമലതയെ സ്ഥാനാര്‍ഥിയാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഈയൊരു സാഹചര്യത്തിലാണ് അവര്‍ സ്വതന്ത്രയായി ജനവിധി തേടാന്‍ തീരുമാനിച്ചത്.

ചെറിയൊരു വിട്ടുവീഴ്ചക്ക് ഇരുപാര്‍ട്ടി നേതൃത്വങ്ങളും തയ്യാറായിരുന്നെങ്കില്‍ മാണ്ഡ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സങ്കീര്‍ണതകള്‍ ഉണ്ടാകുമായിരുന്നില്ല. സുമലത ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുമലതക്കൊപ്പം നിന്നുവെന്ന് ബോധ്യമായെന്നും പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച നേതാക്കളെ പുറത്താക്കണമെന്നും ലീഗല്‍ സെല്‍ ചെയര്‍മാന്‍ കെ പി സി സി അധ്യക്ഷന് അയച്ച കത്തില്‍ പറയുന്നു. വിമത നീക്കം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. മുന്‍ എം എല്‍ എമാരായ എന്‍ ചെലുവരയസ്വാമി, പി എം നരേന്ദ്ര സ്വാമി, രമേശ് ബന്ദിസിദ്ധ ഗൗഡ, കെ ബി ചന്ദ്രശേഖര്‍, ജി രവി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നതാണ് ആവശ്യം. മാണ്ഡ്യയില്‍ സുമലത ജയിച്ചാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനായിരിക്കുമെന്ന് ജെ ഡി എസ് നേതൃത്വം പറയുന്നു. ജെ ഡി എസ് സ്ഥാനാര്‍ഥിയായ നിഖിലിനോട് അകലം പാലിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ സുമലതയെ പിന്തുണച്ചിട്ടില്ലെന്നുമാണ് വിമത വിഭാഗം വാദിക്കുന്നത്. അത്താഴ വിരുന്നില്‍ പങ്കെടുത്താല്‍ അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുമോയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. മാണ്ഡ്യ മണ്ഡലത്തില്‍ പാര്‍ട്ടി തീരുമാനം മറികടന്ന് ബി ജെ പി പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചുവെന്നാണ് ആരോപണം. വിമതനീക്കം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ അപകടം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
വിമതരായ അഞ്ച് പ്രമുഖ നേതാക്കളെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ അത് കര്‍ണാടക കോണ്‍ഗ്രസ് ഘടകത്തിലും ഭരണത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതായിരിക്കില്ല. ഭരണത്തില്‍ പങ്കാളിയാകാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സര്‍ക്കാറുമായി മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇവര്‍ മറുകണ്ടം ചാടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രമേശ് ജാര്‍ക്കിഹോളി എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പിയിലേക്ക് പോകുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. വിമതരായ മറ്റു എം എല്‍ എമാരും രമേശിനൊപ്പം സ്ഥാനം രാജിവെക്കുകയാണെങ്കില്‍ അത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കും. മെയ് 19ന് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അത് വീണ്ടും സര്‍ക്കാറിന് തലവേദനയുണ്ടാക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തങ്ങള്‍ക്ക് തന്നെയായിരിക്കും മേധാവിത്വമെന്നാണ് ബി ജെ പി ആണയിട്ട് പ്രസ്താവിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്- ജെ ഡി എസ് കക്ഷികള്‍ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടതോടെ ബി ജെ പിയുടെ ഈ അവകാശവാദം പൊളിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. സംസ്ഥാന ഭരണം കൈയാളാന്‍ ബി ജെ പി നടത്തിയ തരംതാണ നീക്കങ്ങള്‍ക്ക് ജനം ഈ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് വിലയിരുത്തുന്നവരാണ് വലിയൊരു വിഭാഗം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഭിന്ന ധ്രുവങ്ങളിലായിരുന്ന ജെ ഡി എസും കോണ്‍ഗ്രസും ഒറ്റക്കെട്ടായത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ് സംസ്ഥാന ഭരണം നഷ്ടമായത്. എന്നാല്‍, അധികാരത്തിലെത്തിയത് മുതല്‍ ജെ ഡി എസ്- കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നസ്വരങ്ങള്‍ സര്‍ക്കാറിനെ അസ്വസ്ഥമാക്കുന്നുണ്ട്. മാണ്ഡ്യയില്‍ സുമലതയുടെ സ്ഥാനാര്‍ഥിത്വമാണ് സഖ്യത്തെ ഏറ്റവും ഒടുവില്‍ പിടിച്ചുലച്ചത്. മാണ്ഡ്യയില്‍ നിഖിലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ ആരോപണത്തെ സാധൂകരിക്കുന്ന വീഡിയോയും ഇതിനിടയില്‍ പുറത്തുവന്നു. നിഖില്‍ പരാജയപ്പെടുമെന്ന പ്രചാരണം കുമാരസ്വാമിയെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍ കയറിയിറങ്ങി പ്രാര്‍ഥനകളും വഴിപാടുകളുമായി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ കുമാരസ്വാമി.

Latest