Connect with us

Kerala

തൃശൂര്‍ കടങ്ങോട് മേഖലയില്‍ മണ്ണെടുപ്പ് തകൃതി; കുന്നിടിക്കുന്നത് ജിയോളജി വകുപ്പിന്റെ ഒത്താശയോടെ

Published

|

Last Updated

എരുമപ്പെട്ടി: എരുമപ്പെട്ടി കടങ്ങോട് മേഖലയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തുന്നതിന് വ്യാപകമായി അനുമതി നല്‍കിയ തൃശൂര്‍ സീനിയര്‍ ജിയോളജിസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് നാലാംകല്ലിലും പരിസ്ഥിതി ദുര്‍ഭല പ്രദേശമായ കടങ്ങോട് പഞ്ചായത്തിലെ മൈലാടും കുന്നിലുമാണ് പരാതികള്‍ പരിഗണിക്കാതെ തൃശൂര്‍ മൈനിങ്ങ് ആന്‍ഡ് ജിയോജി ഓഫീസില്‍ നിന്നും മണ്ണെടുപ്പിന് അനുമതി നല്‍കിയത്.

തലപ്പിള്ളി താലൂക്കിലെ കോട്ടപ്പുറം വില്ലേജിലുള്‍പ്പെട്ട മങ്ങാട് നാലാംകല്ലിലും കുന്നംകുളം താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലുള്‍പെട്ട മയിലാടും കുന്നിലും കെട്ടിട നിര്‍മ്മാണത്തിന്റെ മറവിലാണ് ജിയോളജി വകുപ്പ് മണ്ണെടുപ്പിന് അനുമതി നല്‍കിയിരുന്നത്. മങ്ങാട് നാലാംകല്ലില്‍ നടന്നിരുന്ന മണ്ണെടുപ്പ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോള്‍ കടങ്ങോട് മൈലാടും കുന്നില്‍ നടന്നിരുന്ന മണ്ണെടുപ്പ് പരാതികള്‍ ഉയര്‍ന്നതോടെ വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട്് നിര്‍ത്തി വെപ്പിക്കുകയായിരുന്നു.

മങ്ങാട് നാലാംകല്ലില്‍ കോട്ടപ്പുറം വില്ലേജിലെ സര്‍വ്വേ 271/2.5 നമ്പറിലുള്ള 3 സെന്റ് ഭൂമിയില്‍ നിന്നും 571 ക്യുബിക്ക് മണ്ണ് നീക്കം ചെയ്യാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അനുവദിച്ച അളവിന്റെ ഇരട്ടിയിലധികം മണ്ണെടുത്തതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. മണ്ണെടുത്ത് വില്‍പ്പന നടത്തുന്ന മാഫിയ സംഘത്തിന്റെ ഒത്താശയോടെ മാത്രം മണ്ണെടുപ്പിന് അനുമതി ലഭിക്കുമ്പോള്‍ നേരിട്ടെത്തുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ജിയോളജിസ്റ്റിന്റെ നടപടി വ്യാപക പ്രധിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

എരുമപ്പെട്ടി, കടങ്ങോട് വരവൂര്‍,വേലൂര്‍ പഞ്ചായത്തുകളിലായി നിരവധി അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങളും ചെങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. വരവൂര്‍ പഞ്ചായത്തിലെ തളി മേഖലയില്‍ മാത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ നിരവധിയാണ്. വേലൂര്‍ പഞ്ചായത്തിലെ ക്രഷര്‍ യൂണിറ്റില്‍ നിന്നും ഒഴുകിയെത്തുന്ന മാലിന്യം ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വന്‍കിടക്കാര്‍ക്ക് എതിരായതിനാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ല.