Connect with us

Kerala

ഗോബാക്ക് വിളി: ചെമ്പരിക്ക ഖാസിയുടെ പേരമക്കളെയടക്കം പുറത്താക്കി

Published

|

Last Updated

സിഎം അബ്ദുള്ള മൗലവി

കോഴിക്കോട്: ചെമ്പരിക്ക ഖാസിയുടെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ച് ഇ കെ വിഭാഗം സമസ്ത ഉപാധ്യക്ഷനെ ഗോബാക്ക് വിളിച്ച സംഭവത്തിൽ ഖാസിയുടെ പേരമക്കളെയടക്കം പത്ത് പേരെ സംഘടനയിൽ നിന്ന് പുറത്താക്കി.

പോഷക ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്നും സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയവരെ തത്്സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനാണ് കഴിഞ്ഞ ദിവസം ചേർന്ന ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറ യോഗം ബന്ധപ്പെട്ടവരോട് നിർദേശിച്ചിരിക്കുന്നത്. ചെമ്പരിക്ക ഖാസിയുടെ മകൾ ഹഫ്‌സയുടെ മക്കളായ റാശിദ് ഹുദവി, സലീം ദേളി, സാബിർ ദേളി എന്നിവരടക്കം പത്ത് പേർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് പത്തിനാണ് ഖാസിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ കെ സമസ്തയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മുതലക്കുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നത്. ഇതിനിടക്കാണ് കാസർകോട് നിന്നെത്തിയ ഏതാനും പേർ സമസ്തയുടെ ഉപാധ്യക്ഷനും കാസർകോട് ജില്ലയിലെ പ്രമുഖ സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയുമായ യു എം അബ്്്ദുർറഹ്്മാൻ മുസ്‌ലിയാരെ ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധം അവസാനിപ്പിക്കാൻ നേതാക്കൾ സ്റ്റേജിൽ നിന്നിടപെട്ട ശേഷമാണ് രംഗം ശാന്തമായത്. പ്രതിഷേധത്തിന് വിധേയനായ യു എം അബ്്്ദുർറഹ്്മാൻ മുസ്‌ലിയാർ ചെമ്പരിക്ക ഖാസി പ്രസിഡന്റായിരുന്ന സമയത്ത് കാസർകോട്ടെ ഇ കെ വിഭാഗം സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ ഖാസിയുടെ കുടുംബം പരാതിയുമായി രംഗത്തുണ്ടെന്നിരിക്കെ ഇ കെ വിഭാഗം സമസ്തയുടെ പുതിയ ഉപാധ്യക്ഷനായി നിയോഗിച്ചതിന്റെ കൂടി പ്രതിഷേധമായിരുന്നു മുതലക്കുളത്ത് നടന്നത്. ഖാസിയുടെ മരണം സംബന്ധിച്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ കാസർകോട്ടെ സമസ്തയുടെ നേതാവും ഖാസിയുടെ മരുമകനുമായ ത്വാഖ അഹ്്മദ് മൗലവിയെ പ്രസംഗിക്കാൻ അനുവദിക്കാത്തതും സംഘടനക്കുള്ളിൽ ചർച്ചക്കിടയാക്കിയിരുന്നു.

പ്രതിഷേധമുയർത്തിയവരുടെ കൂട്ടത്തിൽ താനില്ലെന്നും സി എം ഉസ്താദിന്റെ കുടുംബത്തിനെ വേട്ടയാടാൻ വേണ്ടി ആരോ എഴുതിക്കൊടുത്ത ലിസ്റ്റ് വെച്ചാണ് സമസ്ത നടപടിയെടുത്തതെന്നും സാബിർ ദേളി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സി എം ഉസ്താദിന്റെ കൊലയാളികളെ പിടികൂടുന്നതിന് വേണ്ടി ശബ്ദിക്കാതിരിക്കാനോ പ്രവർത്തിക്കാതിരിക്കാനോ ഞങ്ങൾക്ക് സാധ്യമല്ലല്ലോയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

വിവാദങ്ങളും പുറത്താക്കൽ നടപടികളും നിലനിൽക്കുന്നതിനിടെ നിലവിലെ ചെമ്പരിക്ക-മംഗളൂരു ഖാസിയും ചെമ്പരിക്ക സി എം അഹ്്മദ് മൗലവിയുടെ മരുമകനുമായ ത്വാഖ അഹ്്മദ് മൗലവിക്കെതിരെ വധഭീഷണിയുമായി ഒരു വിഭാഗം രംഗത്തെത്തി. സി എം ഉസ്താദിന്റെ ഗതി താങ്കൾക്കും വരുമെന്ന് ഒരാൾ നേരിട്ട് വന്ന് ഭീഷണിപ്പെടുത്തിയതായി ത്വാഖ അഹ്്മദ് മൗലവി സിറാജിനോട് പറഞ്ഞു. നിലവിൽ ഇ കെ വിഭാഗം കാസർകോട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമാണ് ത്വാഖ മൗലവി.

നീതികിട്ടുമെന്ന യാതൊരുറപ്പുമില്ലാത്തതിനാൽ വധഭീഷണി സംബന്ധിച്ച് പോലീസിൽ പരാതി കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിന് പരാതി കൊടുക്കണം, ഇതിനേക്കാൾ വലിയതിനെക്കുറിച്ച് പരാതിപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടായോ? അത് അങ്ങനെ സംഭവിച്ചതാണ്, ഇങ്ങനെ സംഭവിച്ചതാണെന്ന് പറഞ്ഞ് അവർ ഒഴിയും- ത്വാഖ അഹ്്മദ് മൗലവി പറഞ്ഞു.

2010 ഫെബ്രുവരി പതിനഞ്ചിനാണ് ചെമ്പരിക്ക ഖാസിയായിരുന്ന സി എം അഹ്്മദ് മൗലവിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാരോപിച്ച് ഖാസിയുടെ കുടുംബം രംഗത്ത് വന്നതിനെത്തുടർന്ന് ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചും ശേഷം സി ബി ഐയും അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് കാണിച്ച് 2017ൽ സി ബി ഐ അന്വേഷണം അവസാനിപ്പിച്ചു.

Latest