Connect with us

National

സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന പരാമര്‍ശം സാങ്കേതിക പിഴവ്; റഫാലില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന പരാമര്‍ശം സാങ്കേതിക പിഴവാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. കേസ് പുനപ്പരിശോധിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പിഴവുകള്‍ കേസിലെ വിധിയെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ഹരജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേസില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള കോടതി വിധിയില്‍ ഒട്ടേറെ പിശകുകളുണ്ടെന്ന് ഹരജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ ആരോപിച്ചിരുന്നു. റഫാല്‍ വിമാനത്തിന്റെ വില വിവരം സി എ ജിക്കു നല്‍കിയിട്ടുണ്ടെന്നും സി എ ജി അത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു നല്‍കിയതായും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പാര്‍ലിമെന്റില്‍ വച്ചിട്ടുണ്ടെന്നും കോടതി പറയുന്നുണ്ട്. എന്നാല്‍ പാര്‍ലിമെന്റില്‍ സി എ ജി റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നാണ് പി എ സി ചെയര്‍മാന്‍ മല്ലികാര്‍ജുന കാര്‍ഗെ പറഞ്ഞത്.

റഫാലില്‍ സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് ലഭിച്ച കോടതി രേഖകളില്‍ സി എ ജി റിപ്പോര്‍ട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധിരിപ്പിച്ചതാകാനാണ് സാധ്യതയെന്നും ഹരജിക്കാര്‍ വാദിക്കുന്നു.