Connect with us

National

ജഡ്ജിമാരുടെ നിയമന ശിപാര്‍ശയില്‍ ഉറച്ച് സുപ്രീം കോടതി കൊളീജിയം; കേന്ദ്ര ആവശ്യം തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാര്‍ശ പുനപ്പരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി കൊളീജിയം. സീനിയോറിറ്റിക്കല്ല, മികവിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വ്യക്തമാക്കിയ കൊളീജിയം നിയമന ശിപാര്‍ശയുടെ ഫയല്‍ വീണ്ടും കേന്ദ്ര സര്‍ക്കാറിന് അയച്ചു.

ഏപ്രില്‍ 12നാണ് രണ്ടു ജഡ്ജിമാരെയും സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നതിനുള്ള ശിപാര്‍ശ കൊളീജിയം കേന്ദ്രത്തിന് അയച്ചത്. എന്നാല്‍, സീനിയോറിറ്റി പരിഗണനയും പ്രാദേശിക പ്രാതിനിധ്യവും ആവശ്യപ്പെട്ടു ശിപാര്‍ശ കേന്ദ്രം തിരിച്ചയക്കുകയായിരുന്നു. രണ്ടാമത് നല്‍കിയ ശിപാര്‍ശയില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ബോംബെ ഹൈക്കോടതി ജഡ്ജി ബി ആര്‍ ഗവി എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ് എ ബോബ്ദെ, എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരുള്‍പ്പെട്ട കൊളീജിയത്തിന്റെതാണ് ശിപാര്‍ശ.