Connect with us

Kerala

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം:  പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷത്തിന് തീരുമാനം. ഇത് സംബന്ധിച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് നിര്‍ദേശം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്ന മുറക്ക് വകുപ്പ്തല നടപടികള്‍ തീരുമാനിക്കും.

ക്രൈംബ്രാഞ്ചിലെ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേട് നടന്നതായി പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തട്ടിപ്പില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ഇതിനാല്‍ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു ടിക്കറാം മീണയുടെ നിര്‍ദേശം.
ക്രമക്കേടില്‍ പോലീസ് അസോസിയേഷന്റെ ഇടപെടല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച പരാതി എന്നിവ പുതിയ അന്വേഷണ പരിധിയില്‍വരുമെന്നാണ് അറിയുന്നത്. പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി ജി പി നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശം പാലിക്കുന്നതില്‍ പോലീസിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.

പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പരാമര്‍ശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.