Connect with us

Gulf

ഇന്ത്യന്‍ പ്രവാസി യുവതലമുറയുടെ വിജയ ഗാഥയുമായി കോഫീ ടേബിള്‍ ബുക്ക്

Published

|

Last Updated

ദുബൈ: ഇന്ത്യയിലെയും മധ്യപൗരസ്ത്യ, ആഫ്രിക്കന്‍ മേഖലയിലെയും ഭാവി തലമുറ വാണിജ്യ നായകരുടെയും യുവ പ്രഫഷണലുകളുടെയും മുന്നേറ്റ ഗാഥകള്‍ അടയാളപ്പെടുത്തുന്ന ഗ്രെമാറ്റേഴ്‌സിന്റെ കോഫീ ടേബിള്‍ പുസ്തകമായ ദി ഇന്ത്യന്‍ സൂപ്പര്‍ 100 -വാള്യം 3, യു എ ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അവതരിപ്പിച്ചു.

37 മലയാളികള്‍ ഈ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അദീബ് അഹ്മദ്, ഷിഫ യൂസുഫലി, ഷാരൂണ്‍ ശംസുദ്ധീന്‍, ഗണേഷ് രവിപിള്ള, ജിയോണ്‍ ജോര്‍ജ്, ശഹീദ് ഹസന്‍, ജാബിര്‍ വഹാബ് എന്നിവര്‍ അവരില്‍ ചിലരാണ്. ജുമൈറയില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പ്രകാശനം ചെയ്തു. കോര്‍പറേറ്റ് പ്രതീകങ്ങളായ റിസ്വാന്‍ സാജന്‍, വാസു ഷ്റോഫ് തുടങ്ങിയവര്‍ അതിഥികളായി. പ്രസാധകരായ ബിജു നൈനാന്‍, ലിന്‍ഡഗ്രോനെവിക്ക് നൈനാന്‍ എന്നിവരെ പ്രകീര്‍ത്തിച്ചു. “”ഗ്രെമാറ്റേഴ്‌സിന്റെ ഈ ശ്രമം വിവിധ തലമുറ സംരംഭങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. 2014ല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു എ ഇ സന്ദര്‍ശിച്ച വേളയിലാണ് പുസ്തകത്തിന്റെ ആദ്യ വാള്യം പുറത്തിറക്കിയത്”” കോണ്‍സുല്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
വ്യാവസായ നേതാക്കളായ പരസ് ഷഹദാപുരി, രാജു മേനോന്‍, പീറ്റര്‍ ഫാറിംഗ്ട്ടണ്‍, ഡോ പ്രതീഷ സിംഗ് സംസാരിച്ചു. ആദ്യ തലമുറ വാണിജ്യ വ്യവസായ നേതാക്കളെ ആദരിച്ചു.

പുസ്തകത്തിന്റെ രണ്ടാം വാള്യത്തില്‍ 100 വനിതാ സംരംഭകരെ ഫീച്ചര്‍ ചെയ്തു. വാണിജ്യം, കയറ്റുമതി, ഊര്‍ജം എന്നിവയുടെ കേന്ദ്രസ്ഥാനത്തിന് പുറമെ കലകളും രൂപകല്പനകളും വിദ്യാഭ്യാസവും നിറഞ്ഞ ക്രീക്കിനു ചുറ്റും അവര്‍ എങ്ങിനെ സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്നുവെന്ന് അത് രേഖപ്പെടുത്തി. മുന്‍ സഹിഷ്ണുതാ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ആമുഖം എഴുതിയത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്നാം വാള്യത്തില്‍ യുവ സംരംഭകരുടെയും വരാനിരിക്കുന്ന തലമുറയിലെ സംരംഭകരുടെയും സാഹസിക തീരുമാനങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ മിക്കവരും യു എ ഇ യില്‍ ജനിച്ചുവളര്‍ന്നവരാണ്. മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ആമുഖം എഴുതിയിരിക്കുന്നത്. മേഖലയുടെ വികസനത്തിന് എന്‍ ആര്‍ ഐ വഹിച്ച പങ്ക് ഇതില്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.