Connect with us

Gulf

അംഗുല്‍മോ ട്യൂണയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: വിദേശ നിര്‍മിത ഉത്പന്നമായ ഒരു ട്യൂണ ബ്രാന്‍ഡിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദുബൈ നഗരസഭ. അംഗുല്‍മോ കമ്പനിയുടെ ടിന്‍ പാക്കിങ് ട്യൂണയെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നത്. ഇവ ഉപയോഗിക്കുന്നവര്‍ക്ക് കൃത്രിമ ഫൈബറിന്റെ അംശം ശരീരത്തില്‍ എത്തുമെന്നും ഇവ മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നുമായിരുന്നു വ്യാജ പ്രചാരണം.
ദുബൈ നഗരസഭാ അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വാര്‍ത്തകളെ നിരാകരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ഔദ്യോഗികമായുള്ളതല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.

നഗരസഭക്ക് കീഴിലുള്ള ഭക്ഷ്യ പരിശോധനാ വിഭാഗം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും വിപണനം നടത്തുന്നതുമായ ഭക്ഷ്യ വസ്തുക്കളെ പരിശോധനാ വിധേയമാക്കുന്നുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന യാതൊന്നും ഇവയില്‍ ഉള്‍പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിപണനത്തിന് അനുമതി നല്‍കുന്നതെന്നും നഗരസഭയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ദുബൈ നഗരസഭാ അധികൃതര്‍ യു എ ഇയില്‍ വിപണിയിലുള്ള വിവിധ കമ്പനികളുടെ 166 തരം ട്യൂണ പാക്കുകളുടെ സാമ്പിളുകള്‍ പരിശോധനാ വിധേയമാക്കിയിരുന്നു. ഇവയില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഈ ബ്രാന്‍ഡിലുള്ള ട്യൂണ ഫുഡ് സേഫ്റ്റി ഡിപാര്‍ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രാദേശിക മാര്‍ക്കറ്റുകളില്‍ വിപണനത്തിന് അനുമതിയില്ലെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.