Connect with us

Gulf

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍: ദുബൈ മര്‍കസ് പ്രഭാഷണം വെള്ളിയാഴ്ച

Published

|

Last Updated

ദുബൈ: ഇരുപത്തി മൂന്നാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ അടുത്ത വെള്ളിയാഴ്ച സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍, കര്‍ണാടക സ്റ്റേറ്റ് എസ് എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറശീദ് സഖാഫി കക്കിഞ്ച എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ ഊദ് മേത്ത റോഡില്‍ അല്‍ ജദ്ദാഫിലുള്ള അല്‍ വസ്ല്‍ ക്ലബ്ലിലാണ് പ്രഭാഷണം. മുന്‍ വര്‍ഷങ്ങളിലെ പോലെ ആയിരക്കണക്കിന് വിശ്വാസികള്‍ ഈ വര്‍ഷവും പ്രഭാഷണം ശ്രവിക്കാന്‍ എത്തിച്ചേരും.

ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബൈ ഗവണ്‍മെന്റ് കഴിഞ്ഞ 23 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.
പ്രമുഖ പണ്ഡിതനും കേരളത്തിലെ സുന്നീ നേതൃനിരയിലെ ശ്രദ്ധേയ പ്രഭാഷകനുമാണ് കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍. അധ്യാപനം, പ്രഭാഷണം, എഴുത്ത്, പ്രബോധനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
നിരവധി ശിഷ്യ സമ്പത്തുള്ള പണ്ഡിത പ്രതിഭ കൂടിയാണ് കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍. കേരളത്തിലും വിദേശത്തുമുള്ള പ്രമുഖരായ പല പ്രഭാഷകരും പണ്ഡിത പ്രമുഖരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിലുണ്ട്. പ്രഭാഷണ കലയിലെ അദ്ദേഹത്തിനുള്ള അഗാധമായ അവഗാഹം അനുവാചകരില്‍ പ്രത്യേകമായ അനുഭൂതിയുളവാക്കുന്നതാണ്.

കേരളത്തിലെയും കര്‍ണാടകയിലെയും സാംസ്‌കാരിക പ്രബോധന മേഖലകളില്‍ നിറ സാന്നിധ്യമാണ് ഡോ. അബ്ദുറഷീദ് സഖാഫി കക്കിഞ്ച. നിരവധി ഗ്രന്ധങ്ങളുടെ രചയിതാവും പ്രാസ്ഥാനിക നേതൃനിരയില്‍ അറിയപ്പെട്ട വ്യക്തിത്വവുമാണ് അദ്ദേഹം. കര്‍ണാടക കള്‍ചറല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അംഗവും കൂടിയാണ്.

പ്രഭാഷണം വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയകളിലും നേരിട്ടും ആളുകളെ ക്ഷണിച്ചും വിപുലമായ പ്രചാരണം നടക്കുന്നു. സ്ത്രീകള്‍ക്ക് പ്രഭാഷണം ശ്രവിക്കാന്‍ പ്രത്യേകസൗകര്യം ഏര്‍പെടുത്തുന്നുണ്ട്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേകം വാഹന സൗകര്യവും ഏര്‍പെടുത്തും.

ദുബൈ അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ് പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ മതപണ്ഡിതരും നേതാക്കളും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരും അതിഥികളായി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐ സി എഫ് ദുബൈ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, മര്‍കസ് സെക്രട്ടറി മുഹമ്മദ് പൂല്ലാളൂര്‍, സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സ്വാഗതസംഘം ചെയര്‍മാന്‍ ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഫസല്‍ മട്ടന്നൂര്‍, കെ സി എഫ് നാഷണല്‍ മീഡിയ പബ്ലിക്കേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ ഹാജി ബെല്ലാര, മര്‍കസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മര്‍കസ് മീഡിയ ഇന്‍ചാര്‍ജ് സലീം ആര്‍ ഇ സി, കെ സി എഫ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഹാജി മൂസ ബസാറ എന്നിവര്‍ പങ്കെടുത്തു.

Latest