Connect with us

Eranakulam

ജലഗതാഗതത്തിന് ഇനി ഇലക്ട്രിക് റോ റോയും

Published

|

Last Updated

കൊച്ചി: വൈദ്യുതി ഓട്ടോക്കും ഇലക്ട്രിക് ബസിനും പിറകെ വൈദ്യുതി റോ റോയുമെത്തുന്നു. ജലഗതാഗത മേഖലയിൽ വാഹന കടത്തിനായുള്ള റോൾ ഓൺ റോൾ ഓഫ് വെസലാണ് വൈദ്യുതി സംവിധാന പ്രവർത്തനവുമായി നീറ്റിലിറക്കുന്നത്. വൈക്കം തവണക്കടവ് കടത്ത് മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സർവീസ് നടത്തുക. മൂന്ന് കിലോ മീറ്റർ ദൈർഘ്യമാണിവിടെയുള്ളത്.

ജെട്ടികളിൽ വൈദ്യുതി ചാർജിംഗ് സംവിധാനമേർപ്പെടുത്തുന്നതോടെ കൂടുതൽ യാനങ്ങൾ വൈദ്യുതീകരിക്കാനും, സൗരോർജ സംവിധാനത്തിലാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ഇ റോ റോ വിജയകരമാണെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്കും, ചരക്കുകടത്ത് അടക്കമുള്ള യാന സംവിധാനത്തിലേക്കും പരിവർത്തനം ചെയ്യാനാണ് ആലോചന. ജല സ്രോതസുകളെ പരിസ്ഥിതി സൗഹൃദമാക്കാനും മലിനീകരണ മുക്തമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

നിർമാണ ചെലവിൽ നേരിയ വർധനയുണ്ടാകുമെങ്കിലും തുടർ പ്രവർത്തന ചെലവിലെ നേട്ടം ഇ റോ റോയുടെ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ജല യാനയാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വൈദ്യുതി റോ റോ നിർമാണ സർവീസ് നീക്കമെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്. കൊച്ചി സർവകലാശാല പുതിയ സംവിധാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഏഴ് മുതൽ ഒന്പത് കോടി രൂപയാണ് ഒരു റോ റോ വെസലിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Latest