Connect with us

Eranakulam

പരിഹാരമില്ലാതെ ഇ മാലിന്യ ഭീഷണി; 2019ൽ ശേഖരിച്ചത് 1319.40 ടൺ മാലിന്യം

Published

|

Last Updated

കൊച്ചി: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള സംസ്ഥാന സർക്കാറിന്റെ മാലിന്യ നിർമാർജന പ്രക്രിയയിൽ ഇ മാലിന്യ ശേഖരണവും സംസ്‌കരണവും വെല്ലുവിളിയാകുന്നു. ഓരോ വർഷവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിക്കുന്ന ഇ മാലിന്യത്തിന്റെ അളവിൽ വലിയ വർധനയാണുണ്ടാകുന്നത്. കഴിഞ്ഞ മാർച്ച് വരെയുള്ള ഒരു വർഷത്തെ ഇ വേസ്റ്റ് ശേഖരണം 1319.40 ടൺ ആണെന്നുള്ള ക്ലീൻകേരളാ കമ്പനിയുടെ കണക്കാണ് ആശങ്കയുണർത്തുന്നത്.2017-18ൽ 736 ടൺ ഇ വേസ്റ്റ് ശേഖരിച്ചിടത്താണ് 536 ടൺ അധിക മാലിന്യം ഇക്കുറി ശേഖരിച്ചത്. കഴിഞ്ഞ പ്രളയ കാലത്തുണ്ടായ ഇ മാലിന്യത്തിന്റെ അളവ് കൂടി ഇതിൽ ചേർത്താൽ ശേഖരിക്കപ്പെട്ട ഇ മാലിന്യത്തിന്റെ അളവ് ഇനിയും കൂടും.

ക്ലീൻ കേരളാ കമ്പനി ശേഖരിക്കാത്ത ഇ മാലിന്യത്തിന്റെ തോത് ഇപ്പോൾ ശേഖരിക്കപ്പെട്ടതിന്റെ എത്രയോ ഇരട്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തുണ്ടാകുന്ന ഇ മാലിന്യത്തിനു പുറമെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് കൂടിയാകുമ്പോൾ ഇ മാലിന്യം വലിയ ഭീഷണിയായി മാറുകയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. പുനരുപയോഗം, പുനഃചംക്രമണം എന്നീ മാർഗങ്ങളുപയോഗിച്ചാണ് ക്ലീൻ കേരളാ കമ്പനി ഏറ്റെടുത്ത ഇ മാലിന്യങ്ങൾ നീക്കുന്നത്. പഴയ ഉത്പന്നങ്ങളിൽ നിന്ന് ഉപയോഗിക്കാവുന്ന ഘടകങ്ങൾ വേർതിരിച്ചെടുത്ത് അറ്റകുറ്റപ്പണി നടത്തി മാറ്റിയ ശേഷം ബാക്കി ശാസ്ത്രീയമായി റീസൈക്കിൾ ചെയ്യുകയെന്ന പോംവഴിയാണ് ഇവർ സ്വീകരിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള മെർക്കുറി, ലെഡ്, കാഡ്മിയം, ബെറിലിയം തുടങ്ങിയ പദാർഥങ്ങൾ ആ ഉപകരണങ്ങൾ നശിപ്പിച്ചാലും അവശേഷിക്കുന്നവയാണെന്നും ഇവ കൂട്ടിയിട്ട് കത്തിക്കുകയും ജലാശയങ്ങളിൽ ഒഴുക്കുകയുമൊക്കെ ചെയ്താലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള പദാർഥങ്ങൾ ചെറിയ അളവിൽപോലും വളരെ ദോഷകരമായി നമ്മുടെ ശരീരത്തെയും പരിസ്ഥിതിയെയും ബാധിക്കും. ഇവ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ക്ലീൻ കേരളാ കമ്പനി അവലംബിക്കുന്നതെങ്കിലും പലപ്പോഴും ശാസ്ത്രീയമാർഗങ്ങൾ ചെലവ് കൂടിയതായതുകൊണ്ട് മണ്ണിൽ കുഴിച്ചുമൂടൽ, കത്തിക്കൽ തുടങ്ങിയ അശാസ്ത്രീയ മാർഗങ്ങളാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ മിക്കവാറും ഭാഗങ്ങൾ അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ടാൽ ക്രമേണ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടും. ഒരു സാധാരണ കമ്പ്യൂട്ടറിൽ മാത്രം 1,000ത്തോളം വിഷപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ലെഡ്, കാഡ്മിയം, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ ഇവയിൽപ്പെടും. ഇക്കൂട്ടത്തിൽ പലതും നാഡീവ്യൂഹം. വൃക്കകൾ, തലച്ചോർ എന്നിവക്ക് തകരാറുണ്ടാക്കും. ക്യാൻസറിന് കാരണമാകുന്നവ വേറെയുമുണ്ട്. ജലത്തിലൂടെയും മറ്റും ശരീരത്തിനകത്ത് ചെന്നാൽ ഗർഭസ്ഥ ശിശുക്കളെയും കുഞ്ഞുങ്ങളെയും ബാധിക്കുന്നവയും ഈ കൂട്ടത്തിലുണ്ട്. പ്രിന്റഡ് സർക്യൂട്ട് ബോർഡുകളിൽ കാണപ്പെടുന്ന, ലെഡ്(ഈയം) കേന്ദ്ര നാഡീവ്യവസ്ഥയെ അനാരോഗ്യകരമായി ബാധിക്കുന്നു.

പ്രളയത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പൊതുസ്ഥലങ്ങളിലും സംഭ രിക്കുന്ന ഇ മാലിന്യം ക്ലീൻ കേരളാ കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിച്ചിരുന്നു. കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്നതിന് വ്യാവസായിക പരിശീലന വകുപ്പും ഹരിത കേരളം മിഷനും പഞ്ചായത്ത് വകുപ്പുമായി സംയോജിച്ച് വിവിധ ഐ ടി ഐകളിൽ നിന്ന് നൈപുണ്യകർമ സേനയെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിയോഗിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് നിലച്ചു. ഇവ വീണ്ടും തുടരുകയും ഇ മാലിന്യങ്ങൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ക്ലീൻ കേരളാ കമ്പനി തന്നെ ഏറ്റെടുക്കുകയും വേണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest