Connect with us

Malappuram

'അമൃത' ഇനി ഷൊർണൂരിലേക്കില്ല; അവസാന ഓട്ടം ഇന്ന്

Published

|

Last Updated

പാലക്കാട്: ഇന്ന് അമൃത എക്‌സ്പ്രസിന്റെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചുള്ള അവസാന ഓട്ടം. നാളെ മുതൽ ഷൊർണൂരിൽ വരാതെ വയാലിംഗ് വഴി പഴനിയിലേക്ക് പോകും. ഒ രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം പാലക്കാട് ടൗൺ അമൃത എക്‌സ്പ്രസ് അനുവദിക്കുകയായിരുന്നു. പിന്നീടത് പാലക്കാട്ട് നിന്ന് പഴനി വഴി മധുര വരെ നീട്ടി. നിലവിൽ അമൃത ഷൊർണൂരിലെത്തി രണ്ടായി പോകുകയായിരുന്നു. ഒരു ഭാഗം രാജ്യറാണി എക്‌സ്പ്രസായി നിലമ്പൂരിലേക്കും, ഒരു ഭാഗം പാലക്കാട് വഴി പഴനി- മധുര വരെയും. ട്രെയിൻ രാവിലെ അഞ്ച് മണിക്കാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നത്.

എന്നാൽ നിലമ്പൂർ വരെ പോകുന്ന ട്രെയിൻ തിരുവനന്തപുരം നിലമ്പൂർ ആയി തുടരും. എന്നാൽ പഴനി, മധുര വരെ പോകുന്ന ട്രെയിൻ തിരുവനന്തപുരം മധുര വരെ തന്നെയാണെങ്കിലും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വരാതെയായിരിക്കും നാളെ മുതൽ പോവുക. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം ട്രെയിനുകൾ ഷൊർണൂരിലേക്കുള്ള പ്രവേശനം നിർത്തിയിരുന്നു. എന്നാൽ ആരും തന്നെ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ തയ്യാറായില്ല എന്നത് റെയിൽവേക്ക് കാര്യങ്ങൾ എളുപ്പമാക്കി.

ഷൊർണൂർ ജംഗ്ഷന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ഇത്തരത്തിലുള്ള ട്രെയിൻ മാറ്റൽ റെയിൽവേ വർഷങ്ങളായി തുടർന്നുവരുന്ന നയമാണ്. ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ തന്നെ ഇല്ലാതാക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ഷൊർണൂരിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുൾപ്പടെയുള്ളവർ അനങ്ങിയില്ല.

എന്നാൽ ഷൊർണൂരിന്റ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നും വരാൻ പോകുന്നത് കൂടുതൽ ട്രെയിനുകളാണെന്നുമാണ് റെയിൽവേയിൽ നിന്നുള്ള സൂചന. മെമു ട്രെയിനുകൾ കൂടുതലായി ഓടുമെന്നും അതോടെ ഷൊർണൂരിൽ ട്രെയിൻ വന്നാൽ സമയ പ്രശ്‌നം മാറുമെന്നുമാണ് അറിയുന്നത്. മെമു ട്രെയിനുകൾക്ക് രണ്ട് ഭാഗത്തേക്കും ഒരേ പോലെ പോകാനാകും. ഇതോടെ എൻജിൻ മാറ്റേണ്ട പ്രശ്‌നം വരുന്നില്ല. കേരളത്തിനകത്തുള്ള ട്രെയിൻ ഓട്ടങ്ങൾക്ക് കൂടുതലായി മെമു ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.