Connect with us

Ongoing News

ഇവിടെ താരം കെജ്‌രിവാൾ തന്നെ

Published

|

Last Updated

ന്യൂഡൽഹി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ പോരാട്ടച്ചൂട് പാരമ്യത്തിലാണ്. ഏഴ് മണ്ഡലങ്ങളിലും ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. എ എ പി തന്നെയാണ് പ്രചാരണത്തിൽ മുന്നിൽ. പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള റോഡ് ഷോയാണ് എ എ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. ഓരോ സ്വീകരണ കേന്ദ്രത്തിലും ബി ജെ പിക്കെതിരെയുള്ള ശക്തമായ പോർവിളികളാണ് കെജ്‌രിവാൾ നടത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരസ്യമായി ആക്രമിക്കുക കൂടി ചെയ്തതോടെ താരപരിവേഷം കൂടിയിരിക്കുകയാണ്.

ഇന്നലെ രാഘവ് ചന്ദ്ര മത്സരിക്കുന്ന ദക്ഷിണ ഡൽഹിയിലായിരുന്നു കെജ്‌രിവാളിന്റെ റോഡ് ഷോ. “തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രിയിൽ നിങ്ങളുടെ അടുത്ത് മറ്റു പാർട്ടിക്കാർ പണവുമായി വരും. നിങ്ങളെന്തു ചെയ്യും? അത് വാങ്ങിച്ചു വെക്കുക. നിരസിക്കരുത്. പക്ഷേ വോട്ട് എ എ പിയുടെ ചിഹ്നമായ ചൂലിനു തന്നെ ചെയ്യുക”- ഹർഷാരങ്ങൾക്കിടെ കെജ്‌രിവാൾ കത്തിക്കയറുന്നു. ഡൽഹിയിൽ വികസനം കൊണ്ടുവന്നത് എ എ പിയാണെന്നും മോദിയും കേന്ദ്രവും ഡൽഹിയിലെ വികസനത്തിന് എതിരു നിൽക്കുകയാണെന്നും കെജ്‌രിവാൾ എല്ലായിടത്തും വിശദീകരിക്കുന്നു. ഡൽഹിയുടെ വികസനത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ ശബ്ദിക്കാൻ എ എ പിക്ക് പാർലിമെന്റിൽ അംഗബലം വേണമെന്നും കെജ്‌രിവാൾ പറഞ്ഞുവെക്കുന്നു.

നല്ല ആൾക്കൂട്ടമുണ്ട് അദ്ദേഹത്തിന്റെ റോഡ് ഷോകളിൽ. നല്ല ആവേശവും. കോൺഗ്രസും ബി ജെ പിയും സമാനമായ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും കെജ്‌രിവാളിനെ പോലെ ആകർഷകമാക്കാൻ കഴിയുന്നില്ല. ബി ജെ പിയുടെ റോഡ് ഷോകൾക്കാകട്ടേ പ്രധാന നേതാക്കളൊന്നും ഇറങ്ങിയിട്ടുമില്ല. മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണ തിരക്കുകൾ കഴിഞ്ഞ് വരും ദിവസങ്ങളിൽ പ്രധാനമന്ത്രി അടക്കമുള്ളവർ ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിലെത്തും. അപ്പോൾ ഇളക്കി മറിക്കാമെന്നാണ് പ്രതീക്ഷ.
കോൺഗ്രിസ് പ്രചാരണം വളരെ വൈകിയാണ് ആരംഭിച്ചത്. എന്നിട്ടും മറ്റുള്ളവർക്കൊപ്പം മത്സരിച്ചെത്തിയിട്ടുണ്ട്. സ്ഥാനാർഥികളുടെ പര്യടനം വിവിധ മണ്ഡലങ്ങളിൽ പൂർത്തീകരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയടക്കമുള്ളവർ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങും. ആറാം ഘട്ടത്തിൽ 12നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്.

Latest