Connect with us

Malappuram

ജയിച്ചവരെ ഉൾക്കൊള്ളില്ല; മലപ്പുറത്തിന് വേണം കൂടുതല്‍ സീറ്റ്

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ല മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഉപരി പഠനത്തിനായി ഇത്തവണയും 13,150 ഓളം വിദ്യാര്‍ഥികള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. ഹയര്‍സെക്കന്‍ഡറി തലത്തില്‍ തുടര്‍ പഠനത്തിനാവിശ്യമായ സീറ്റില്ലാത്തതാണ് ഇതിന് കാരണം.

ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണം 65,185 ആണ്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ 28,755 സീറ്റും എയ്ഡഡ് തലത്തില്‍ 25,155 സീറ്റും അണ്‍ എയ്ഡഡ് തലത്തില്‍ 11,275 സീറ്റുമാണുള്ളത്. ഇത് കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനം സീറ്റ് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇത്രയും സീറ്റുണ്ടാകാന്‍ കാരണമായത്. ജില്ലയില്‍ ആകെ 80,052 പേര്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയതില്‍ 78,335 പേരാണ് വിജയിച്ചത്. ഹയര്‍സെക്കന്‍ഡറിയുടെ നിലവിലെ സീറ്റുകളുടെ കണക്ക് പ്രകാരം 13,150 പേരാണ് വിജയിച്ചതില്‍ പുറത്ത് നില്‍ക്കേണ്ടി വരിക. നിലവിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ മെറിറ്റിലുള്ള 44839 സീറ്റിലേക്കാണ് അലോട്ട്‌മെന്റ് മുഖാന്തിരം വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. ബാക്കി വരുന്ന 5496 എണ്ണം മാനേജ്‌മെന്റ് സീറ്റായും 3575 സീറ്റ് കമ്മ്യുണിറ്റി റിസര്‍വേഷനായും പോവും. അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റിലേക്ക് നേരിട്ടാണ് വിദ്യാര്‍ഥികളെ ചേര്‍ക്കുക. ഈ സീറ്റ് അലോട്ട്‌മെന്റ് പരിധിയില്‍ വരാത്ത കാര്യമാണ്.

ഇത് കൂടാതെ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളിലെ വിദ്യാര്‍ഥികള്‍ കൂടി അലോട്ട്‌മെന്റില്‍ അപേക്ഷ നല്‍കുന്നതോടെ ഈ സീറ്റുകള്‍ തികയാതെ വരുന്ന സാഹചര്യമുണ്ട്. 123 വിദ്യാലയങ്ങളിലായി 99.86 ശതമാനമാണ് സി ബി എസ് ഇയിലുള്ളത്. ഇതോടെ ഉപരി പഠനത്തിന് സാമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ട വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും ഉയരും. കഴിഞ്ഞവര്‍ഷം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തലത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്ണിന് ഓപണ്‍ പ്രൈവറ്റ് തലത്തില്‍ 23,752 പേരും ഓപണ്‍ റഗുലര്‍ തലത്തില്‍ 2000 പേരുമാണ് തുടര്‍പഠനം നടത്തിയത്. സയന്‍സും പ്രാക്ടിക്കല്‍ വിഷയവും അടങ്ങുന്നതിനാലാണ് ഓപ്പണ്‍ റഗുലര്‍ വിഭാഗം പ്രൈവറ്റ് തലത്തില്‍ നിന്ന് വേര്‍തിരിച്ചിരിക്കുന്നത്.

ജില്ലയില്‍ മഞ്ചേരി, മങ്കട, തിരൂരങ്ങാടി, കോട്ടക്കല്‍ എന്നിവിടങ്ങളിലായി നാല് ഓപ്പണ്‍ റഗുലര്‍ കേന്ദ്രങ്ങളാണുള്ളത്. ഓപണ്‍ പ്രൈവറ്റ് തലത്തില്‍ 144 കേന്ദ്രങ്ങളും ജില്ലയിലുണ്ട്. ഓപ്പണ്‍ വിദ്യാര്‍ഥികള്‍ അതാത് കേന്ദ്രങ്ങളിലാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. നിലവിലെ വിജയശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് അധികൃതര്‍ സൂചന നല്‍കി.