Connect with us

Kozhikode

അവൾ പല തവണ അച്ഛനോട് പറഞ്ഞു ഫുൾ എ പ്ലസ് കിട്ടിയെന്ന്; പക്ഷേ...

Published

|

Last Updated

കോഴിക്കോട്: എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾ ഏറെ സന്തോഷിക്കുമ്പോൾ കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ആര്യ രാജിന്റെ സന്തോഷം പങ്കിടാൻ പിതാവിന് കഴിയുന്നില്ല. അബോധാവസ്ഥയിലുള്ള പിതാവ് രാജനോട് ആര്യ പലവുരു എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിവരം പറഞ്ഞെങ്കിലും പ്രതികരണമില്ല. ദുരിതങ്ങളോട് പടവെട്ടി താൻ നേടിയ വിജയം പിതാവിനറിയുന്നില്ലല്ലോ എന്ന സങ്കടമാണ് ആര്യക്ക്.

കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിലാണ് കുടുംബത്തിന്റെ അത്താണിയായ രാജന് ആ ദുരന്തം സംഭവിച്ചത്. സുഹൃത്തിന്റെ മകളുടെ മനസ്സമതത്തിന് കോട്ടയത്ത് പോയപ്പോൾ വാഹനാപകടത്തിൽ പെടുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ രാജൻ അന്ന് മുതൽ അബോധാവസ്ഥയിലാണ്.

അതിസങ്കീർണ ശസ്ത്രക്രിയയെ തുടർന്ന് ഒരു മാസത്തോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ച അവിടെ കിടന്നെങ്കിലും വീട്ടിൽ വിശ്രമിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. പിതാവിന്റെ സമീപമായിരുന്നു ആര്യയുടെ പഠനം.

ആര്യയുടെ ശബ്ദം കേട്ടാൽ രാജന് ബോധം തെളിയുമെന്ന് ഡോക്‍ടർമാർ പറഞ്ഞതിന് ശേഷം രാത്രി അവൾ പിതാവിനെ കേൾപ്പിക്കാനെന്നോണം ഉറക്കെ വായിക്കും. പക്ഷേ പിതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിന് മുമ്പ് വരെ ആര്യയെ സകൂളിലെത്തിക്കുന്നതും തിരിച്ച് കൊണ്ട് വരുന്നതും രാജനായിരുന്നു. അപകടം സംഭവിച്ചതോടെ ആര്യക്ക് രണ്ട് മാസം പഠനം മുടങ്ങി. പക്ഷേ ട്യൂഷൻ പോലുമില്ലാതെ അവൾ അച്ഛന്റെ അരികിൽ നിന്ന് പഠിച്ച് മിന്നും വിജയം നേടി.

മലാപ്പറമ്പ് വനിതാ പോളിടെക്‌നിക്കിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന ആര്യയുടെ കുടുംബത്തിന് സമ്പാദ്യമൊന്നുമില്ല. ഗ്യാസ് പൈപ്പ് ലൈൻ ജോലിയെടുത്ത് രാജന് കിട്ടിയിരുന്ന വരുമാനത്തിൽ നിന്നായിരുന്നു ഈ കുടുംബം പുലർന്നിരുന്നത്. ഓപറേഷൻ കഴിഞ്ഞതിനെ തുടർന്ന് ഭാര്യ സബിതക്കും ജോലിക്ക് പോകാനാകില്ല. ദിവസവും ഫിസിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്‍ടർമാർ നിർദേശിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാൽ കഴിയുന്നില്ലെന്ന് ഭാര്യ സബിത സിറാജിനോട് പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്